അച്ചടക്കത്തോടെ നിക്ഷേപിക്കാനും ദീര്‍ഘകാല നേട്ടം കൈവരിക്കാനും ഉത്തമ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. നിരവധി നിക്ഷേപകരില്‍ നിന്ന് ശേഖരിക്കുന്ന പണം ഓഹരികള്‍, ബോണ്ടുകള്‍, കടപ്പത്രങ്ങള്‍ എന്നിവയില്‍ നിക്ഷേപിക്കുകയും അവയുടെ ലാഭം നിക്ഷേപകര്‍ക്ക് കൈമാറുകയുമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ചെയ്യുന്നത്. ഓരോ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. റെഗുലര്‍, ഡയറക്ട് എന്നീ വിഭാഗം മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നാം പരിശോധിക്കുന്നത്.
ഡയറക്ട് മ്യൂച്വല്‍ ഫണ്ടുകള്‍
അസറ്റ് മാനേജ്മെന്റ് കമ്പനിയില്‍ നിന്ന് നേരിട്ട് വാങ്ങുന്ന മ്യൂച്വല്‍ ഫണ്ടുകളെയാണ് ഡയറക്ട് മ്യൂച്വല്‍ ഫണ്ടുകള്‍ എന്ന് പറയുന്നത്. ഇന്റര്‍മീഡിയറി കമ്മീഷനുകള്‍ ഒഴിവാക്കാനും എക്സ്പന്‍സ് റേഷ്യോ കുറയ്ക്കാനും ഉയര്‍ന്ന നേട്ടം നല്‍കാനും ഡയറക്ട് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സാധിക്കും. ചെലവുകള്‍ കുറയ്ക്കാനും പരമാവധി നേട്ടമുണ്ടാക്കാനുമാണ് ശ്രമിക്കുന്നതെങ്കില്‍ ഡയറക്ട് മ്യൂച്വല്‍ ഫണ്ടുകളാണ് ഉത്തമം. എന്നാല്‍ സ്വന്തമായി മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കാനുള്ള കഴിവും അറിവുമുണ്ടായിരിക്കണം.
ഡയറക്ട് ഫണ്ടുകളുടെ ഗുണങ്ങള്‍
എക്സ്പന്‍സ് റേഷ്യോ അഥവാ ചെലവ് കുറവാണെന്നതാണ് ഡയറക്ട് ഫണ്ടുകളുടെ പ്രധാന നേട്ടം. പോര്‍ട്ട്ഫോളിയോ അഥവാ
നിക്ഷേപം നടത്തുന്ന ആസ്തികള്‍ ഏകദേശം റെഗുലര്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സമാനമായിരിക്കും. ദീര്‍ഘകാലത്തേക്കാണ് നിക്ഷേപമെങ്കില്‍ ഉയര്‍ന്ന നേട്ടം പ്രതീക്ഷിക്കാം. എഎംസി വെബ്സൈറ്റുകള്‍, നിക്ഷേപക ആപ്പുകള്‍ എന്നിവയിലൂടെയെല്ലാം ഡയറക്ട് ഫണ്ടുകളില്‍ നിക്ഷേപിക്കാം.
ബ്രോക്കര്‍ക്കോ അഡൈ്വസര്‍മാര്‍ക്കോ കമ്മീഷന്‍ നല്‍കേണ്ടാത്തതിനാല്‍ കൂടുതല്‍ സാമ്പത്തിക നേട്ടം ഇവയില്‍ നിന്ന് പ്രതീക്ഷിക്കാം. റെഗുലര്‍ ഫണ്ടുകളേക്കാള്‍ 0.5-1% വാര്‍ഷിക നേട്ടം ഡയറക്ട് ഫണ്ടുകള്‍ നല്‍കുന്നതായി കണ്ടുവരുന്നുണ്ട്. നേരിട്ട് കൈകാര്യം ചെയ്യുന്നതിനാല്‍ ചെലവുകളും നേട്ടവുമെല്ലാം സംബന്ധിച്ച് കൂടുതല്‍ സുതാര്യത നിക്ഷേപകന് ലഭിക്കും. അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ (എഎംസി) വെബ്സൈറ്റുകള്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഡയറക്ട് മ്യൂച്വല്‍ ഫണ്ടുകള്‍വാങ്ങാനാവും. ധനകാര്യ സേവന ആപ്ലിക്കേഷനുകള്‍ വഴിയും ഡയറക്ട് മ്യൂച്വല്‍ ഫണ്ടുകള്‍ സ്വന്തമാക്കാം.
വിപണിയെക്കുറിച്ച് ജ്ഞാനമുള്ള ഒരു അഡൈ്വസറുടെ അഭാവമാണ് ഈ ഫണ്ടുകളുടെ ഒരു പോരായ്മ. സ്വാഭാവികമായും നിക്ഷേപകന്‍ കൂടുതല്‍ ഗവേഷണവും അന്വേഷണവും ചെയ്യേണ്ടി വരും. സമയം നഷ്ടപ്പെടുത്തുന്ന ഒരു പ്രക്രിയയാണിത്. ഇന്ത്യയിലെ നിക്ഷേപകരില്‍ പലര്‍ക്കും ഡയറക്ട് ഫണ്ടുകളെക്കുറിച്ചോ അവയില്‍ എങ്ങനെ നിക്ഷേപിക്കാം എന്നതിനെക്കുറിച്ചോ അറിയില്ലെന്നതും ഒരു പോരായ്മയാണ്.
റെഗുലര്‍ മ്യൂച്വല്‍ ഫണ്ടുകള്‍
ബ്രോക്കര്‍മാരോ അഡൈ്വസര്‍മാരോ പോലെ ഇടനിലക്കാര്‍ വഴിയാണ് റെഗുലര്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങാനാവുക. അവര്‍ക്ക് കമ്മീഷന്‍ നല്‍കുന്നതോടെ ചെലവുകള്‍ ഉയരുകയും നിക്ഷേപകരുടെ ലാഭത്തില്‍ കുറവുണ്ടാവുകയും ചെയ്യും. വിദഗ്ധരുടെ സേവനം ആവശ്യമാണെങ്കില്‍ റെഗുലര്‍ മ്യൂച്വല്‍ ഫണ്ടുകളാണ് ഉത്തമം. ചെലവ് അല്‍പ്പം കൂടുമെന്നു മാത്രം.
റെഗുലര്‍ മ്യൂച്വല്‍ ഫണ്ടുകളുടെ നേട്ടങ്ങള്‍
ഫണ്ട് തെരഞ്ഞെടുക്കാനും നിക്ഷേപിക്കാനും നിരീക്ഷിക്കാനുമൊക്കെ ഒരു ബ്രോക്കറുടെയോ ധനകാര്യ ഉപദേശകന്റെയോ സേവനം ലഭിക്കുമെന്നതാണ് റെഗുലര്‍ മ്യൂച്വല്‍ ഫണ്ടുകളുടെ പ്രധാന സവിശേഷത. പിഴവുകള്‍ വരാനും നഷ്ടം വരാനുമുള്ള സാധ്യതകള്‍ ഇതിലൂടെ കുറയ്ക്കാനാകുന്നു. കെവൈസി, ഡോക്യുമെന്റേഷന്‍ തുടങ്ങി നടപടിക്രമങ്ങളെല്ലാം മ്യൂച്വല്‍ ഫണ്ട് ഉപദേശകര്‍ സരളമാക്കുന്നതിനാല്‍ തുടക്കക്കാരായ നിക്ഷേപകര്‍ക്കും എളുപ്പം നിക്ഷേപിക്കാനാകും. മാര്‍ക്കറ്റ് ട്രെന്‍ഡുകളെപ്പറ്റിയും മറ്റും നിക്ഷേപകന് സമയാസമയങ്ങളില്‍ വിവരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കും.
ബാങ്കുകള്‍, ബ്രോക്കര്‍മാര്‍, ധനകാര്യ ഉപദേശകര്‍, നിക്ഷേപക പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ കൂടിയെല്ലാം റെഗുലര്‍ പ്ലാനുകള്‍ വാങ്ങാനാവും. ഉയര്‍ന്ന എക്സ്പന്‍സ് റേഷ്യോ അഥവാ ചെലവുകളാണ് റെഗുലര്‍ മ്യൂച്വല്‍ ഫണ്ടുകളെ അല്‍പ്പം അനാകര്‍ഷകമാക്കുന്നത്. കമ്മീഷന്‍ തുക നേട്ടത്തില്‍ നിന്ന് കുറയും. ചിലപ്പോള്‍ നിക്ഷേപകന്റെ നേട്ടം പരിഗണിക്കാതെ സ്വന്തം നേട്ടം മാത്രം നോക്കി ഉയര്‍ന്ന കമ്മീഷനുള്ള ഫണ്ടുകള്‍ ധനകാര്യ ഉപദേശകര്‍ നിര്‍ദേശിച്ചേക്കാമെന്നതും ഒരു കോട്ടമാണ്.
കോംപൗണ്ടിംഗ്
മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് കിട്ടുന്ന നേട്ടങ്ങള്‍ വീണ്ടും ഇതേ ഫണ്ടിലേക്ക് തന്നെ നിക്ഷേപിക്കപ്പെടുന്നു. കോംപൗണ്ടിംഗ് എന്നാണ് ഇതിനെ വിളിക്കുന്നത്. 10-20 വര്‍ഷത്തിനപ്പുറം മികച്ച നേട്ടം ലഭിക്കാന്‍ കോംപൗണ്ടിംഗ് സഹായിക്കുന്നു. ഡയറക്ട് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് കമ്മീഷനും മറ്റും ഒഴിവായി ലഭിക്കുന്ന അധിക നേട്ടം കോംപൗണ്ടിംഗിലൂടെ ഫണ്ടിലേക്ക് തന്നെ നിക്ഷേപിക്കപ്പെടുന്നു. കാലക്രമത്തില്‍ മികച്ച നേട്ടം ഇതിലൂടെ ലഭിക്കുന്നു. റെഗുലര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ കമ്മീഷനും മറ്റും ഈടാക്കപ്പെടുന്നതിനാല്‍ കോംപൗണ്ടിഗിംലൂടെ ലഭിക്കുന്ന നേട്ടവും കുറവായിരിക്കും.