Business & Corporates

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാള്‍ ജിയോ വേള്‍ഡ് പ്ലാസ തുറന്നു

പ്ലാസ, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍, ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, ജിയോ വേള്‍ഡ് ഗാര്‍ഡന്‍ എന്നിവയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ജിയോ വേള്‍ഡ് പ്ലാസ ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഇന്ത്യയിലെ ഏറ്റവും മികച്ച, ആഗോള നിലവാരമുള്ള ഷോപ്പിംഗ്, വിനോദ അനുഭവങ്ങള്‍ക്കായുള്ള ഡെസ്റ്റിനേഷനായിരിക്കും ജിയോ വേള്‍ഡ് പ്ലാസ മാള്‍. മുംബൈയുടെ ഹൃദയഭാഗത്തുള്ള ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് പ്ലാസ സ്ഥിതിചെയ്യുന്നത്. പ്ലാസ, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍, ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, ജിയോ വേള്‍ഡ് ഗാര്‍ഡന്‍ എന്നിവയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

”മികച്ച ആഗോള ബ്രാന്‍ഡുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും മികച്ച ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വൈദഗ്ധ്യവും കരകൗശല നൈപുണ്യവും ഉയര്‍ത്തിക്കാട്ടുക എന്നതാണ് ജിയോ വേള്‍ഡ് പ്ലാസയുടെ ഞങ്ങളുടെ വിഭാവനം ലക്ഷ്യമിടുന്നത്; മികവ്, പുതുമ, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തല്‍ എന്നിവ എല്ലാ സംരംഭങ്ങളിലും ഞങ്ങളെ മുന്നോട്ട് നയിക്കുന്നു.’ലോഞ്ചിനെക്കുറിച്ച് സംസാരിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടര്‍ ഇഷ എം അംബാനി പറഞ്ഞു.

ചില്ലറ വില്‍പ്പന, വിനോദം, ഡൈനിംഗ് എന്നിവയ്ക്കുള്ള ഒരു പ്രത്യേക കേന്ദ്രമായാണ് പ്ലാസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 7,50,000 ചതുരശ്ര അടി വിസ്തൃതിയില്‍ നാല് ലെവലുകള്‍ വ്യാപിച്ചുകിടക്കുന്ന ഈ റീട്ടെയില്‍ മിക്സ് 66 ആഡംബര ബ്രാന്‍ഡുകളുടെ ശ്രദ്ധേയമായ പട്ടികയാണ്. ബാലന്‍സിയാഗ, ജോര്‍ജിയോ അര്‍മാനി കഫേ, പോട്ടറി ബാണ്‍ കിഡ്സ്, സാംസങ് എക്‌സ്പീരിയന്‍സ് സെന്റര്‍, ഇ എല്‍ & കഫേ, റിമോവ എന്നിവ ഇന്ത്യന്‍ വിപണിയിലെ ശ്രദ്ധേയമായ അന്താരാഷ്ട്ര പുതുമുഖങ്ങളാണ്. നിരവധി ലോകോത്തര ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ ആദ്യമായി ജിയോ വേള്‍ഡ് പ്ലാസയില്‍ സാന്നിധ്യമറിയിക്കും.

മനീഷ് മല്‍ഹോത്ര, അബു ജാനി-സന്ദീപ് ഖോസ്ല, രാഹുല്‍ മിശ്ര, ഫാല്‍ഗുനി, ഷെയ്ന്‍ പീക്കോക്ക്, റി ബൈ ഋതു കുമാര്‍ തുടങ്ങിയ പ്രമുഖ ഡിസൈനര്‍മാരുടെ സ്റ്റോറുകള്‍ കൂടി ഇവിടെ ഉണ്ടാകും.
താമരപ്പൂക്കളില്‍ നിന്നും പ്രകൃതിയുടെ മറ്റ് ഘടകങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്ലാസയുടെ രൂപഘടന, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സ്ഥാപനമായ ടിവിഎസും റിലയന്‍സ് ടീമും തമ്മിലുള്ള സഹകരണത്തിലൂടെ രൂപം കൊണ്ടതാണ്. ‘ജിയോ വേള്‍ഡ് പ്ലാസ ഒരു റീട്ടെയില്‍ ഡെസ്റ്റിനേഷന്‍ എന്നതിലുപരിയാണ്; അത് സൗന്ദര്യശാസ്ത്രം, സംസ്‌കാരം, വിനോദം എന്നിവയുടെ മൂര്‍ത്തീഭാവമാണ്,’ ഇഷ അംബാനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version