മുംബൈയിലെ ധാരാവി ചേരിയുടെ വികസനം ഏറ്റെടുത്ത അദാനി ഗ്രൂപ്പ്, പദ്ധതിക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഉദ്ദേശ്യ കമ്പനിയില്‍ (എസ്പിവി) ഇന്റേണല്‍ ഫണ്ടിംഗിലൂടെയും ഇക്വിറ്റിയുടെ വില്‍പ്പനയിലൂടെയും ഫണ്ട് എത്തിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പദ്ധതിക്കായി 21,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം.
2022 നവംബറിലാണ് 5,069 കോടി രൂപയുടെ പ്രാരംഭ ഇക്വിറ്റി നിക്ഷേപത്തോടെ ലോകത്തെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ പുനര്‍വികസനത്തിനുള്ള ബിഡ് അദാനി ഗ്രൂപ്പ് നേടിയിരുന്നത്.
പ്രമുഖ ആര്‍ക്കിടെക്റ്റ് ഹഫീസ് കോണ്‍ട്രാക്ടറെയും ഡിസൈന്‍ സ്ഥാപനമായ സസാകി, കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്യൂറോ ഹാപ്പോള്‍ഡ് എന്നീ കമ്പനികളെയുമാണ് സിറ്റി പ്ലാനര്‍മാരായി കമ്പനി നിയമിച്ചത്
ചേരിയുടെ കരട് വികസന പദ്ധതി അവതരിപ്പിക്കുന്നതിനായി മൂന്ന് കമ്പനികളെയാണ് ഈ ആഴ്ച അദാനി ഗ്രൂപ്പ് നിയമിച്ചത്. പ്രമുഖ ആര്‍ക്കിടെക്റ്റ് ഹഫീസ് കോണ്‍ട്രാക്ടറെയും ഡിസൈന്‍ സ്ഥാപനമായ സസാകി, കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്യൂറോ ഹാപ്പോള്‍ഡ് എന്നീ കമ്പനികളെയുമാണ് സിറ്റി പ്ലാനര്‍മാരായി കമ്പനി നിയമിച്ചത്. സിംഗപ്പൂര്‍ ഹൗസിംഗ് ഡെവലപ്‌മെന്റ് ബോര്‍ഡിലെ ചില വിദഗ്ധരും അദാനി ഗ്രൂപ്പിനെ സഹായിക്കും.
ഹഫീസ് കോണ്‍ട്രാക്ടര്‍ മുംബൈ നഗരത്തിലെ വിപ്ലവകരമായ സാമൂഹിക ഭവന, ചേരി പുനരധിവാസ അതോറിറ്റി പദ്ധതികള്‍ക്ക് പേരുകേട്ടയാളാണ്. സസാകി യുഎസില്‍ നിന്നുള്ള ഒരു ഇന്റര്‍ ഡിസിപ്ലിനറി ഡിസൈന്‍ സ്ഥാപനമാണ്, ബ്യൂറോ ഹാപ്പോള്‍ഡ് അതിന്റെ സര്‍ഗ്ഗാത്മകവും മൂല്യാധിഷ്ഠിതവുമായ ഇന്‍ഫ്രാസ്ട്രക്ചര്‍ സൊല്യൂഷനുകള്‍ക്ക് പേരുകേട്ട ഇംഗ്ലണ്ടില്‍ നിന്നുള്ള കണ്‍സള്‍ട്ടന്‍സിയാണ്.
ധാരാവിയിലെ അഭിവൃദ്ധി പ്രാപിക്കുന്ന ബിസിനസ്സുകളെയും സംരംഭകരെയും കണക്കിലെടുത്ത് മാനുഷിക സമീപനത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തതെന്ന് അദാനി ഗ്രൂപ്പുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശവാസികളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കുക മാത്രമല്ല അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുക കൂടിയാണ് ലക്ഷ്യം. ഇതിനായി ഒരു നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കും. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കിയാവും സ്ഥാപനം പ്രവര്‍ത്തിക്കുക.