Business & Corporates

അംബാനിയുടെ കമ്പനിയിലേക്ക് കൂടുതല്‍ പണമൊഴുക്കി അബുദാബി

ഇതോടെ ഈ സാമ്പത്തികവര്‍ഷത്തില്‍ മാത്രം 15,300 കോടി രൂപയാണ് മൂന്ന് റൗണ്ടുകളിലായി അംബാനിയുടെ കമ്പനി സമാഹരിച്ചിരിക്കുന്നത്

മുകേഷ് അംബാനിയിലുള്ള വിശ്വാസം അബുദാബിക്ക് കൂടുകയാണ്. അബുദാബി സര്‍ക്കാരിന് കീഴിലുള്ള അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ) 4,966.8 കോടി രൂപയാണ് റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്സില്‍ നിക്ഷേപിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സബ്സിഡിയറിയാണ് റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ്. കമ്പനിക്ക് 8.38 ലക്ഷം കോടി മൂല്യം കല്‍പ്പിച്ചാണ് നിക്ഷേപം. ഇതോടെ ഈ സാമ്പത്തികവര്‍ഷത്തില്‍ മാത്രം 15,300 കോടി രൂപയാണ് മൂന്ന് റൗണ്ടുകളിലായി അംബാനിയുടെ കമ്പനി സമാഹരിച്ചിരിക്കുന്നത്.

അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് നേരത്തെ തന്നെ റിലയന്‍സ് റീട്ടെയ്ലില്‍ 1.18 ശതമാനം ഓഹരിയുണ്ട്. പുതിയ നിക്ഷേപത്തിലൂടെ .59 ശതമാനം ഓഹരി ഉടമസ്ഥാവകാശം കൂടി എഡിഐഎക്ക് കൈവരും. സ്ഥാപനത്തിന്റെ 87 ശതമാനം ഉടമസ്ഥാവകാശം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനാണ്. അബുദാബി കമ്പനിക്ക് റിലയന്‍സിലുള്ള ദീര്‍ഘകാലവിശ്വാസം ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗത്തെ മാറ്റിമറിക്കുന്നതിന് തങ്ങള്‍ക്ക് ശക്തി പകരുമെന്ന് റിലയന്‍സ് റീട്ടെയ്ല്‍ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ഇഷ അംബാനി വ്യക്തമാക്കിയിരുന്നു.

കെകെആര്‍, ദി സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ജനറല്‍ അറ്റ്‌ലാന്റിക്ക്, സില്‍വര്‍ ലേക്ക് അബുദാബി ആസ്ഥാനമായുള്ള നിക്ഷേപക സ്ഥാപനമായ മുബദാല തുടങ്ങി നിരവധി വന്‍കിട കമ്പനികള്‍ റിലയന്‍സ് റീട്ടെയ്ലില്‍ പണം മുടക്കിയിട്ടുണ്ട്. ഏകദേശം 267 മില്യണ്‍ ഉപഭോക്താക്കള്‍ റിലയന്‍സ് റീട്ടെയ്ലിനുണ്ടെന്നാണ് കണക്ക്. ഓണ്‍ലൈന്‍ ഓഫ്ലൈന്‍ സ്റ്റോറുകളുടെ വന്‍ശൃംഖലയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version