News

ലോകത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവായി ഇന്ത്യ

2014-24 കാലഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്ന 2.5 ബില്യണ്‍ ഫോണുകളെന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചു

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവായി ഇന്ത്യ. ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്റെ (ഐസിഇഎ) കണക്കനുസരിച്ച് കഴിഞ്ഞ ഒരു ദശകത്തിനിടെ 2.45 ബില്യണ്‍ യൂണിറ്റ് മൊബൈല്‍ ഫോണുകളാണ് ഇന്ത്യ നിര്‍മ്മിച്ചത്. 2014-24 കാലഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്ന 2.5 ബില്യണ്‍ ഫോണുകളെന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചു.

രാജ്യത്ത് നിര്‍മിക്കുന്ന മൊബൈല്‍ ഫോണുകളുടെ 30% വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാവുന്ന നിലയിലേക്ക് ഇന്ത്യ വളര്‍ന്നിട്ടുണ്ട്. 2014-15 ല്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 1556 കോടി രൂപ മാത്രമായിരുന്നു. ഇന്ന് വ്യക്തിഗത ഉല്‍പ്പന്നമെന്ന നിലയില്‍ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ കയറ്റുമതി ഉല്‍പ്പന്നമായി മൊബൈല്‍ ഫോണുകള്‍ മാറിയിരിക്കുന്നു

2014 ല്‍ രാജ്യത്ത് ആവശ്യമായിരുന്ന മൊബൈല്‍ ഫോണുകളില്‍ 78% ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോള്‍ ആവശ്യമായ ഫോണുകളുടെ 97% ഇന്ത്യയില്‍ നിര്‍മിക്കുന്നു. 3% ഫോണുകള്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്.

2014-15 ല്‍ 18,900 കോടി രൂപയുടെ മൊബൈല്‍ ഫോണുകളാണ് ഇന്ത്യയില്‍ നിര്‍മിച്ചത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 4.1 ലക്ഷം കോടി രൂപ വിലമതിക്കുന്ന ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചു.

2030 ല്‍ 7 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്ക് വളരാനുള്ള ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ചയും കച്ചവടവും ആകും ഇന്ത്യക്ക് തുണയാകുകയെന്ന് ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മൊഹീന്ദ്രൂ പറഞ്ഞു. രണ്ട് വിഭാഗത്തിലും മൊബൈല്‍ഫോണ്‍ ഉല്‍പ്പാദനം നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version