News

ലോകം മൂന്നാം മഹായുദ്ധത്തിലേക്കോ? ഇസ്രയേലിനെ ആക്രമിക്കാനുറച്ച് ഇറാന്‍! ലോകസമ്പദ് വ്യവസ്ഥക്ക് ആഘാതമാകും

ഏതാനും നാളുകളായി രണ്ട് യുദ്ധങ്ങളുടെ നടുവിലാണ് ലോകം

ലോകത്തിന് മുന്നില്‍ ഒരു വലിയ യുദ്ധത്തിന്റെ ഭീഷണി ഉരുണ്ടുകൂടിയിരിക്കുകയാണ്. ഏതാനും നാളുകളായി രണ്ട് യുദ്ധങ്ങളുടെ നടുവിലാണ് ലോകം. ഒരു വശത്ത് മന്ദഗതിയില്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം. പ്രതീക്ഷക്ക് വിരുദ്ധമായി ഉക്രെയ്ന്‍ വിട്ട് ആ യുദ്ധം പുറത്തേക്കൊന്നും പടര്‍ന്നില്ല.

മറുവശത്ത് ഇസ്രയേല്‍-ഹമാസ് യുദ്ധം. മേഖല വിട്ട് പുറത്തേക്ക് വ്യാപിക്കുന്നതിന്റെ സൂചനകള്‍ പലവട്ടം കാട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലൂടെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇതുവരെ സാധിച്ചു. എന്നാലിപ്പോള്‍ ഗാസ കടന്ന് കൂടുതല്‍ മേച്ചില്‍പ്പുറങ്ങളിലേക്ക് ഈ യുദ്ധം വ്യാപിച്ചേക്കുമെന്ന ഭീഷണി എന്നത്തേക്കാളും ശക്തമായിരിക്കുന്നു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് യുഎസില്‍ നിന്നുള്ള വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകനെ ക്വോട്ട് ചെയ്താണ് റിപ്പോര്‍ട്ട്. ഇസ്രയേലിനെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ രാഷ്ട്രീയ അപകടസാധ്യതകള്‍ ഇറാന്‍ ഇപ്പോഴും പരിശോധിക്കുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ആക്രമണ പദ്ധതികള്‍ ഇറാന്റെ പരമോന്നത നേതാവിനു മുന്നിലാണ്, അദ്ദേഹം രാഷ്ട്രീയ അപകടസാധ്യത പരിശോധിക്കുന്നു,’ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകന്‍ പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 100 ലധികം ഡ്രോണുകളും ഡസന്‍ കണക്കിന് ക്രൂയിസ് മിസൈലുകളും ഇസ്രായേലിലെ സൈനിക ലക്ഷ്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈലുകളുമടക്കം ആക്രമണത്തിനായി ടെഹ്റാന്‍ സജദ്ജമാ ഉള്‍പ്പെടുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം ഇറാന്റെ ആക്രമണം നേരിടാന്‍ ഇസ്രായേലും സൈനികമായി സജ്ജമാണ്. ഹമാസിനെ തകര്‍ക്കാനുള്ള അന്തിമ പോരാട്ടത്തിന്റെ ഭാഗമായി റഫ നഗരം ആക്രമിക്കാനുള്ള തയാറെടുപ്പിലാണ് ഇസ്രയേല്‍. എന്നാല്‍ ഇറാനില്‍ നിന്നുള്ള ആക്രമണത്തെ ചെറുക്കാനുള്ള അടിയന്തര നടപടികളിലാണ് എതാനും ദിവസങ്ങളിലായി ജെറുസലേം. ഇറാന്റെ ഭാഗത്തു നിന്ന് വലിയൊരു ആക്രമണം നെതന്യാഹു ഭരണകൂടം പ്രതീക്ഷിക്കുന്നുണ്ട്.

ഇറാന്‍ ഇത്തരമൊരു കടന്നാക്രമണം നടത്തിയാല്‍ ഇസ്രയേലിന്റെ സഖ്യകക്ഷികളായ യഎസും മറ്റും കൈകെട്ടി നോക്കിയിരിക്കില്ല എന്നുറപ്പാണ്. ഫലത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് യുദ്ധം വ്യാപിക്കും

സിറിയയിലെ ഡമാസ്‌കസിലെ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാന്റെ ഉന്നത ജനറലിനെയും മറ്റ് ആറ് സൈനിക ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തതോടെയാണ് യുദ്ധം ലോകത്തെ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് ഡമാസ്‌കസിലെ ഇറാന്റെ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.

ഇറാന്‍ ഇത്തരമൊരു കടന്നാക്രമണം നടത്തിയാല്‍ ഇസ്രയേലിന്റെ സഖ്യകക്ഷികളായ യഎസും മറ്റും കൈകെട്ടി നോക്കിയിരിക്കില്ല എന്നുറപ്പാണ്. ഫലത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് യുദ്ധം വ്യാപിക്കും. പരീക്ഷണത്തിന്റെ ദിനങ്ങളാണ് ഇനി മുന്നിലുള്ളതെന്ന് സാരം.

പണപ്പെരുപ്പവും മറ്റും തീര്‍ത്ത ആഘാതത്തില്‍ നിന്ന് ലോകം പുറത്തു കടക്കാനുള്ള ലക്ഷണങ്ങള്‍ കാണിക്കവെയാണ് ഇരുട്ടടി പോലെ യുദ്ധവ്യാപന ആശങ്കകള്‍ വരുന്നത്. സ്വര്‍ണത്തിന്റെ ക്രൂഡിന്റെയും കുതിക്കുന്ന വിലകള്‍ വിപണിയിലെ അസ്ഥിരതയും ഭീതിയും പ്രതിഫലിപ്പിക്കുന്നതാണ്. അന്താരാഷ്ട്ര വിപണികളും ഇന്ത്യന്‍ വിപണിയും ഇപ്പോള്‍ത്തന്നെ നെഗറ്റീവായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. കോവിഡ് ഏല്‍പ്പിച്ച വലിയ ആഘാതത്തിനു ശേഷം വിശാലമായ ഒരു യുദ്ധം കൂടി താങ്ങാനുള്ള ആരോഗ്യം ലോകത്തിനുണ്ടോ? ഇല്ലെന്നു തന്നെയാണ് കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version