Business & Corporates

ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക: മുകേഷ് അംബാനി അതിസമ്പന്നരില്‍ മുന്നില്‍; എം.എ.യൂസഫലി ഏറ്റവും ധനികനായ മലയാളി

ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരന്‍മാരിലാണ് കേരളത്തില്‍ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉള്‍പ്പെട്ടത്

മുംബൈ/കൊച്ചി: ആസ്തികളില്‍ വന്‍ വര്‍ദ്ധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീര്‍ വയലില്‍ എന്നിവര്‍ ഏറ്റവും സമ്പന്നരായ മലയാളികളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരന്‍മാരിലാണ് കേരളത്തില്‍ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉള്‍പ്പെട്ടത്.

മുന്‍വര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 68 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 92 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഒന്നാമതെത്തി. ശിവ് നാടാര്‍ 29.3 ബില്യണ്‍ ഡോളര്‍, സാവിത്രി ജിന്‍ഡാല്‍ 24 ബില്യണ്‍ ഡോളര്‍, രാധാകൃഷ്ണന്‍ ദമാനി 23 ബില്യണ്‍ ഡോളര്‍ എന്നിവര്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചു.

പട്ടിക പ്രകാരം, ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫ് അലി 7.1 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഏറ്റവും ധനികനായ മലയാളിയാണ്. 5.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സമ്പന്നരില്‍ 35-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ആഗോള തലത്തില്‍ ലുലു ഗ്രൂപ്പ് ശൃംഖല വ്യാപിപ്പിക്കുന്നതിനിടെയാണ് 27-ാം സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം.

ഏറ്റവും ധനികരായ മലയാളികളില്‍ യൂസഫ് അലിക്ക് പിന്നില്‍ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസാണ്. 4.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ റാങ്കില്‍ 50-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷം 3.1 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 69-ാം സ്ഥാനത്തായിരുന്നു അദ്ദേഹം.

യുഎഇ ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ 3.7 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ പട്ടികയിലെ മലയാളികളില്‍ മൂന്നാമനും ഏറ്റവും സമ്പന്നനായ യുവ മലയാളിയുമായി. രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടര്‍ കൂടിയാണ് ഡോ. ഷംഷീര്‍.

വ്യക്തിഗത സമ്പന്നര്‍ക്കൊപ്പം 4.9 ബില്യണ്‍ ഡോളര്‍(റാങ്ക് 43) ആസ്തിയുമായി മുത്തൂറ്റ് കുടുംബവും മുന്‍നിരയിലുണ്ട്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 3.25 ബില്യണ്‍ ഡോളര്‍(റാങ്ക് 67), ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, 3.2 ബില്യണ്‍ ഡോളര്‍(റാങ്ക് 69), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി, 2.93 ബില്യണ്‍ ഡോളര്‍(റാങ്ക് 78) എന്നിവരാണ് ഫോബ്സിന്റെ ഇന്ത്യ സമ്പന്ന പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

മുന്‍ വര്‍ഷങ്ങളില്‍ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രനും, ദിവ്യ ഗോകുല്‍ നാഥും ഇക്കുറി പട്ടികയില്‍ നിന്ന് പുറത്തായി. പ്രതിസന്ധികളെ തുടര്‍ന്ന് ബൈജൂസിന്റെ മൂല്യത്തില്‍ വന്ന കുറവാണ് പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണം.

ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് ഇന്ത്യന്‍ സമ്പന്നരുടെ മൊത്തം ആസ്തിയിയായ 799 ബില്യണില്‍ വന്‍ കുതിപ്പുണ്ടായിട്ടില്ല. ഓഹരി വിപണിയില്‍ 14% വര്‍ദ്ധനവ് ഉണ്ടായെങ്കിലും രൂപയുടെ മൂല്യ തകര്‍ച്ച കാരണം സമ്പത്തില്‍ ഇത് പ്രതിഫലിച്ചില്ലെന്നും ഫോബ്സ് വിലയിരുത്തുന്നു. 8 ശതകോടീശ്വരന്മാര്‍ പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ 7 പേര്‍ പട്ടികയില്‍ തിരിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version