ആഗോളതലത്തില്‍ ശ്രദ്ധേയനായ മലയാളി സംരംഭകനും സമി സബിന്‍സ ഗ്രൂപ്പ് മേധാവിയുമായിരുന്ന ഡോ. മുഹമ്മദ് മജീദ് അന്തരിച്ചു. ആരോഗ്യ പ്രശ്‌നം കാരണം ആറുമാസത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായരംഗത്തെ അതികായനായിരുന്നു മുഹമ്മദ് മജീദ്.
ജനിച്ചതും വളര്‍ന്നതും കേരളത്തിലാണെങ്കിലും യുഎസും ബെംഗളൂരുവും കേന്ദ്രമാക്കിയായിരുന്നു സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫാര്‍മസിയില്‍ ബിരുദം നേടിയ ശേഷം 1975-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ മജീദ് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡ് യൂണിവേഴ്സിറ്റിയിലും (എം.എസ്), സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി ന്യൂയോര്‍ക്കിലും (പിഎച്ച്.ഡി) ഉന്നത ബിരുദങ്ങള്‍ നേടി. ഇന്‍ഡസ്ട്രിയല്‍ ഫാര്‍മസിയില്‍ സ്പെഷ്യലൈസ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പഠനം.
സമി സബിന്‍സയുടെ തുടക്കം
1988-ലാണ് മുഹമ്മദ് മജീദ് സമി സബിന്‍സ കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്നത്. നിലവില്‍, ന്യൂജേഴ്സി ആസ്ഥാനമായുള്ള ഈ സ്ഥാപനത്തില്‍ അനേകം പേര്‍ ജോലി ചെയ്യുന്നു. 1991-ലായിരുന്നു ബാംഗ്ലൂരിലേക്കുള്ള വരവ്. ബാംഗ്ലൂരില്‍ സെമി ലാബ്‌സ് ലിമിറ്റഡ് എന്ന പേരിലാണ് ഡോ. മജീദ് ഒരു ഗവേഷണ സ്ഥാപനം ആരംഭിച്ചത്. ഇവിടെ നിലവില്‍ 500-ലധികം പേര്‍ ജോലി ചെയ്യുന്നു.
ബേസിക് ഡ്രഗ്‌സ് മേഖലയില്‍ ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്ന് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ് ഡോ. മജീദിന് ലഭിച്ചു. ക്വാളിറ്റിയും ഇന്നൊവേഷനുമാണ് അവാര്‍ഡിന് കാരണമായ പ്രധാന ഘടകങ്ങള്‍. തന്റെ സംരംഭക പ്രവര്‍ത്തനത്തനങ്ങളുടെയും ഇന്നവേഷനുകളുടെയും ഫലമായി ഡോ. മജീദ് നിരവധി ഇന്ത്യന്‍ അമേരിക്കന്‍ ഗ്രൂപ്പുകളില്‍ നിന്ന് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
1997-ല്‍, സബിന്‍സ കോര്‍പ്പറേഷനെ ഇന്‍ക് മാഗസിന്‍ അമേരിക്കയിലെ അതിവേഗം വളരുന്ന 90-ാമത്തെ കമ്പനിയായി തിരഞ്ഞെടുത്തു
നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ അമേരിക്കന്‍സിന്റെ 1996-ലെ മികച്ച സംരംഭകനുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. 1997-ല്‍, സബിന്‍സ കോര്‍പ്പറേഷനെ ഇന്‍ക് മാഗസിന്‍ അമേരിക്കയിലെ അതിവേഗം വളരുന്ന 90-ാമത്തെ കമ്പനിയായി തിരഞ്ഞെടുത്തു. അതിവേഗം വളരുന്ന സാങ്കേതിക അധിഷ്ഠിത കമ്പനികളില്‍ (ന്യൂജേഴ്സി ഫാസ്റ്റ് 50) ന്യൂജേഴ്സിയില്‍ ഏഴാം സ്ഥാനവും സബിന്‍സ നേടി. മലയാളികള്‍ പൊതുവെ കൈവെക്കാത്ത ബിസിനസ് രംഗത്ത് സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ട് വിജയക്കൊടി പാറിച്ച സംരംഭകനാണ് ഡോ. മുഹമ്മദ് മജീദ്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലത്തും മികച്ച പിന്തുണ നല്‍കിയ മാനവ സ്‌നേഹി കൂടിയായിരുന്നു ഡോ. മുഹമ്മദ് മജീദ്.
The Profit is a multi-media business news outlet.