2023ലെ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 100 കമ്പനികളിലെ ഒരേ ഒരു ഇന്ത്യന്‍ ഫേം എന്ന നേട്ടം ടെക് ഭീമന്‍ ഇന്‍ഫോസിസിന് സ്വന്തം. ഈ ലിസ്റ്റില്‍ ഇടം നേടിയ ആദ്യത്തെ നാല് കമ്പനികള്‍ മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആള്‍ഫബെറ്റ്, മെറ്റ എന്നിവയാണ്.
1981ലാണ് നാരായണമൂര്‍ത്തിയും ഷിബുലാലും ക്രിസ് ഗോപാലകൃഷ്ണനുമുള്‍പ്പടെ ഏഴ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ ഇന്‍ഫോസിസ് സ്ഥാപിതമായത്. 2020ലെ വരുമാനകണക്കുകള്‍ അനുസരിച്ച് ഇന്‍ഫോസിസ് ആണ് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഐടി കമ്പനി. ലോകമെമ്പാടുമായി മൂന്ന് ലക്ഷത്തോളം പേരാണ് ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ തന്നെയാണ്.
ലോകത്തിലെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന കമ്പനികളെ തെരഞ്ഞെടുക്കാന്‍ ടൈം മാഗസിന്‍ 3 കാര്യങ്ങളാണ് മാനദണ്ഡമാക്കിയത്-ജോലിക്കാരുടെ സംതൃപ്തി, വരുമാന വളര്‍ച്ച, സുസ്ഥിരത. ജോലിക്കാരുടെ സംതൃപ്തിയുടെ കണക്ക് പരിശോധിക്കാനായി 58 രാജ്യങ്ങളില്‍ നിന്നായി 1.5 ലക്ഷം ജോലിക്കാരുടെ സര്‍വേയാണ് നടത്തിയത്. രണ്ടാമത്തെ ഘടകം വരുമാന വളര്‍ച്ചയാണ്. ഇതിനായി പരിഗണിക്കണമെങ്കില്‍, കമ്പനികള്‍, 2022ല്‍, 100 മില്ല്യണ്‍ ഡോളറിന്റെ വരുമാനം ഉണ്ടാക്കുകയും 2020 മുതല്‍ 2022 വരെ മികച്ച രീതിയിലുള്ള വളര്‍ച്ച രേഖപ്പെടുത്തുകയും വേണം.