News

ഇന്ത്യ തിളങ്ങുമെന്ന് ഇഷ അംബാനി, പക്ഷേ ഇക്കാര്യം ചെയ്യണം

‘സ്റ്റെം’ മേഖലയില്‍ കൂടുതല്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ കരിയര്‍ തെരഞ്ഞെടുക്കണമെന്നും അങ്ങനെയെങ്കില്‍ ഇന്ത്യയുടെ തിളക്കം കൂടുമെന്നും ഇഷ അംബാനി

ഇന്ത്യ തിളങ്ങണമെങ്കില്‍, കൂടുതല്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി മേഖലയിലേക്ക് പ്രവേശിക്കണമെന്നും സാങ്കേതികവിദ്യ ഒരു കരിയര്‍ എന്ന നിലയില്‍ തിരഞ്ഞെടുക്കണമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്റ്റര്‍ ഇഷ അംബാനി. ‘ഗേള്‍സ് ഇന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി (ഐസിടി) ഡേ ഇന്ത്യ 2024’-ന്റെ ഭാഗമായി സംസാരിക്കുമ്പോഴാണ് ഇഷ നയം വ്യക്തമാക്കിയത്.

നമ്മുടെ സ്വപ്നത്തിലെ ഇന്ത്യ കെട്ടിപ്പടുക്കണമെങ്കില്‍, സാങ്കേതികവിദ്യ നമ്മുടെ ചാലകശക്തിയായിരിക്കും. ടെക്‌നോളജി വ്യവസായം അനുദിനം വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നത് നമ്മെ ദുര്‍ബലപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ്അവര്‍ പറഞ്ഞു.

ഇന്ത്യയിലെ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവനക്കാരില്‍ 36 ശതമാനം സ്ത്രീകളാണെങ്കിലും, കോര്‍പ്പറേറ്റ് ശ്രേണിയിലേക്ക് നോക്കിയാല്‍ അവരുടെ സാന്നിധ്യം ഗണ്യമായി കുറയുന്നുവെന്ന് ഇഷ അംബാനി.

7 ശതമാനം സ്ത്രീകള്‍ മാത്രമാണ് എക്സിക്യൂട്ടീവ് തലത്തിലുള്ള സ്ഥാനങ്ങള്‍ വഹിക്കുന്നത്; 13 ശതമാനം മാത്രമാണ് ഡയറക്റ്റര്‍ തലങ്ങളിലിരിക്കുന്നത്; വെറും 17 ശതമാനം പേരാണ് മിഡ്-മാനേജീരിയല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നത്. നാസ്‌കോം ഡാറ്റ ഉദ്ധരിച്ച് ഇഷ അംബാനി പറഞ്ഞു, ഇന്ത്യയിലെ സാങ്കേതിക ജീവനക്കാരില്‍ 36 ശതമാനം മാത്രമാണ് സ്ത്രീകള്‍.

അതേസമയം ഇന്ത്യയിലെ മൊത്തം STEM (സയന്‍സ് ടെക്നോളജി എന്‍ജിനീയറിങ് മാത്തമാറ്റിക്സ്) ബിരുദധാരികളില്‍ 43 ശതമാനം സ്ത്രീകളാണ്. എന്നാല്‍ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരില്‍ 14 ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം, വേള്‍ഡ് ബാങ്ക് ഡാറ്റ ഉദ്ധരിച്ച് ഇഷ പറഞ്ഞു.

സ്ത്രീകള്‍ ജന്മനാ നേതാക്കളാണ്. അവരുടെ സഹജമായ നിസ്വാര്‍ത്ഥത അവരെ മികച്ച നേതാക്കളാക്കുന്നു. അതിനാല്‍, സ്ത്രീകള്‍ക്ക് നേതൃത്വപരമായ റോളുകള്‍ നിഷേധിക്കുന്നതിലൂടെ, അവരുടെ മുഴുവന്‍ കഴിവുകളും തിരിച്ചറിയാനുള്ള അവസരം നമ്മള്‍ സ്വയം നിഷേധിക്കുകയാണ്-ഇഷ അംബാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version