News

2035 ല്‍ ഭാരതീയ അന്തരിക്ഷ സ്റ്റേഷന്‍; 2040 ഓടെ ചന്ദ്രനില്‍ ഇന്ത്യക്കാരന്‍: ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ച് മോദി

ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ യോഗം മുന്‍നിശ്ചയിച്ച പ്രകാരം ദൗത്യം 2025-ല്‍ വിക്ഷേപിക്കുമെന്ന് സ്ഥിരീകരിച്ചു

2040 ഓടെ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കാനും 2035 ഓടെ ഇന്ത്യയുടെ ബഹിരാകാശ നിലയം സ്ഥാപിക്കാനും തയാറെടുക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗഗന്‍യാന്‍ ദൗത്യത്തിന്റെ തയ്യാറെടുപ്പും ഒക്ടോബര്‍ 21 ന് നിശ്ചയിച്ചിട്ടുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം ടെസ്റ്റ് വെഹിക്കിളിന്റെ ആദ്യ ഡെമോണ്‍സ്‌ട്രേഷന്‍ ഫ്ളൈറ്റും അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ യോഗം മുന്‍നിശ്ചയിച്ച പ്രകാരം ദൗത്യം 2025-ല്‍ വിക്ഷേപിക്കുമെന്ന് സ്ഥിരീകരിച്ചു. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളുടെ ഭാവിയെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുകയും വീനസ് ഓര്‍ബിറ്റര്‍ മിഷനും മാര്‍സ് ലാന്‍ഡറും ഉള്‍പ്പെടെയുള്ള ഗ്രഹാന്തര ദൗത്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ശാസ്ത്രജ്ഞരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.


ചന്ദ്രയാന്‍-3, ആദിത്യ എല്‍1 ദൗത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബഹിരാകാശ സംരംഭങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍, ‘ഭാരതീയ അന്തരിക്ഷ സ്റ്റേഷന്‍’ (ഇന്ത്യന്‍ ബഹിരാകാശ നിലയം) സ്ഥാപിക്കുന്നതുള്‍പ്പെടെ പുതിയതും അഭിലഷണീയവുമായ ലക്ഷ്യങ്ങള്‍ ഇന്ത്യ ഇപ്പോള്‍ ഉന്നം വയ്ക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. 2040 ഓടെ ചന്ദ്രനിലേക്ക് ആദ്യ ഇന്ത്യക്കാരനെ അയക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിളിന്റെ (എച്ച്എല്‍വിഎം3) മൂന്ന് ആളില്ലാ ദൗത്യങ്ങള്‍ ഉള്‍പ്പെടെ 20 ഓളം പ്രധാന പരീക്ഷണങ്ങള്‍ ഗഗന്‍യാനുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version