News

കാഷ്യൂവീറ്റ പൗഡര്‍, ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍ എന്നിവയുമായി മില്‍മ

യാത്രകളിലുള്‍പ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയില്‍ എത്തിക്കുന്നത്

കേരളത്തിന്റെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയ സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കുന്നത് ലക്ഷ്യം വച്ച് മില്‍മ അവതരിപ്പിക്കുന്ന ഉത്പന്നമാണ് മില്‍മ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍. യാത്രകളിലുള്‍പ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയില്‍ എത്തിക്കുന്നത്.

മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കൊപ്പം നൂതന ഗവേഷണത്തിന്റെ സഹായത്തോടെ തയ്യാറാക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളാണ് മില്‍മ മുന്നോട്ടുവയ്ക്കുന്നതെന്ന് ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. രാജ്യത്തെ ഭക്ഷ്യ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാനും മില്‍മ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക സാങ്കേതികവിദ്യയുടെ മികവില്‍ മനുഷ്യ കരസ്പര്‍ശമേല്‍ക്കാതെ തയ്യാറാക്കുന്ന ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍ ഒന്‍പത് മാസം വരെ കേടാകില്ല. 200 മില്ലി കുപ്പികളില്‍ ഇളനീരിന്റെ പോഷകമൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ തയ്യാറാക്കിയിട്ടുള്ള ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍ കുപ്പിക്ക് 40 രൂപയാണ് വില.

കേരളത്തിന്റെ ഏറ്റവും മികച്ച കാര്‍ഷിക ഉത്പന്നങ്ങളിലൊന്നായ കശുവണ്ടിയില്‍ നിന്നും അന്താരാഷ്ട്ര വിപണി ലക്ഷ്യം വച്ച് അവതരിപ്പിക്കുന്ന ഉത്പന്നമാണ് മില്‍മ കാഷ്യുവീറ്റ പൗഡര്‍. പാലി ചേര്‍ത്ത് ഉപയോഗിക്കാവുന്ന മികച്ച ഒരു ഹെല്‍ത്ത് ഡ്രിങ്ക് ആണ് മില്‍മ കാഷ്യുവീറ്റ.

അത്യാധുനിക പ്രോസസിങ് സാങ്കേതിക വിദ്യയുടെ മികവില്‍ ആറ് മാസം വരെ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാതെ തന്നെ കേടുകൂടാതെ ഇരിക്കുന്ന ഈ ഉത്പന്നം ചോക്ലേറ്റ്, പിസ്ത, വാനില എന്നീ ഫ്‌ളേവറുകളില്‍ 250 ഗ്രാം പാക്കറ്റുകളിലായാണ് ലഭിക്കുക. കാഷ്യുവീറ്റ ചോക്കലേറ്റിന്റെ ഒരു പാക്കറ്റിന് 460 രൂപയും പിസ്തയ്ക്ക് 325 രൂപയും വാനില ഫ്‌ളേവറിന് 260 രൂപയുമാണ് വില.

കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്റെ സഹകരണത്തോടെയാണ് മില്‍മ കാഷ്യുവീറ്റ പൗഡര്‍ ഇറക്കുന്നത്. മൈസുരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളൊജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ ഉത്പന്നം വികസിപ്പിച്ചെടുത്തത്. തിരുവനന്തപുരത്ത് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version