മെഴ്സിഡസ് ബെന്‍സ് ഇന്ത്യയുടെ വരുമാനം 2023 സാമ്പത്തിക വര്‍ഷത്തില്‍ 10,000 കോടി രൂപ പിന്നിട്ടു. ആഭ്യന്തര ആഡംബര കാര്‍ വിപണിയില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷവും ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ ഇരട്ടി ലാഭം കൈവരിക്കുകയും ചെയ്തു.
കോവിഡിന് മുമ്പുളള വര്‍ഷത്തെ മികവ് കാഴ്ച വെക്കാനായില്ലെങ്കിലും ശക്തമായ സാമ്പത്തിക പ്രകടനമാണ് ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാവ് കാഴ്ചവെച്ചത്. 2023 സാമ്പത്തിക വര്‍ഷത്തില്‍, ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാവിന്റെ ഇന്ത്യന്‍ യൂണിറ്റ് 16,497 വാഹനങ്ങളാണ് വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുപോയ 18,211 വാഹനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് കുറവുമാണ്.
2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 10,450 കോടി രൂപയാണ്. അറ്റലാഭം 91 ശതമാനം ഉയര്‍ന്ന് 884 കോടി രൂപയിലേക്കുമെത്തി. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇരട്ടയക്ക വളര്‍ച്ചയാണ് കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്.
1.5 കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ഹൈഎന്‍ഡ് മോഡലുകളുടെ വില്‍പ്പന വര്‍ധിച്ചതാണ് മെഴ്സിഡസ് ബെന്‍സിന്റെ ലാഭം ഉയരാന്‍ സഹായിച്ചത്. ആകെ വില്‍പ്പനയില്‍ ടോപ് എന്‍ഡ് വാഹനങ്ങളുടെ വിഹിതം 2019 ലെ 13 ശതമാനത്തില്‍ നിന്ന് 26 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.