ഹൗസ് ബോട്ട് ടൂറിസത്തിന് പുതിയ മാനം നല്‍കും എന്ന് പോര്‍ട്ട്, സഹകരണ മന്ത്രി വി എന്‍ വാസവന്‍. ”ഹൗസ് ബോട്ടുകള്‍ കേരള ടൂറിസത്തിന്റെ അവിഭാജ്യ ഘടകമാണ്. കായലിന്റെ മനോഹാരിതയും രുചികരമായ ഭക്ഷണവും കായല്‍ യാത്രയെ ഏറെ ആനന്ദകരമാക്കുന്നു. ഈ മേഖലയെ കൂടുതല്‍ മികവോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്” എന്ന് മന്ത്രി.
ആലപ്പുഴ കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന കോട്ടയം പോര്‍ട്ട് ഓഫ് രജിസ്ട്രിയില്‍ നിലവില്‍ 921 ഹൗസ് ബോട്ടുകളുണ്ട്. ഇവയില്‍ 400 മുതല്‍ 450 വരെയുള്ള ഹൗസ് ബോട്ടുകള്‍ ആണ് ആലപ്പുഴ കോട്ടയം ജില്ലകളില്‍ ഒരേ സമയത്ത് സര്‍വീസ് നടത്തുന്നതായി കണക്കാക്കുന്നത്.
വലിയൊരു വിഭാഗം ജനങ്ങള്‍ ഹൗസ് ബോട്ട് മേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഹൗസ് ബോട്ടുകളില്‍ ക്യാപ്റ്റന്‍, ഷെഫ്, സര്‍വീസ് സ്റ്റാഫ് എന്നിങ്ങനെ പല രീതിയിലുള്ള ജീവനക്കാരുണ്ട്. പാരമ്പരാഗത തൊഴിലെന്നോണം ജോലി ചെയ്യുന്നതിനാല്‍ തൊഴില്‍ സംബന്ധിച്ച പ്രൊഫഷണലിസത്തിന്റെ അഭാവം മേഖലയിലുണ്ട്.
ഈ മേഖലയിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് ജീവനക്കാര്‍ക്ക് ജോലിയുടെ സ്വഭാവത്തിന് അനുസരിച്ചുള്ള ട്രെയിനിങ്ങുകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും ട്രയിനിങ്ങിനൊപ്പം തന്നെ ജീവനക്കാരെ സുഗമമായി ഏകോപിപ്പിക്കുന്നതിന് ഇവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കുന്നതിനുള്ള നിര്‍ദേശവും മുന്നോട്ടു വച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്” എന്ന് മന്ത്രി തന്റെ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.