News

വനതാരയുമായി റിലയന്‍സ്, ലക്ഷ്യം സമഗ്ര മൃഗസംരക്ഷണം

ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, ലോകമെമ്പാടും ലക്ഷ്യം വെച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജീവകാരുണ്യ വിഭാഗമായ റിലയന്‍സ് ഫൗണ്ടേഷന്‍, വനതാര അഥവാ സ്റ്റാര്‍ ഓഫ് ദ ഫോറസ്റ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു.

ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, ലോകമെമ്പാടും ലക്ഷ്യം വെച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. പരിക്കേറ്റ, ഉപദ്രവിക്കപ്പെട്ട, ദുര്‍ബലരായ മൃഗങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് വനതാര പദ്ധതി. ഗുജറാത്തിലെ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി കോംപ്ലക്‌സിന്റെ പച്ചപ്പ് നിറഞ്ഞ ഗ്രീന്‍ ബെല്‍റ്റിനുള്ളില്‍ 3000 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന വനതാര, ലോകമെമ്പാടുമുള്ള സംരക്ഷണ ഭൂപ്രകൃതിയില്‍ പ്രത്യാശയുടെ വെളിച്ചമായി ഉയര്‍ന്നുവരാന്‍ ലക്ഷ്യമിടുകയാണെന്നാണ് റിലയന്‍സ് ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു.

റിലയന്‍സ് ഫൗണ്ടേഷനിലും റിലയന്‍സ് ഇന്‍ഡസ്ട്രീസിലും ഡയറക്റ്റര്‍ പദവി കൂടി വഹിക്കുന്ന മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് പ്രകൃതി സൗഹൃദ പദ്ധതിക്ക് തുടക്കമിടുന്നത്. ഹരിതോര്‍ജമുള്‍പ്പടെയുള്ള റിലയന്‍സിന്റെ പല ഇക്കോ പദ്ധതികള്‍ക്കും നേതൃത്വം നല്‍കുന്നത് അനന്ത് അംബാനിയാണ്.

അത്യാധുനിക ആരോഗ്യ സംരക്ഷണം, ആശുപത്രികള്‍, ഗവേഷണം, അക്കാദമിക് കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ മികച്ച ഇന്‍-ക്ലാസ് മൃഗസംരക്ഷണവും പരിചരണ രീതികളും സൃഷ്ടിക്കുന്നതില്‍ വന്‍താര ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍), വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്ല്യുഡബ്ല്യുഎഫ്) തുടങ്ങിയ പ്രശസ്ത അന്താരാഷ്ട്ര സര്‍വ്വകലാശാലകളുമായും സംഘടനകളുമായും വന്‍താര സഹകരിക്കും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍, ഈ പദ്ധതിയിലൂടെ 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് രക്ഷിച്ചതായി റിലയന്‍സ് വ്യക്തമാക്കുന്നു. കാണ്ടാമൃഗം, പുള്ളിപ്പുലി, മുതല എന്നിവയുടെ പുനരധിവാസത്തിലും മുന്‍കൈയെടുത്തു.

മെക്‌സിക്കോ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും വന്‍താരയുടെ പങ്കാളിത്തമുണ്ട്.

ഇന്ത്യയില്‍ വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സുപ്രധാനമായ ആവാസ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കാനും ജീവജാലങ്ങള്‍ക്കുള്ള അടിയന്തര ഭീഷണികളെ പ്രതിരോധിക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്- അനന്ത് അംബാനി പറഞ്ഞു.

വന്‍താരയില്‍ ആനകള്‍ക്കുള്ള ഒരു കേന്ദ്രവും സിംഹങ്ങളും കടുവകളും മുതലകളും പുള്ളിപ്പുലികളും ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ നിരവധി ജീവജാലങ്ങള്‍ക്കുള്ള കേന്ദ്രങ്ങളുമുണ്ട്. വന്‍താരയിലെ ആനകള്‍ക്കായുള്ള കേന്ദ്രത്തില്‍ അത്യാധുനിക ഷെല്‍ട്ടറുകള്‍, ജലചികിത്സാ കുളങ്ങള്‍, ജലാശയങ്ങള്‍, ആനകളിലെ സന്ധിവാതം ചികിത്സിക്കുന്നതിനായുള്ള സൗകര്യം എന്നിവയുണ്ട്. മൃഗഡോക്ടര്‍മാര്‍, ജീവശാസ്ത്രജ്ഞര്‍, പാത്തോളജിസ്റ്റുകള്‍, പോഷകാഹാര വിദഗ്ധര്‍, പ്രകൃതിശാസ്ത്രജ്ഞര്‍ എന്നിവരുള്‍പ്പെടെ 500-ലധികം ആളുകള്‍ ഉള്‍പ്പെടുന്ന സ്പെഷ്യലൈസ്ഡ് പരിശീലനം ലഭിച്ച ജീവനക്കാര്‍ 200-ലധികം ആനകളെ പരിചരിക്കുന്നു. ആനകള്‍ക്കായുള്ള 25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആശുപത്രി, ലോകത്തിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version