അദാനി ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത 10 കമ്പനികളുടെ സംയുക്ത വിപണി മൂലധനം ചൊവ്വാഴ്ച 11 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഓഹരികളില്‍ റാലിയെന്നു വിളിക്കാവുന്ന ഗംഭീര മുന്നേറ്റം ദൃശ്യമായി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:15 ഓടെ അദാനി ഗ്രൂപ്പിലെ 10 കമ്പനികളുടെ മൊത്തം വിപണി മൂലധനം ഏകദേശം 11.5 ലക്ഷം കോടി രൂപയിലെത്തി. വ്യാപാരം ആരംഭിച്ച് അധികം കഴിയുന്നതിന് മുമ്പ് തന്നെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനം വരെ ഉയര്‍ന്നു.
വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ നടന്ന അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ് വാദം കമ്പനിക്ക് അനുകൂലമായതാണ് റാലിക്ക് കാരണം. സ്റ്റോക്ക് മാര്‍ക്കറ്റ് ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ സെബി നടത്തിയ അന്വേഷണത്തില്‍ കോടതി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. കേസ് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്.
നിഫ്റ്റി50 യില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് അദാനി എന്റര്‍പ്രൈസസ് ഓഹരികളാണ്. 11.43 ശതമാനം ഉയര്‍ന്ന് 2,479.80 രൂപയിലെത്തി അദാനി എന്റര്‍പ്രൈസസ്. അദാനി പോര്‍ട്ട്സ് ഓഹരികള്‍ 6.59 ശതമാനം ഉയര്‍ന്ന് 848 രൂപയിലെത്തി.
അദാനി ടോട്ടല്‍ ഗ്യാസ് 19.99 ശതമാനം ഉയര്‍ന്ന് 644.30 രൂപയിലും അദാനി ട്രാന്‍സ്മിഷന്‍ 18 ശതമാനം ഉയര്‍ന്ന് 860.35 രൂപയിലും അദാനി പവര്‍ 14.22 ശതമാനം ഉയര്‍ന്ന് 453.70 രൂപയിലുമെത്തി. അദാനി ഗ്രീന്‍ എനര്‍ജി 14.44 ശതമാനവും അദാനി വില്‍മര്‍ 9.99 ശതമാനവും ഉയര്‍ന്നു.
എന്‍ഡിടിവി, അംബുജ സിമന്റ്, എസിസി എന്നിവയുള്‍പ്പെടെ മറ്റ് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലും ശക്തമായ റാലികള്‍ കണ്ടു. എന്‍ഡിടിവി 12 ശതമാനവും എസിസി 3.49 ശതമാനവും അംബുജ സിമന്റ്‌സ് 4.65 ശതമാനവും നേട്ടമുണ്ടാക്കി.