ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇനി പോളണ്ടിലും. റീട്ടെയ്ല്‍ ഭീമനായ ലുലു ഗ്രൂപ്പ് പോളണ്ടില്‍ സെന്‍ട്രല്‍ യൂറോപ്യന്‍ മേഖലക്ക് വേണ്ടി സോഴ്സിങ്ങ്, കയറ്റുമതി ഹബും സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. പോളണ്ട് ഗവണ്‍മെന്റ് സ്ഥാപനങ്ങളായ ഓള്‍സ്റ്റിന്‍ മസൂറി എയര്‍പോര്‍ട്ടുമായും, പോളിഷ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ട്രേഡ് ഏജന്‍സിയുമായും ലുലു ഗ്രൂപ്പ് 2 വ്യത്യസ്ത ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു.
ആദ്യത്തെ ധാരണാപത്രം അനുസരിച്ച് ലുലു ഓള്‍സ്റ്റിന്‍ മസൂറി എയര്‍പോര്‍ട്ടില്‍ അതിന്റെ ഏറ്റവും പുതിയ സൗകര്യം ഒരുക്കും. ആപ്പിളുകള്‍, ബെറീസ്, ചീസ് , മാംസം തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഉത്പാദിപ്പിക്കാനും പാക്ക് ചെയ്യാനും ഇന്ത്യ, മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുമുള്ള കയറ്റുമതിയാണ് ലക്ഷ്യം.
പോളിഷ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ട്രേഡ് ഏജന്‍സിയുമായുള്ള രണ്ടാമത്തെ ധാരണാപത്രമനുസരിച്ച് പോളണ്ടിലെ ലുലു ഗ്രൂപ്പിന് സുഗമമായ നിക്ഷേപവും പ്രവര്‍ത്തനങ്ങളും സാധ്യമാക്കും. ഇത് പോളണ്ടിലെ വിവിധ സ്ഥലങ്ങളിലെ പുതിയ ബിസിനസ്സ് അവസരങ്ങള്‍ക്കും വഴിയൊരുക്കും.
വാര്‍മിന്‍സ്‌കോ മസൂര്‍സ്‌കീ റീജിയണിന്റെ ഗവര്‍ണര്‍ ഗുസ്താവ് മാരെക് ബ്രെസീനും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും ചേര്‍ന്ന്, ഓള്‍സ്റ്റിന്‍ മസൂറി എയര്‍പോര്‍ട്ട് മാനേജ്മെന്റ് ബോര്‍ഡ് പ്രസിഡന്റ് വിക്ടര്‍ വോജ്സിക്ക്, പോളണ്ടിലെ യുഎഇ അംബാസിഡര്‍ മൊഹമ്മദ് അല്‍ ഹാര്‍ബി, യുഎഇയിലെ പോളണ്ട് അംബാസഡര്‍ ജാക്കൂബ് സ്ലാവിക്, പോളിഷ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ട്രേഡ് ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യ ചരക്ക് ഫ്ലാഗ് ഓഫ് ചെയ്തു. കര്‍ഷകരുടെ സഹകരണ സംഘങ്ങളുമായും മറ്റ് കാര്‍ഷിക ഉത്പാദകരുമായും ബി ടു ബി മീറ്റും സംഘടിപ്പിച്ചു.
ആദ്യഘട്ടത്തില്‍ 50 മില്യണ്‍ യൂറോ മൂല്യമുള്ള കയറ്റുമതിയാണ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. പുതിയ ഉത്പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഇത് ഗണ്യമായി വളരുകയും ചെയ്യും.
ഓള്‍സ്റ്റിന്‍ മസൂറി എയര്‍പോര്‍ട്ട് മാനേജ്മെന്റുമായി കരാര്‍ ഒപ്പു വെക്കുന്നതിലും, മിഡില്‍ ഈസ്റ്റിലെയും മറ്റ് മേഖലകളിലെയും ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് പോളിഷ് കാര്‍ഷിക ഉത്പന്നങ്ങള്‍ എത്തിക്കുന്നതിലും ആവേശഭരിതനാണെന്നും എം എ യൂസഫലി പറഞ്ഞു.