വിദേശ നിക്ഷേപകരുടെ ശക്തമായ കടന്നുവരവ് ഇന്ത്യന്‍ വിപണിയെ എക്കാലത്തെയും ഉയര്‍ന്ന തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ബുധനാഴ്ചത്തെ ട്രേഡിംഗ് സെഷനില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റിലധികം ഉയര്‍ന്ന് 63,956 എന്ന എക്കാലത്തെയും ഉയര്‍ന്ന തലത്തിലെത്തി. ഈ സാഹചര്യത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത്?
മ്യൂച്വല്‍ ഫണ്ടുകള്‍ വഴി ഇക്വിറ്റികളില്‍ നിക്ഷേപിക്കുന്നത് മികച്ച നിക്ഷേപക ഓപ്ഷനുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും, വിപണികള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയതോടെ പല മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരും ഇപ്പോള്‍ ലാഭമെടുക്കണോ അതോ ചിട്ടയായി നിക്ഷേപ പദ്ധതികള്‍ തുടരണോ എന്ന് ചിന്തയിലാണ്.
അപ്രതീക്ഷിതമായ ചെലവുകള്‍ക്ക് പണം ആവശ്യമാണെങ്കില്‍, മ്യൂച്വല്‍ ഫണ്ടുകള്‍ ക്ലോസ് ചെയ്ത് പണം തിരികെയെടുക്കുക എന്നത് മാത്രമാണ് മാര്‍ഗം. പക്ഷേ വിപണിയെ കുറിച്ച് വേവലാതിപ്പെടുന്നതിനാലാണ് ഫണ്ടുകള്‍ വില്‍ക്കുന്നതെങ്കില്‍ അക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം വേണമെന്ന് പറയുകയാണ് മണി മന്ത്രയുടെ സ്ഥാപകന്‍ വിരാല്‍ ഭട്ട്.
പല നിക്ഷേപകരും ദീര്‍ഘകാല നിക്ഷേപങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ലെന്നും പ്രൊഫഷണലുകളുടെ ഉപദേശം തേടുന്നില്ലെന്നും വിരാല്‍ പറയുന്നു. രണ്ടു കാര്യങ്ങളാണ് നിക്ഷേപകരെ അദ്ദേഹം ഉപദേശിക്കുന്നത്. നിക്ഷേപത്തിന്റെ അപകടസാധ്യതകള്‍ മനസിലാക്കാന്‍ സാമ്പത്തിക ഉപദേഷ്ടാവിന് സാധിക്കും. വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു പ്ലാന്‍ സൃഷ്ടിക്കുന്നതില്‍ സഹായിക്കാനും കഴിയുമെന്ന് അദ്ദേഹം പറയുന്നു.
വിപണിയുടെ ചരിത്രം പരിശോധിച്ചാല്‍ നല്ല ഫണ്ടുകള്‍ ആകര്‍ഷകമായ മുന്‍കാല പ്രകടനമാണ് നടത്തുന്നത്. ഏതൊരു മ്യൂച്വല്‍ ഫണ്ടും അതിന്റെ അപകടസാധ്യത അഥവാ റിസ്‌ക് ഫാക്ടര്‍ ചൂണ്ടിക്കാട്ടാറുണ്ട്. മുന്‍കാല പ്രകടനം ഭാവിയിലെ പ്രകടനത്തിന് ഗ്യാരണ്ടിയല്ലെന്ന് എല്ലാവരും പറയും. എന്നിരുന്നാലും, ഏത് വിപണി സാഹചര്യങ്ങളിലും നല്ല ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി കാണാനാവും. കുറഞ്ഞ പക്ഷം ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടെന്ന് ഭട്ട് പറയുന്നു.
ഫണ്ട് മാനേജരുടെ വിവേചനാധികാരത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു ഫണ്ടിനേക്കാള്‍ നിയമങ്ങള്‍ പ്രോസസുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ഫണ്ട് തിരഞ്ഞെടുക്കുക എന്നാണ് അദ്ദേഹം ഉപദേശിക്കുന്നത്.
മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയെന്നതാണ്. ഇക്വിറ്റി ഫണ്ടുകളുടെയും ഡെറ്റ് ഫണ്ടുകളുടെയും ശരിയായ മിശ്രിതമുള്ള ഒരു മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കേണ്ടതുണ്ട്.
സിഇഒമാര്‍, സിഐഒമാര്‍, ഫണ്ട് മാനേജര്‍മാര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി മാറുന്ന ഫണ്ടുകള്‍ നിക്ഷേപകര്‍ ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
