‘അങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടുകണ്ണീര്‍’
വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത വായിച്ച് കണ്ണ് നിറയാത്ത മലയാളികള്‍ ഉണ്ടാവില്ല. അത്രയേറെ ബന്ധമുണ്ട് മലയാളികള്‍ക്ക് മാമ്പഴവുമായി. പഴങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം ഏഷ്യന്‍ രാജ്യങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്. ഏറ്റവും പ്രസിദ്ധമായ മാമ്പഴം കിങ്ങ് അല്‍ഫോണ്‍സോയാണ്. മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ തന്നെ ദേശീയ ഫലമാണ്, നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ മാമ്പഴം.
ഏകദേശം 5,000 വര്‍ഷത്തിനു മുമ്പാണ് മാമ്പഴം ആദ്യമായി ഇന്ത്യയില്‍ കൃഷി ചെയ്തത്. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നപ്പോള്‍ സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല അവരെ ആകര്‍ഷിച്ചതും അവര്‍ സ്വന്തമാക്കിയതും. മാമ്പഴവും അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയിരുന്നു. ‘മാങ്കോ’ എന്ന വാക്ക് ഉത്ഭവിച്ചതുതന്നെ പോര്‍ച്ചുഗീസ് പദം ‘മാങ്ങ’യില്‍ (mangga) നിന്നാണ്. പോര്‍ച്ചുഗീസുകാര്‍ക്ക് ഇത് കിട്ടിയതാകട്ടെ നമ്മുടെ സ്വന്തം കേരളത്തില്‍ നിന്നും.
ലോകത്തെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി രാജ്യമാണ് ഇന്ത്യ. ലോകത്തെ മാങ്ങ ഉല്‍പ്പാദനത്തിന്റെ 45% ഇന്ത്യയിലാണ്. 2021-22 കാലഘട്ടത്തില്‍ 39 രാജ്യങ്ങളിലേക്ക് മാമ്പഴം കയറ്റുമതി ചെയ്യാന്‍ ഇന്ത്യക്കു കഴിഞ്ഞു. ഇതില്‍ത്തന്നെ 46% കയറ്റുമതി നടന്നിരിക്കുന്നത് യുഎഇയിലേക്കാണ്. കോവിഡ് മഹാമാരി വന്നതും ആഗോള വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും കയറ്റുമതിയെ ബാധിച്ചിരുന്നു. യുകെ, ഖത്തര്‍, ഒമാന്‍, കാനഡ, ബഹ്‌റൈന്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, നേപ്പാള്‍, കുവൈത്ത് എന്നീ രാജ്യങ്ങളും നമ്മുടെ കയറ്റുമതി പട്ടികയിലെ പ്രധാനികളാണ്. മാങ്ങയുടെ കയറ്റുമതി പ്രധാനമായും മൂന്ന് തരത്തിലാണ്. പച്ച മാങ്ങ, മാങ്കോ സ്ലൈസ്, മാങ്കോ പള്‍പ്പ് എന്നിങ്ങനെ.
ഇന്ത്യ കയറ്റിയയയ്ക്കുന്ന മാമ്പഴത്തില്‍ നിന്ന് 153.64 മെട്രിക്ക് ടണ്‍ ജര്‍മനിയിലേക്കും 151.41 മെട്രിക് ടണ്‍ ഭൂട്ടാനിലേക്കുമാണ് പോകുന്നത്. 81.67 മെട്രിക്് ടണ്‍ മാമ്പഴം ഇന്ത്യ മാലദ്വീപിലേക്ക് കയറ്റുമതി ചെയ്യുന്നു. ഫ്രാന്‍സിലേക്ക് 75.29, ന്യൂസിലന്‍ഡിലേക്ക് 57.91, ഇറ്റലിയിലേക്ക് 51.93, ജപ്പാനിലേക്ക് 49.33, നെതര്‍ലന്‍ഡ്‌സിലേക്ക് 47.26 മെട്രിക്ക് ടണ്‍ മാമ്പഴവുമാണ് ഭാരതം കയറ്റി അയക്കുന്നത്.
അയര്‍ലന്‍ഡ്, മലേഷ്യ, ഓസ്‌ട്രേലിയ, ഹോങ്കോങ്ങ്, സ്വീഡന്‍, ബെല്‍ജിയം, നോര്‍വേ, യുഎസ്, അഫ്ഗാനിസ്ഥാന്‍, തായ്‌ലന്‍ഡ്, ദക്ഷിണ കൊറിയ, റഷ്യ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, പോളണ്ട്, സൗത്ത് ആഫ്രിക്ക, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, തുര്‍ക്കി, ബ്രൂണെയ്, തിമോര്‍ലെസ്‌റ്റെ എന്നീ രാജ്യങ്ങളും ഇന്ത്യയിലുല്‍പ്പാദിപ്പിക്കുന്ന മാമ്പഴം വാങ്ങുന്നവരാണ്.
കേരളത്തിന് പുറമെ മാമ്പഴം വിളയിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ ആന്ധ്രാ പ്രദേശ്, ഉത്തര്‍ പ്രദേശ്, കര്‍ണാടകം, ബിഹാര്‍, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയവയാണ്. അല്‍ഫോണ്‍സോ, കേസര്‍, ടോടാപൂരി, ബംഗനപ്പള്ളി എന്നീ ഇനങ്ങളാണ് ഇന്ത്യയില്‍ പ്രധാനമായും കൃഷി ചെയ്തു വരുന്നത്.
Thara Kurumathur is a journalist at The Profit