Stock Market

കരടിപ്പേടിയില്‍ ഒല ഐപിഒയും; വിപണിയില്‍ തണുത്ത പ്രതികരണം; ഗ്രേ മാര്‍ക്കറ്റ് പ്രീമിയം വീണു

റീട്ടെയ്ല്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മാത്രമാണ് അല്‍പം ആവേശം പ്രകടമാവുന്നത്. റീട്ടെയ്ലുകാര്‍ക്കായി മാറ്റിവെച്ച ഓഹരികള്‍ 2.83 ഇരട്ടി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിട്ടുണ്ട്

ഏറെ പ്രതീക്ഷയോടെ എത്തിയ ഒല ഐപിഒയ്ക്ക് രണ്ടാം ദിവസവും വിപണിയില്‍ നിന്ന് തണുത്ത പ്രതികരണം. വെള്ളിയാഴ്ച ഓപ്പണായ ഐപിഒയ്ക്ക് ആദ്യ ദിവസം 35% സബ്സ്‌ക്രിപ്ഷന്‍ മാത്രമാണ് ലഭിച്ചിരുന്നത്. രണ്ടാം ദിവസമെത്തിയിട്ടും മ്യൂച്വല്‍ ഫണ്ടുകളടക്കം സ്ഥാപന നിക്ഷേപകര്‍ ഒല ഇലക്ട്രിക് മൊബിലിറ്റി ഐപിഒയില്‍ നിന്ന് അകലം പാലിക്കുകയാണ്.

റീട്ടെയ്ല്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മാത്രമാണ് അല്‍പം ആവേശം പ്രകടമാവുന്നത്. റീട്ടെയ്ലുകാര്‍ക്കായി മാറ്റിവെച്ച ഓഹരികള്‍ 2.83 ഇരട്ടി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിട്ടുണ്ട്. കമ്പനി ജീവനക്കാര്‍ക്കായുള്ള ഓഹരികള്‍ 9.14 ഇരട്ടിയും സബ്സ്‌ക്രൈബ് ചെയ്തുകഴിഞ്ഞു.

വിപണിയില്‍ ആകെ പ്രകടമായ പിന്നോട്ടടിക്കല്‍ ഐപിഒകള്‍ക്കും തിരിച്ചടിയായെന്ന് വ്യക്തം. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം യുദ്ധഭീതി ഉയര്‍ത്തുന്നതും യുഎസില്‍ മാന്ദ്യസൂചനകള്‍ ലഭിച്ചതുമാണ് ആഗോള വിപണികളെ പിന്നോട്ടടിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയും കരടികളുടെ പിടിയില്‍ അകപ്പെട്ടിട്ടുണ്ട്.

72-76 രൂപ നിരക്കിലാണ് ഒല ഓഹരികള്‍ ലഭ്യമാവുക. 195 ഓഹരികളുടെ ലോട്ടാണ് ചില്ലറ നിക്ഷേപകര്‍ വാങ്ങേണ്ടത്. 6145.56 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് ഒല ലക്ഷ്യമിട്ടിരിക്കുന്നത്. ചൊവ്വാഴ്ച ഐപിഒ അവസാനിക്കും.

വിശാല വിപണിയിലെ അനിശ്ചിതാവസ്ഥകളുടെ ഫലമായി ഒലയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 75% വരെ പിന്നോട്ടടിച്ചിട്ടുണ്ട്. ഐപിഒ പ്രഖ്യാപിച്ച സമയത്തെ 16 രൂപയില്‍ നിന്ന് 4 രൂപയിലേക്ക് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം താഴ്ന്നു.

ഇവി വിപണിയിലെ സാധ്യതകള്‍ മുന്‍നിര്‍ത്തി ഒലയില്‍ നിക്ഷേപിക്കാമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നിരുന്നാലും ഉയര്‍ന്ന വാല്യുവേഷനും ബിസിനസിന്റെ നഷ്ട സാധ്യതാ സ്വഭാവവും തിരിച്ചടിയാണെന്നും വിലയിരുത്തപ്പെടുന്നു. ബെംഗളൂരു ആസ്ഥാനമായ കമ്പനി 2024 ല്‍ 5010 കോടി രൂപയുടെ വില്‍പ്പന നടത്തി. ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററി പാക്ക്, മോട്ടോറുകള്‍, വെഹിക്കിള്‍ ഫ്രെയിമുകള്‍ എന്നിങ്ങനെ ഇവി ഘടകങ്ങള്‍ എന്നിവയാണ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version