Banking & Finance

ധനകാര്യസേവനങ്ങള്‍ക്ക് ‘വണ്‍സ്റ്റോപ്പ് സൊലൂഷനാ’യി യൂണിമണി

സംരംഭത്തിന്റെ പുതിയകാല വളര്‍ച്ചയ്ക്ക് ഊര്‍ജസ്വലതയോടെ നേതൃത്വം നല്‍കുന്നത് സിഇഒയും ഡയറക്റ്ററുമായ ആര്‍ കൃഷ്ണനാണ്

വിദേശരാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ പണമയച്ചാല്‍ നാട്ടിലെ ബന്ധുക്കള്‍ക്ക് അത് കിട്ടാന്‍ 15-20 ദിവസമെടുത്തിരുന്ന കാലത്ത്, ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അത് സാധ്യമാക്കിയാണ് യൂണിമണിയെന്ന ധനകാര്യസേവന സ്ഥാപനത്തിന്റെ തുടക്കം. ഇന്ന് മണി എക്സ്ചേഞ്ചിനും വിദേശത്തേക്ക് പണമയക്കലിനും ഏത് രാജ്യത്തിരുന്നും സുഗമമായി നൂതനസാങ്കേതികവിദ്യയിലൂടെ പണമിടപാട് നടത്തുന്നതിനുമെല്ലാം ഒപ്പം സ്വര്‍ണ വായ്പയുള്‍പ്പടെ നിരവധി മേഖലകളില്‍ സജീവമായ സമഗ്രധനകാര്യ സേവന സ്ഥാപനമായി യൂണിമണി മാറിയിരിക്കുന്നു. സംരംഭത്തിന്റെ പുതിയകാല വളര്‍ച്ചയ്ക്ക് ഊര്‍ജസ്വലതയോടെ നേതൃത്വം നല്‍കുന്നത് സിഇഒയും ഡയറക്റ്ററുമായ ആര്‍ കൃഷ്ണനാണ്.

മണി ഓര്‍ഡര്‍ ഇക്കോണമി എന്നായിരുന്നു ഒരുകാലത്ത് കേരളം അറിയപ്പെട്ടിരുന്നത്. കാരണം ഗള്‍ഫ് തന്നെയായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുന്ന മലയാളികളുടെ എണ്ണം അത്രയും കൂടുതലായിരുന്നു. ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കെത്തുന്ന പണത്തിന്റെ പുറത്തായിരുന്നു ഇവിടുത്തെ പല കുടുംബങ്ങളും സാമ്പത്തിക അഭിവൃദ്ധിയുടെ പുതിയ ലോകത്തേക്ക് കാലെടുത്തുവച്ചത്. എന്നാല്‍ കുടുംബനാഥന്മാര്‍ ഗള്‍ഫില്‍ കഷ്ടപ്പെട്ട് ജോലിയെടുത്ത് നാട്ടിലേക്ക് അയക്കുന്ന പണം ഇവിടെയെത്താന്‍ ദിവസങ്ങളെടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്തെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള പണമാണെങ്കില്‍ പോലും ആഴ്ച്ചകളെടുക്കും ഇവിടെയെത്താന്‍. 1990കളിലായിരുന്നു അത്.

സാമൂഹ്യമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയിലാണ് അര്‍ത്ഥവത്തായ സംരംഭങ്ങള്‍ ആരംഭിക്കുന്നത്. മുകളില്‍ പറഞ്ഞ പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലായിരുന്നു യൂണിമണിയുടെ തുടക്കം. ‘1999ല്‍ ഞങ്ങളുടെ തുടക്കം തന്നെ ഒരു പ്രധാന പ്രശ്നം പരിഹരിക്കാനായിരുന്നു. പുറത്തുള്ള പ്രവാസികള്‍ നാട്ടിലേക്ക് കാശ് അയച്ചുകഴിഞ്ഞാല്‍ ഇവിടെ അത് കിട്ടാനുള്ള കാലതാമസം വലിയ പ്രശ്നമായിരുന്നു. അയക്കുന്നത് തന്നെ ബുദ്ധിമുട്ടായിരുന്നു. ഡ്രാഫ്റ്റ് എടുക്കണം, അയക്കണം, ഫിസിക്കലി ആ ഡ്രാഫ്റ്റ് ഇവിടെ എത്തണം. കൊറിയര്‍ സര്‍വീസ് പോലും ഇല്ലാത്ത കാലമാണെന്ന് ഓര്‍ക്കണം. ഡ്രാഫ്റ്റ് ക്ലിയര്‍ ചെയ്ത് വരുമ്പോഴേക്കും മിനിമം 15-20 ദിവസമെടുക്കുമായിരുന്നു.

ആ കാലത്താണ് ആര്‍ബിഐയുടെ ഒരു പുതിയ ലൈസന്‍സ്ഡ് പ്രൊഡക്റ്റ് വരുന്നതും അത് തുടങ്ങാനുള്ള അനുമതി ഞങ്ങള്‍ക്ക് ലഭിക്കുന്നതും. പ്രവാസികള്‍, ഗള്‍ഫിലെ ബ്രാഞ്ചില്‍ പോയി പൈസ റെമിറ്റ് ചെയ്താല്‍, അഞ്ച് മിനിറ്റിനുള്ളില്‍ ഗുണഭോക്താവിന് കാശ് ഇവിടെ കിട്ടും. ഇന്ന് സെക്കന്‍ഡുകള്‍ക്കുള്ളിലാണ് കിട്ടുക,യൂണിമണിയുടെ സിഇഒയും ഡയറക്റ്ററുമായ ആര്‍ കൃഷ്ണന്‍ ദ പ്രോഫിറ്റിനോട് പറയുന്നു.


പ്രവാസി പണമിടപാടുമായി ബന്ധപ്പെട്ടുള്ള സമയദൈര്‍ഘ്യം ആഴ്ച്ചകളില്‍ നിന്ന് മിനിറ്റുകളിലേക്കും സെക്കന്‍ഡുകളിലേക്കും കുറച്ചുവെന്നതാണ് യുഎഇ എക്സ്ചേഞ്ചായി തുടങ്ങി പിന്നീട് യൂണിമണിയായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഈ സംരംഭത്തിന്റെ നൂതനാത്മകത. വെറും 5 ബ്രാഞ്ചുകളുമായിട്ടായിരുന്നു തുടക്കം. ഇന്ന് 300ലധികം ബ്രാഞ്ചുകളായി.

മാറുന്ന ട്രെന്‍ഡുകള്‍

അന്ന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കായിരുന്നു പ്രധാനമായും റെമിറ്റന്‍സ്. എന്നാല്‍ ഇന്നത് മാറിയെന്ന് യൂണിമണി സിഇഒ പറയുന്നു. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവടങ്ങളില്‍ നിന്നെല്ലാം ഇപ്പോള്‍ പ്രവാസിപ്പണം കേരളത്തിലേക്ക് എത്തുന്നു. ഭാവി സാധ്യതകള്‍ മനസിലാക്കിയിട്ടായിരുന്നു ഞങ്ങള്‍ തുടങ്ങിയത്. യൂണിമണിയുടെ പ്രത്യേകത ടെക്നോളജി സ്വാംശീകരണമായിരുന്നു. ഏത് ടെക്നോളജിയാണോ വരുംകാലത്തിന് അനുയോജ്യമായത്, അപ്പോള്‍ തന്നെ അതിനെ സ്വാംശീകരിച്ച് പ്രവര്‍ത്തനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ് ഞങ്ങളുടെ ശൈലി.

മണി എക്സ്ചേഞ്ച് രംഗത്ത് ഇന്ത്യയിലെ ആദ്യ എഡി-II കമ്പനിയും യുഎഇ എക്സ്ചേഞ്ച് തന്നെയായിരുന്നു-കൃഷ്ണന്‍ വ്യക്തമാക്കുന്നു. ‘ഞങ്ങള്‍ തുടങ്ങിയപ്പോള്‍ ആരുമില്ലായിരുന്നു. അതുകൊണ്ട് ഇപ്പോഴും നല്ലൊരു ശതമാനം ആളുകളും യൂണിമണിയെ ബാങ്കായാണ് കാണുന്നത്. കാരണം ബാങ്കിലാണ് അത്രയും കാലം റെമിറ്റന്‍സ് വന്നുകൊണ്ടിരുന്നത്. അത് മാറിയാണ് യൂണിമണിയിലൂടെ ജനങ്ങള്‍ വിദേശത്തുനിന്നുള്ള പൈസ സ്വീകരിക്കുന്നത് ശീലമാക്കിയത്,’ അദ്ദേഹം പറയുന്നു.

വളര്‍ച്ചയിലെ വഴിത്തിരിവ്

‘ബ്ലൂകോളര്‍ വര്‍ക്കേഴ്സ് വിദേശത്തുപോയി ജോലി ചെയ്ത്, അവര്‍ അത്യാവശ്യത്തിന് നാട്ടിലേക്ക് പണം അയക്കുമ്പോള്‍ അത് കൃത്യമായി ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് യൂണിമണിയുടെ ബിസിനസ്. ഉപഭോക്താക്കളുടെ പ്രതികരണങ്ങളും നിര്‍ദേശങ്ങളും അനുസരിച്ച് കാര്യങ്ങള്‍ ചെയ്തും പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയുമാണ് യൂണിമണി വളര്‍ന്നത്. കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യം വന്നപ്പോഴാണ് ഞങ്ങള്‍ ഫോറിന്‍ എക്സ്ചേഞ്ചിനുള്ള ലൈസന്‍സ് എടുക്കുന്നത്. ടിക്കറ്റ് സര്‍വീസ് എന്ന ആവശ്യം അവര്‍ക്ക് വന്നപ്പോള്‍ ട്രാവല്‍ രംഗത്തേക്കും കടന്നു. എന്‍ബിഎഫ്സി ലൈസന്‍സ് എടുക്കുന്നതും വായ്പാ ബിസിനസ് തുടങ്ങിയതുമെല്ലാം ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്.’

പുതിയ പ്രവണതകള്‍ക്കനുസരിച്ച് ബിസിനസ് മോഡലിലും സ്ഥാപനം കൃത്യമായി മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. കമ്പനി തുടങ്ങിയത് റെമിറ്റന്‍സ് ബിസിനസ് ആയിട്ടാണ്. എന്നാല്‍ കാഷ് റ്റു കാഷ് പ്രൊഡക്റ്റ് എന്നത് ഇപ്പോള്‍ അത്ര വളര്‍ച്ചയില്ലാത്ത മേഖലയാണ്. കാഷ് റ്റു എക്കൗണ്ട് അല്ലെങ്കില്‍ കാഷ് റ്റു വാലറ്റ് എന്ന രീതിയാണ് ഇപ്പോള്‍ കൂടുതലും. ട്രെന്‍ഡിനൊപ്പം ബിസിനസിലും മാറ്റം വന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുറത്തേക്ക് കാശ് അയക്കുന്നതിന് ജനങ്ങളെ സഹായിക്കുക എന്നതാണ് യൂണിമണിയുടെ പ്രധാന ബിസിനസ്.

വിദ്യാര്‍ത്ഥികള്‍ക്ക് വണ്‍സ്റ്റോപ്പ് സൊലൂഷന്‍

കേരളം, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാ പ്രദേശ്, തെലങ്കാന തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോകുന്ന പ്രവണത വ്യാപകമായി കൂടുകയാണ്. പ്ലസ് ടു-വിന് പഠിക്കുമ്പോള്‍ തന്നെ ഏത് രാജ്യത്തേക്കാണ് പഠിക്കാന്‍ പോകേണ്ടതെന്നാണ് ഇപ്പോള്‍ കുട്ടികള്‍ ചിന്തിക്കുന്നത്. ഈ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് വിദേശപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളെ മുന്‍
നിര്‍ത്തിയുള്ള വണ്‍ സ്റ്റോപ്പ് സൊലൂഷന്‍ പ്രൊവൈഡറായി യൂണിമണി മാറുന്നത്. സകല സേവനങ്ങളും ഇവര്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നു. വിദേശ പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം വരുന്ന ആവശ്യകതയാണ് പാസ്പോര്‍ട്ടും വിസയുമെല്ലാം. അത് മുതലുള്ള സേവനങ്ങള്‍ യൂണിമണി ഒറ്റ പാക്കേജിന്റെ ഭാഗമായി നല്‍കുന്നു.

എന്‍ഡ് റ്റു എന്‍ഡ് സൊലൂഷന്‍ പ്രൊവൈഡറാണ് ഞങ്ങള്‍. പാസ്പോര്‍ട്ട്, വിസ, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, യൂണിവേഴ്സ്റ്റിയില്‍ അപേക്ഷിച്ച ശേഷമുള്ള അഡ്മിഷന്‍ ഫീ, ട്യൂഷന്‍ ഫീ, യാത്രയ്ക്കുള്ള ടിക്കറ്റ്, അക്കൊമഡേഷന്‍, ഹോസ്റ്റല്‍ ഫീ പേമെന്റ്… അങ്ങനെ വിദേശപഠനവും അവിടുത്ത ജീവിതവും സുഗമമാക്കുന്നതിനുള്ള സകല സേവനങ്ങളും ഞങ്ങള്‍ നല്‍കുന്നു. കുട്ടികള്‍ക്ക് കറന്‍സി കൊണ്ടുപോയി ബുദ്ധിമുട്ടേണ്ട കാര്യമില്ല. ഞങ്ങളുടെ കാര്‍ഡ് ഉണ്ട്. ആപ്പുമായി ലിങ്ക് ചെയ്താണ് കാര്‍ഡ് കൊടുക്കുന്നത്. ആ കാര്‍ഡ് മാതാപിതാക്കള്‍ക്ക് നാട്ടിലിരുന്ന് ലോഡ് ചെയ്ത് നല്‍കാം. വിദ്യാര്‍ത്ഥികള്‍ക്ക് എവിടെപ്പോയാലും ടാപ് ആന്‍ഡ് പേ നടത്താം. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് വണ്‍സ്റ്റോപ്പ് സൊലൂഷനാണ് ഞങ്ങള്‍-കൃഷ്ണന്‍ വിശദമാക്കുന്നു.

യൂണിമണിയുടെ സേവനം സ്വീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സെമസ്റ്റര്‍ ഫീസ് പോലും കമ്പനി വഴിയാണ് അടയ്ക്കുന്നത്. ഇനി പഠിത്തം കഴിഞ്ഞ് വിദേശനാടുകളില്‍ ജോലി ആയിക്കഴിയുമ്പോള്‍ പലര്‍ക്കും തിരിച്ചുവരവിന് മടിയായിരിക്കും. അപ്പോള്‍ അവിടുന്ന് ഇങ്ങോട്ട് കാശ് അയക്കേണ്ടി വരുന്നു അവര്‍ക്ക്. അച്ഛനമ്മമാര്‍ക്കു വേണ്ടി. അതും യൂണിമണി വഴി സാധ്യമാക്കുന്നു എന്നതാണ് ശ്രദ്ധേയം. വിദേശങ്ങളില്‍ തന്നെ സ്ഥിര താമസമാക്കാന്‍ തീരുമാനിച്ചവര്‍ക്ക് നാട്ടിലെ വീടും പ്രോപ്പര്‍ട്ടിയെല്ലാം വിറ്റ് ആ പണം അങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ അതിനുള്ള എല്ലാ സഹായവും യൂണിമണി ചെയ്തുനല്‍കുന്നു. ഇതുകൊണ്ടെല്ലാമാണ് യൂണിമണിയെ എല്ലാ സേവനങ്ങള്‍ക്കുമുള്ള ഒറ്റ പോയിന്റ് എന്ന് സിഇഒ വിശേഷിപ്പിക്കുന്നത്.

ഈ ട്രെന്‍ഡ് ഇനിയും ശക്തമാകാനാണ് സാധ്യതയെന്ന് അദ്ദേഹം കരുതുന്നു. നമ്മുടെ നാട്ടിലെ നല്ലൊരു സ്ഥാപനത്തില്‍ നിന്നും എംബിഎ എടുക്കുന്നതിനേക്കാള്‍ കോസ്റ്റ് ഇഫക്റ്റീവ് ആകും ചില വിദേശരാജ്യങ്ങളിലെ പഠനമെന്നാണ് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്. 15ഓളം കറന്‍സികള്‍ ലഭ്യമാകുന്ന യൂണിമണിയുടെ ഇന്റര്‍നാഷണല്‍ കറന്‍സി കാര്‍ഡ് വിവിധ രാജ്യങ്ങളിലെ ഇടപാടുകള്‍ സുഗമമായി നടത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു.

ഭാവി പദ്ധതികള്‍

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ യൂണിമണി എന്തായിരിക്കുമെന്ന ദ പ്രോഫിറ്റ് ടീമിന്റെ ചോദ്യത്തോട് സിഇഒ ആര്‍ കൃഷ്ണന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്. ‘നേരത്തെ ഇന്‍വേര്‍ഡ് റെമിറ്റന്‍സായിരുന്നു. ഇപ്പോള്‍ പുറത്തേക്ക് പണം അയക്കുന്നതിനുള്ള സേവനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ. എന്നാല്‍ യുപിഐ പോലുള്ള സംവിധാനം വ്യാപകമാകുന്നതോടെ ഞങ്ങള്‍ക്ക് മല്‍സരം കൂടുന്നു. നിലവിലെ സേവനങ്ങള്‍ക്ക് പ്രസക്തിയില്ലാതെ ആയേക്കാം.

ഫ്രാന്‍സില്‍ വരെ യുപിഐ സാധ്യമായല്ലോ. ഇവിടെ ചെയ്യുന്ന ആദ്യകാര്യം ഈ ടെക്നോളജി ഞങ്ങളും സ്വാംശീകരിക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി യുപിഐ ഞങ്ങളും ഇന്റഗ്രേറ്റ് ചെയ്യുകയാണ്, ആ പ്രക്രിയ ഏകദേശം പൂര്‍ത്തിയായി. രണ്ടാമത്തെ കാര്യം, ഞങ്ങള്‍ സ്വര്‍ണ വായ്പാ രംഗത്ത് പ്രവര്‍ത്തനം ശക്തമാക്കുന്നു എന്നതാണ്. നിലവില്‍ 300ലധികം ശാഖകളുണ്ട് യൂണിമണിക്ക്. എല്ലാ പ്രൊഡക്റ്റ്സും എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.’

മികച്ച വളര്‍ച്ച

യൂണിമണിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. കമ്പനിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ വര്‍ഷമായിരുന്നു 2022-23. വരും വര്‍ഷങ്ങളില്‍ അതുകൊണ്ടുതന്നെ ഗംഭീര പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്നാണ് ആര്‍ കൃഷ്ണന്റെ പ്രതീക്ഷ. നിലവിലുള്ള ശാഖകളില്‍ 95ഉം കേരളത്തിലാണ്. ഘട്ടം ഘട്ടമായി രാജ്യത്തുടനീളം ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിലാകെ 4.5 കോടി ഉപയോക്താക്കള്‍ കമ്പനിക്കുണ്ട്. യുപിഐ ഇന്റഗ്രേറ്റ് ചെയ്ത ആപ്പ് സജീവമാകുന്നതോടെ ഉപയോക്താക്കളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.

കറന്റ്, വാട്ടര്‍ ബില്‍ അടക്കം എല്ലാ വിധ യുപിഐ അധിഷ്ഠിത സേവനങ്ങളും ആപ്പിലൂടെ ലഭ്യമാകും. ‘യൂണിമണിയുടെ ആപ്പില്‍ എല്ലാമുണ്ട്. യുപിഐ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. പേടിഎം, ഗൂഗിള്‍ പേ പോലുള്ള പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് ഇന്‍വേര്‍ഡ് റെമിറ്റന്‍സും ഈ ആപ്പില്‍ സാധ്യമാകും,’ കൃഷ്ണന്‍ പറയുന്നു. കറന്‍സി വാങ്ങാം, കറന്‍സി വില്‍ക്കാം, പുറത്തേക്ക് പണം അയക്കാം, വിദേശത്ത് നിന്ന് പണം നാട്ടിലേക്ക് അയക്കാം, ട്രാവല്‍ കാര്‍ഡ് സേവനങ്ങള്‍, സ്വര്‍ണ വായ്പ, ഫ്ളൈറ്റ് ബുക്ക് ചെയ്യല്‍, ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യല്‍, വാലറ്റ്, പേമെന്റ് സേവനങ്ങള്‍… ഇങ്ങനെ ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് ഒറ്റ സൊലൂഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് യൂണിമണിയുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version