Success Story

മാംഗോ മെഡോസ്; മധ്യകേരളത്തിന്റെ മരക്കുടത്തണലില്‍ ഇത്തിരിനേരം

കോട്ടയത്ത് കടുത്തുരുത്തിക്ക് സമീപം ആയാംകുടിയെന്ന അപ്പര്‍ കുട്ടനാടന്‍ ഗ്രാമത്തില്‍, എന്‍ കെ കുര്യന്‍ എന്ന പ്രകൃതിസ്‌നേഹി ഒരുക്കിയ സസ്യവിസ്മയം

ഹൊ എന്തൊരു ചൂട്! എന്ന് ഈ മധ്യവേനലവധിക്കാലത്ത് ആത്മഗതം ചെയ്യാത്ത ഒരു മലയാളിയുമില്ല. ആഗോള താപനത്തിന്റെ തീക്ഷ്ണത കേരളവും അറിഞ്ഞ നാളുകളാണ് കടന്നു പോകുന്നത്. ചൂടിന്റെ പാരമ്യത്തിലും തണലും തണുപ്പും ആവോളമേകി കേരളത്തിന്റെ മധ്യത്തില്‍ ഒരു പച്ചത്തുരുത്തുണ്ട്. മാംഗോ മെഡോസ് എന്നാണ് ഈ മനുഷ്യ നിര്‍മിത ആരണ്യകത്തിന്റെ പേര്. കോട്ടയത്ത് കടുത്തുരുത്തിക്ക് സമീപം ആയാംകുടിയെന്ന അപ്പര്‍ കുട്ടനാടന്‍ ഗ്രാമത്തില്‍, എന്‍ കെ കുര്യന്‍ എന്ന പ്രകൃതിസ്‌നേഹി ഒരുക്കിയ സസ്യവിസ്മയം. ഈ മധ്യവേനലവധിക്ക് കുളിര്‍ പകരുന്ന ഒരു യാത്രയാവാം അവിടേക്ക്.

എന്‍ കെ കുര്യന്‍

എന്തൊക്കെയുണ്ട് ഇവിടെ എന്ന ചോദ്യം മാംഗോ മെഡോസിനെ സംബന്ധിച്ച് അപ്രസക്തമാണ്. എന്തൊക്കെയില്ല എന്ന ചോദ്യമാണ് കൂടുതല്‍ ഉചിതം. ഇന്ത്യയിലെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെയും സസ്യസമ്പത്തിന്റെ സിംഹഭാഗവും നെല്ലിക്കുഴി കുര്യാക്കോസ് കുര്യന്‍ ഈ മുപ്പത്തഞ്ചേക്കറിലേക്കെത്തിച്ചിരിക്കുന്നു. ഒരു മനുഷ്യായുസ് മുഴുവന്‍ സഞ്ചരിച്ചാലും കാണാന്‍ സാധിക്കാത്തയത്ര ജൈവവൈവിധ്യം. ഒപ്പം കാര്‍ഷിക സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചകള്‍. വിശ്വ ഗുരുക്കന്‍മാര്‍ക്കും ആശയങ്ങള്‍ക്കും സമര്‍പ്പിക്കപ്പെട്ട കലാസൃഷ്ടികള്‍. കാവും
കാടുമെല്ലാം സമ്മേളിക്കുന്ന നടവഴികള്‍.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനായി റൈഡുകളും ഗെയിമുകളും നീന്തല്‍ കുളങ്ങളും. രാത്രിയില്‍ തങ്ങാന്‍ ഉന്നത
നിലവാരത്തിലുള്ള കോട്ടേജുകള്‍. നാടന്‍ തട്ടുകട മുതല്‍ സ്റ്റാര്‍ നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കുന്ന റെസ്റ്ററന്റ് വരെ. എല്ലാമൊരുക്കി ആളുകളെ മാടിവിളിക്കുകയാണ് മാംഗോ മെഡോസ്. ലോകത്തെ തന്നെ ആദ്യ അഗ്രികള്‍ച്ചര്‍ തീം പാര്‍ക്കാണ് മാംഗോ മെഡോസ്. എന്‍ കെ കുര്യനെന്ന ഭാവനാശാലിയായ സംരംഭകന്‍ ഒരുക്കിയ സ്നേഹത്തണല്‍. ആയാംകുടിയിലെ 35 ഏക്കര്‍ ഭൂമിയില്‍ ലോകത്തെ ഏറ്റവും വലിയ ജൈവവൈവിധ്യ സഞ്ചയമൊരുക്കിയിരിക്കുകയാണ് കുര്യന്‍. എറണാകുളം-കോട്ടയം റൂട്ടില്‍ കടുത്തുരുത്തിയില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ ഉള്ളിലേക്ക് സഞ്ചരിച്ചാലാണ് മാംഗോ മെഡോസിലെത്തുക.

മസ്രയില്‍ നിന്ന് മാന്തോപ്പ്

സിവില്‍ എന്‍ജീനീയറായി സൗദിയില്‍ ജോലി ചെയ്ത കുര്യനെ മരുഭൂമിയിലെ ‘മസ്ര’ എന്നു പേരുള്ള പച്ചത്തുരുത്തുകള്‍ ഏറെ ആകര്‍ഷിച്ചു. അതില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് 2002-03 കാലത്ത് നാട്ടില്‍ നാലര ഏക്കര്‍ ഭൂമി വാങ്ങി കൃഷിയും മീന്‍ വളര്‍ത്തലും ആരംഭിച്ചു. ഫാം കാണാനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുമെത്തുന്നവര്‍ക്ക് തണലൊരുക്കാനാണ് മരങ്ങള്‍ നട്ടുപിടിപ്പിക്കാനാരംഭിച്ചത്. മരങ്ങളെക്കുറിച്ച് സന്ദര്‍ശകര്‍ അന്വേഷണം നടത്താന്‍ തുടങ്ങിയതോടെ അറിയാവുന്ന പേരുകളൊക്കെ എഴുതിയ ബോര്‍ഡുകള്‍ തൂക്കിത്തുടങ്ങി. കൃഷി സാവധാനം മരങ്ങള്‍ക്കും ചെടികള്‍ക്കും വഴിമാറി. വൈകാതെ തന്റെ മരുഭൂമി ജീവിതം കുര്യന്‍ മാംഗോ മെഡോസിലേക്ക് പറിച്ചു നട്ടു.

നാടും കാടും കയറിയലഞ്ഞ് കേരളത്തിന്റെ ജൈവവൈവിധ്യത്തെ അദ്ദേഹം ഇവിടേക്ക് എത്തിച്ചു. സസ്യങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാനാരംഭിച്ചു. ഇന്ന് ജൈവവൈവിധ്യത്തിന്റെ സഞ്ചരിക്കുന്ന എന്‍സൈക്ലോപീഡിയയാണ് ഈ സിവില്‍ എന്‍ജിനീയര്‍. അത്ര സുഗമമായിരുന്നില്ല തുടക്കം. കുടുംബാംഗങ്ങള്‍ എതിരു നിന്നു. നാട്ടുകാര്‍ പലരും അധിക്ഷേപിച്ചു.

എന്നാല്‍ കുര്യന്റെ ആത്മാര്‍ത്ഥമായ അധ്വാനത്തിന് പ്രകൃതിയും മരങ്ങളും കൂലി കൊടുത്തു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് അര മീറ്റര്‍ താഴെ വെള്ളം നിറഞ്ഞ ചതുപ്പില്‍ സസ്യജാലം വേരാഴ്ത്തി വളര്‍ന്നത് വിസ്മയമായി. രാത്രിയും പകലുമെന്നില്ലാതെ കുര്യന്‍ മരങ്ങള്‍ക്ക് കൂട്ടായി നിന്നു. ഇന്ന് ഭാര്യ ലതികയും മക്കളായ കെവിനും കിരണും കൃപയും കുര്യനൊപ്പം മാംഗോ മെഡോസിനെ പരിപാലിക്കാന്‍ സജീവമായുണ്ട്.

വിസ്മയിപ്പിക്കുന്ന സസ്യജാലം

4,800 ഇനങ്ങളിലായി നാല് ലക്ഷത്തിലേറെ മരങ്ങളും സസ്യങ്ങളുമാണ് ഈ അത്ഭുത ലോകത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ 101 ഇനം മാവുകളുടെ സാന്നിധ്യത്തില്‍ നിന്നാണ് മാംഗോ മെഡോസ് എന്ന പേര് ഉരുത്തിരിഞ്ഞത്. മരുഭൂമിയിലെ കൊടും ചൂടില്‍ വളരുന്ന ഈന്തപ്പനയും മൂന്നാറില്‍ പൂജ്യം ഡിഗ്രിയില്‍ തഴച്ചു വളരുന്ന തേയിലയും കായല്‍ത്തിട്ടകള്‍ക്ക് കരുത്തേകുന്ന കണ്ടലുകളുമെല്ലാം സമുദ്ര നിരപ്പോടു ചേര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന അത്ഭുതം മാംഗോ മെഡോസിലേ കാണാനാവൂ.

ഹിമാലയ വൃക്ഷമായ രുദ്രാക്ഷവും അശോക വനികയിലെ പ്രസിദ്ധമായ ശിംശിപാ വൃക്ഷവും ബുദ്ധഭിക്ഷുക്കളുടെ ഭിക്ഷാപാത്രമായി മാറുന്ന തിരുവട്ടക്കായുമെല്ലാം ഇവിടെ സമ്മേളിക്കുന്നു. നീലക്കൊടുവേലി എന്ന അപൂര്‍വ ഇനം ചെടിയുടെ സ്ഥാനം കമ്പിവേലിക്കുള്ളിലാണ്. 27 ജന്മവൃക്ഷങ്ങള്‍ നിറഞ്ഞ ആരാമമാണ് മറ്റൊരു പ്രത്യേകത. ‘നാല്‍പാമര’ങ്ങള്‍ വേരൂന്നിയ കോണ്‍ക്രീറ്റ് വഞ്ചിയും ‘ആല്‍മാവു’കളുമടക്കം വൃക്ഷ സങ്കല്‍പങ്ങളും കാണാം ഇവിടെ. 174 ഇനം പഴച്ചെടികള്‍ നിറഞ്ഞ ഉദ്യാനത്തില്‍ വിലക്കപ്പെട്ട കനിയുമായി നില്‍ക്കുന്ന ആദത്തെയും ഹവ്വയെയും കാണാം.

ശില്‍പ്പചാരുത

കല്‍വിളക്കുകള്‍ മിന്നി നില്‍ക്കുന്ന, പുള്ളുവന്‍പാട്ടുയരുന്ന സര്‍പ്പക്കാവ് കുര്യന്‍ സമര്‍പ്പിച്ചിരിക്കുന്നത് പൗരാണിക കാലത്ത് വൃക്ഷ സംരക്ഷണത്തിനായി വിശ്വാസത്തെ ബുദ്ധിപൂര്‍വം ഉപയോഗിച്ച ആദി ദ്രാവിഡനാണ്. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന കുര്യന്‍ മെഡോസില്‍ ഒരു മസ്ജിദും നിര്‍മിച്ചിട്ടുണ്ട്. ഐതിഹ്യകഥയിലെ പരശുരാമന്റെ ഏറ്റവും വലിയ പ്രതിമയും ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ ശില്‍പ്പവുമടക്കം അര ഡസനോളം വിസ്മയിപ്പിക്കുന്ന ശില്‍പ്പങ്ങളും മെഡോസിലുണ്ട്.

മീനൂട്ടാന്‍ കുളങ്ങള്‍

മുകളില്‍ നിന്നു നോക്കിയാല്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ചെറുദ്വീപാണ് മെഡോസ്. അഞ്ചേക്കര്‍ വിസ്തൃതിയുള്ള പ്രധാന കുളവും ചെറു കുളങ്ങളും പാര്‍ക്കിലെ സസ്യജാലത്തിന് ജീവജലം ഉറപ്പാക്കുന്നു. കാരിയും കരിമീനും വരാലുമടക്കം 64 ഇനം മത്സ്യങ്ങള്‍ ഈ കുളങ്ങളിലുണ്ട്. ‘മീനൂട്ട്’ പാലത്തിലേറി കുളത്തിന്റെ നടുക്കെത്തി ‘മീനൂട്ട്’ നടത്താനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. ഉച്ചയൂണിനുള്ള മത്സ്യവും ഈ കുളങ്ങളില്‍ നിന്നു തന്നെ.

മാംഗോ മെഡോസിന്റെ മുഖ്യ ആകര്‍ഷണം സസ്യജാലം തന്നെയാണ്. എന്നിരുന്നാലും കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്ന വിനോദങ്ങളും ഇവിടെ ഒരുക്കാന്‍ എന്‍ കെ കുര്യന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കുളങ്ങളിലൂടെ ആസ്വദിച്ച് യാത്ര ചെയ്യാന്‍ പെഡല്‍ ബോട്ടുകളും കുട്ടവഞ്ചികളും മറ്റുമുണ്ട്. സ്പീഡ് ബോട്ടും ഷിക്കാര വള്ളവും മെഡോസിന് പുറത്തുള്ള കായലിലൂടെ നല്ലൊരു യാത്ര തരപ്പെടുത്തും. ‘അധ്വാനിച്ചുണ്ടാക്കിയതും കടമെടുത്തതും എല്ലാമായി 110 കോടി രൂപയിലേറെ ഇവിടെ മുടക്കിക്കഴിഞ്ഞു. 65 കോടി രൂപയുണ്ടെങ്കില്‍ വലിയൊരു അമ്യൂസ്മെന്റ് പാര്‍ക്ക് ഉണ്ടാക്കാമായിരുന്നു. പക്ഷേ ഇതിലേക്കെത്തിച്ചത് ഏതോ നിയോഗമാണ്,’ പ്രകൃതി ഇതിനായി തന്നെ തെരഞ്ഞെടുക്കുകയായിരുന്നെന്ന് കുര്യന്‍ ഉറച്ച് വിശ്വസിക്കുന്നു.

വൈവിധ്യങ്ങളുടെ ലോകം

ആരാധ്യരായ എപിജെ അബ്ദുള്‍ കലാമിന്റെയും ജെസി ബോസിന്റെയും സലീം അലിയുടെയുമൊക്കെ പേരിട്ട വഴികളിലൂടെ നടന്നു കാഴ്ചകള്‍ കാണാം. തണലത്ത് നിര്‍വൃതിയോടെ വിശ്രമിക്കാം. തനിനാടന്‍ ചായക്കടയില്‍ നിന്ന് ചായയും ചെറുകടിയും കഴിക്കാം. ഫാമില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുപയോഗിച്ച് ഒന്നാന്തരം ഭക്ഷണമൊരുക്കിയിരിക്കുന്ന റെസ്റ്ററന്റ് രുചിയിലും വൃത്തിയിലും മുന്നിലാണ്.

പാര്‍ക്കിലെ വഴികളിലൂടെ ഇലക്ട്രിക് ട്രെയിനും ചെറിയ ഇ-ബസും ഇ-റിക്ഷകളും സഞ്ചാരികളെയും കൊണ്ട് സഞ്ചരിക്കുന്നു. ഉന്നമുള്ളവര്‍ക്ക് വേണമെങ്കില്‍ അമ്പെയ്ത്ത് പരിശീലിക്കാം. ചൂണ്ടയിട്ട് മീന്‍ പിടിക്കാനും പക്ഷി നിരീക്ഷണത്തിനും ശലഭ നിരീക്ഷണത്തിനുമുള്ള സൗകര്യങ്ങളുമുണ്ട് മെഡോസില്‍. ഇത്രയധികം വൈവിധ്യം എങ്ങനെ കൊണ്ടുവന്നെന്ന് ആരും അത്ഭുതപ്പെട്ടു പോകുന്ന ഒരു ലോകം.

കുട്ടികളുടെ പാഠശാല

കുട്ടികളെ പ്രകൃതിയിലേക്ക് ആകര്‍ഷിക്കുകയെന്നതാണ് മാംഗോ മെഡോസിന്റെ ലക്ഷ്യമെന്ന് പറയുന്നു എന്‍ കെ കുര്യന്‍. മരത്തിന്റെയും കൃഷിയുടെയും പ്രത്യേകത പറഞ്ഞുതരാമെന്നു പറഞ്ഞ് വിളിച്ചാല്‍ കുട്ടികള്‍ വരണമെന്നില്ല. എന്നാല്‍ റൈഡുകളില്‍ കയറാനും കളിക്കാനുമൊക്കെ വിളിച്ചാല്‍ അവര്‍ തീര്‍ച്ചയായും എത്തും. കുട്ടികള്‍ വന്ന് കളിച്ചു ചിരിച്ച് സന്തോഷത്തോടെ മടങ്ങുന്ന രീതിയിലാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നതെന്ന് കുര്യന്‍ ചൂണ്ടിക്കാട്ടുന്നു. ജൈവവൈവിധ്യത്തിലേക്കും കൃഷിയിലേക്കും പ്രകൃതിയെയും കൃഷിയെയും കുറിച്ചുള്ള അറിവുകളിലേക്കും അവര്‍ സ്വാഭാവികമായും ആകര്‍ഷിക്കപ്പെടുന്നു.

എല്ലാവരുടെയും മെഡോസ്

എന്നാല്‍ കുട്ടികള്‍ക്ക് മാത്രമുള്ള ഇടമല്ല ഇത്. മറ്റ് പാര്‍ക്കുകളിലൊക്കെ ഏതെങ്കിലും പ്രത്യേക പ്രായക്കാര്‍ക്കായിരിക്കും പ്രാമുഖ്യം നല്‍കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ചവര്‍ക്കും വീല്‍ ചെയറിലായവര്‍ക്കും പ്രായമായവര്‍ക്കുമെല്ലാം ഇവിടെ ഒരുപോലെ ഇടമുണ്ട്. അങ്ങേയറ്റം സ്ത്രീ സൗഹൃദവുമാണ് പാര്‍ക്ക്. നൂറിലേറെ ആളുകള്‍ക്ക് മാംഗോ മെഡോസ് എന്ന സംരംഭം തൊഴില്‍ നല്‍കുന്നു.

ഇതില്‍ ബഹുഭൂരിപക്ഷവും പ്രദേശവാസികളായ സ്ത്രീകളാണ്. അതിഥികളെ സ്വീകരിക്കാനും പാര്‍ക്കും വൃക്ഷങ്ങളും പരിചയപ്പെടുത്താനും സസ്യജാലത്തെ പരിചരിക്കാനുമെല്ലാം സ്ത്രീകളുടെ ഒരു വലിയ സംഘം തന്നെയുണ്ട്. ആയാംകുടി എന്ന ചെറു ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചിരിക്കുന്നു മാംഗോ മെഡോസ്. ഗ്രാമീണ ടൂറിസത്തിന്റെയും ഉത്തരവാദ ടൂറിസത്തിന്റെയുമെല്ലാം ഉത്തമ ഉദാഹരണ
മാണ് ഇന്ന് കുര്യന്‍ വിഭാവനം ചെയ്ത ഈ പാര്‍ക്ക്.

പ്രതിസന്ധികള്‍ തരണം ചെയ്ത്

പ്രതിസന്ധികളുടെ ചതുപ്പിലൂടെ ഏറെക്കാലം സഞ്ചരിച്ചാണ് കുര്യനും മെഡോസും കരയേറിയത്. വായ്പ നല്‍കാമെന്നേറ്റ കെഎഫ്സി അടക്കമുള്ള ഏജന്‍സികള്‍ പിന്‍മാറി. കൈയിലെ പണവും കടമെടുത്തതുമെല്ലാം പാര്‍ക്കില്‍ നിക്ഷേപിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി. തോറ്റുകൊടുക്കാന്‍ തയാറാവാതെ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ട കുര്യന് പിഴച്ചില്ല. 2016 ല്‍ തുറന്നത് മുതല്‍ വിവിധ ദേശങ്ങളില്‍ നിന്ന് ആളുകള്‍ ഇവിടേക്ക് ഒഴുകിയെത്തി. ഓരോ വര്‍ഷം കഴിയുമ്പോഴും ജനത്തിരക്ക് കൂടി വരികയാണ്.

മാംഗോ മെഡോസിലെ നഴ്‌സറിയില്‍ 90 ശതമാനവും ചെലവാകുന്നത് ജന്മ നക്ഷത്ര വൃക്ഷങ്ങളാണ്. ധാരാളം ആളുകളാണ് അവ വാങ്ങിക്കൊണ്ടുപോകുന്നത്. ഇങ്ങനെ ജൈവവൈവിധ്യത്തെ നാടെങ്ങും വ്യാപിപ്പിക്കാനും ഇന്ന് മാംഗോ മെഡോസിന് സാധിക്കുന്നുണ്ട്. സ്വാഭാവികമായി നടക്കുന്ന ജൈവവൈവിധ്യത്തിന്റെ വ്യാപനം. കേരളത്തില്‍ കണ്ടുവരുന്ന എല്ലാ സസ്യങ്ങളും ലഭിക്കുന്ന നഴ്സറിയായി ഇതിനെ വികസിപ്പിക്കാനാണ് കുര്യന്‍ ലക്ഷ്യമിടുന്നത്.

വലിയ സ്വപ്നങ്ങള്‍

ആയിരത്തോളം ആളുകളെ ഉള്‍ക്കൊള്ളിക്കാവുന്ന വന്‍ കണ്‍വന്‍ഷന്‍ സെന്റര്‍, കേരളത്തിന്റെ തനത് ആയുര്‍വേദ, സിദ്ധ, മര്‍മ ചികിത്സകള്‍ ലഭ്യമാക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള വെല്‍സനസ് സെന്റര്‍ എന്നിങ്ങനെ അടുത്ത തലത്തിലേക്ക് മാംഗോ മെഡോസിനെ വളര്‍ത്താനുള്ള പദ്ധതിയാണ് കുര്യനുള്ളത്. പാര്‍ക്ക് നല്ല ലാഭത്തിലാണ് മുന്നോട്ടു പോകുന്നതെങ്കിലും നിലവിലെ വായ്പാ കുടിശ്ശിക മൂലം പുതിയ പ്രൊജക്റ്റുകളിലേക്ക് കടക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പാര്‍ക്കിലേക്ക് നല്ല നിക്ഷേപകരെ കുര്യന്‍ ക്ഷണിക്കുന്നത്.


മാംഗോ മെഡോസിന്റെ 20% വരെ ഓഹരികള്‍ വില്‍ക്കാന്‍ ഒരുക്കമാണെന്ന് അദ്ദേഹം പറയുന്നു. പാര്‍ക്കിന്റെ ബയോഡൈവേഴ്സിറ്റി മേഖലകളില്‍ ഇടപെടലുകള്‍ നടത്താത്ത, ജൈവവൈവിധ്യം എന്ന ആശയത്തോട് താല്‍പ്പര്യമുള്ള നിക്ഷേപകനെ ലഭിച്ചാല്‍ സന്തോഷം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version