“ഉപഭോക്താവിന് വാല്യു ഫോര്‍ മണി ആയിരിക്കണം നമ്മുടെ ഉല്‍പ്പന്നവും സേവനവും. അത്തരമൊരു ബിസിനസില്‍ നിന്ന് കിട്ടുന്ന ലാഭമാണ് ശരിയായ ലാഭം,” എ വി അനൂപ്, എംഡി, എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ്
കച്ചവടം എന്നാല്‍ ലാഭം തന്നെയാണ്. വിശാലമായ പരിപ്രേക്ഷ്യത്തില്‍ നോക്കിയാല്‍ ഒരു നാട് നിലനില്‍ക്കണമെങ്കില്‍ തന്നെ കമ്പനികള്‍ ലാഭമുണ്ടാക്കണം. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ വരുമാനം വേണം. സര്‍ക്കാരിനും ടാക്‌സിലൂടെ വരുമാനം ലഭിക്കുന്നു. സര്‍ക്കാരുകള്‍ നിലനില്‍ക്കുന്നതു തന്നെ കമ്പനികളുടെ ലാഭത്തില്‍ നിന്ന് ലഭിക്കുന്ന ടാക്‌സിലൂടെയാണ്.
ലാഭം എന്നത് മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളത് കൂടിയാവണം. ഉപഭോക്താവിനെ കബളിപ്പിച്ചു കൊണ്ടുള്ള ലാഭമല്ല ഉദ്ദേശിക്കുന്നത്. ഏതു കച്ചവടം ചെയ്യുമ്പോഴും ന്യായമായ ലാഭം പ്രതീക്ഷിക്കണം. റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് വേണം. അതിനപ്പുറത്തേക്ക് ഒരു ലാഭം പ്രതീക്ഷിക്കുമ്പോഴാണ് പ്രശ്‌നം. കണ്‍സ്യൂമറിനെ സംബന്ധിച്ച് നമ്മുടെ ഉല്‍പ്പന്നവും സേവനവും വാല്യൂ ഫോര്‍ മണി ആയിരിക്കണം. അത്തരമൊരു ബിസിനസില്‍ നിന്ന് കിട്ടുന്ന ലാഭമാണ് ശരിയായ ലാഭമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
വേണം അവബോധം
ലാഭത്തെ കുറിച്ച് ശരിയായ രീതിയിലുള്ള അവബോധം സമൂഹത്തില്‍ നല്‍കേണ്ടതുണ്ട്. മതപരമായും രാഷ്ട്രീയപരമായും ഒക്കെ ഇതിനെ കാണുന്നവരുണ്ട്. ജോലി ചെയ്യുന്നതിന് ശമ്പളം വേണ്ടെന്ന് ആരും പറയുന്നില്ല, ബാങ്കില്‍ പണം നിക്ഷേപിച്ചാല്‍ പലിശ വേണ്ടെന്നും ആരും പറയാറില്ല. അതുപോലെ നമ്മുടെ ഇന്‍വെസ്റ്റ്‌മെന്റിനും ന്യായമായ റിട്ടേണ്‍ വേണം. രാജ്യം നിലനില്‍ക്കണമെങ്കില്‍, പുരോഗതിയുണ്ടാവണമെങ്കില്‍, ആധുനിക സംവിധാനങ്ങള്‍ ഉണ്ടാവണമെങ്കില്‍ ലാഭം ആവശ്യമാണ്. തൊഴില്‍ ലഭ്യത ഉയരണമെങ്കില്‍ വ്യവസായങ്ങള്‍ വേണം. ഒരാള്‍ സംരംഭകനാവുമ്പോള്‍ നാട്ടിലെ മറ്റുള്ളവര്‍ക്കും ഇപ്രകാരം പ്രയോജനം ലഭിക്കും.
ANOOP’S TAKE | |
---|---|
>> ലാഭം മുതലാളിക്ക് വീട്ടിലേക്ക് കൊണ്ടുപോകാനുള്ളതല്ല | |
>> ലാഭത്തെ കുറിച്ച് ശരിയായ രീതിയിലുള്ള അവബോധം സമൂഹത്തില്‍ നല്‍കണം | |
>> ലാഭമില്ലാത്തതാണ് കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം | |
>> ഏതു കച്ചവടം ചെയ്യുമ്പോഴും ന്യായമായ ലാഭം പ്രതീക്ഷിക്കണം | |
>> ഉപഭോക്താവിനെ ചൂഷണം ചെയ്തുകൊണ്ടാവരുത് ലാഭം നേടേണ്ടത് |
സര്‍ക്കാര്‍ തലത്തിലും കമ്പനികളും ലാഭനഷ്ടങ്ങളുമുണ്ട്. കെഎസ്ആര്‍ടിസി ഒരു ഉദാഹരണമായെടുക്കാം. ലാഭം ഉണ്ടാകാത്തത് കൊണ്ടുതന്നെയാണ് അവിടെ ഇത്രയും പ്രശ്‌നങ്ങള്‍. വില കൂട്ടി ലാഭം ഉണ്ടാക്കുന്നതിനേക്കാള്‍ ചെലവ് ചുരുക്കി ലാഭം നേടാന്‍ ശ്രമമുണ്ടാവണം. ധാരാളിത്തം കുറച്ചു കൊണ്ട് ലാഭമുണ്ടാക്കാനാവണം ബിസിനസുകള്‍ ശ്രമിക്കേണ്ടത്. ഉപഭോക്താവിനെ ചൂഷണം ചെയ്തുകൊണ്ടാവരുത് ലാഭം നേടേണ്ടത്.
നല്ല ലാഭത്തിലേക്കുള്ള വഴികള്‍
ശ്രീനാരായണ ഗുരുവിനെയാണ് മാര്‍ഗദീപമായി ഞാന്‍ കാണുന്നത്. കച്ചവടം ചെയ്ത് പുരോഗതി നേടാന്‍ ആ കാലഘട്ടത്തില്‍ ആഹ്വാനം ചെയ്തയാളാണ് ഗുരു. വ്യവസായ ശാലകള്‍ക്കുള്ളില്‍ ദേവാലയങ്ങള്‍ വേണമെന്നല്ല അദ്ദേഹം പറഞ്ഞത്. ദേവാലയങ്ങള്‍ക്ക് മുന്നിലെല്ലാം വ്യവസായ ശാലകള്‍ വരട്ടെ എന്നാണ്. നാട് വികസിക്കാതിരുന്ന, ജാതിവ്യവസ്ഥയും മറ്റും നിലനിന്ന കാലത്താണ് ഈ ആഹ്വാനമുണ്ടായത്. നാട്ടില്‍ ഇത്രയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു വന്നതും ഈ ചിന്തയുടെ ചുവടുപിടിച്ചാണ്. എല്ലാ സമുദായക്കാര്‍ക്കും ഉന്നമനത്തിലേക്കെത്താന്‍ സാധിച്ചു.
മൂല്യാധിഷ്ഠിത ലാഭം
ആളുകളെ ചൂഷണം ചെയ്യാതെ മൂല്യാധിഷ്ഠിതമായി ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ വരണം. കൂടുതല്‍ ആളുകളിലേക്ക് അവ എത്തണം. എന്റെ കമ്പനികളില്‍ ഈ തത്വമാണ് ഞാന്‍ നടപ്പാക്കിയിട്ടുള്ളത്. താഴെക്കിടയിലുള്ള ആളുകള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ജോലി കൊടുക്കുകയാണ് ചെയ്തത്. ഇന്ന് അവരുടെയൊക്കെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നു, മക്കള്‍ മികച്ച വിദ്യാഭ്യാസം നേടുന്നു, സ്വന്തമായി വീടുണ്ടാകുന്നു. വ്യവസായ സ്ഥാപനങ്ങള്‍ വരികയും അവ ലാഭകരമാവുകയും ചെയ്തതിനാലാണ് ഇതെല്ലാം സാധ്യമായത്.
ലാഭം തന്നെ നിക്ഷേപം
ലാഭം എന്നത് മുതലാളിക്ക് വീട്ടിലേക്ക് കൊണ്ടുപോകാനുള്ളതല്ല. അതൊരു തെറ്റിദ്ധാരണയാണ്. ലാഭമുണ്ടെങ്കിലേ കമ്പി വലുതാക്കാനാവൂ. പുതിയ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതും ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതുമെല്ലാം ഇന്‍വെസ്റ്റ്‌മെന്റാണ്. ലാഭമാണ് വീണ്ടും ഇവൈസ്റ്റ്‌മെന്റായി പോകുന്നത്. അപ്പോഴാണ് കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നത്. ഇതൊരു സൈക്കിളാണ്. ഒരു ചെറിയ സ്ഥാപനമുണ്ടാക്കി, അത് ലാഭത്തിലായി, നിക്ഷേപകന്‍ ആ പണമെടുത്ത് വീട്ടില്‍ കൊണ്ടുപോയി ധൂര്‍ത്തടിക്കുന്നത് ഒട്ടും അഭിലഷണീയമല്ല. ഇത്തരമൊരു കാഴ്ചപ്പാടില്‍ പോകുന്നയാള്‍ നിലനില്‍ക്കില്ല. അഞ്ചോ ആറോ കൊല്ലം കൊണ്ട് കമ്പനി പൂട്ടിപ്പോകും.
സ്റ്റാര്‍ട്ടപ്പ് കമ്പനികളെ സംബന്ധിച്ച് ഇത്തരമൊരു ലാഭം വളരെ വൈകിയായിരിക്കും ലഭിക്കുക. ശമ്പളവും മറ്റും ലഭിക്കുമെങ്കിലും ഒരു വശത്ത് കടവും കൂടിക്കൊണ്ടിരിക്കും. എന്നാണ് കമ്പനി ലാഭത്തിലാവുക എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ആദ്യത്തെ ഒന്നുരണ്ട് വര്‍ഷങ്ങളില്‍ ലാഭം പ്രതീക്ഷിക്കാനാവില്ല. ബ്രാന്‍ഡ് വാല്യൂ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പലരും കമ്പനി വളരുന്നെന്ന് പറയുന്നത്. നമ്മള്‍ കാണുന്ന പല ലോകോത്തര കമ്പനികളുടെയും ബാലന്‍സ് ഷീറ്റ് പരിശോധിച്ചാല്‍ ലാഭം ഇല്ലെന്ന് കാണാനാവും. ബ്രാന്‍ഡിംഗിലൂടെയാണ് അവ നിലനിന്നു പോകുന്നത്.
The Profit is a multi-media business news outlet.