പല ആളുകള്‍ക്കും ബിസിനസ് തുടങ്ങാനാവും. ബിസിനസ് അടച്ചു പൂട്ടാന്‍ എല്ലാവര്‍ക്കും സാധിക്കും. പക്ഷേ ചിലര്‍ക്കു മാത്രമേ അത് കൊണ്ടുനടക്കാനാവൂ. ആ ചിലരിലൊരാളാവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ന്യായമായ ലാഭം ആവശ്യമാണ്,” മാത്യു ജോസഫ്, സഹസ്ഥാപകന്‍, സിഒഒ, ഫ്രഷ് റ്റു ഹോം
ലാഭമില്ലാതെ ഒരു പ്രസ്ഥാനത്തിനും നിലനിന്നു പോകാനാവില്ല. വര്‍ക്കിംഗ് കാപ്പിറ്റലും ഇന്‍വെസ്റ്റ്മെന്റും കൊണ്ട് നമുക്ക് കുറച്ചു വര്‍ഷങ്ങള്‍ ഓടിപ്പോവാനായേക്കും. പക്ഷേ അതില്‍ നിന്ന് പ്രോഫിറ്റ് ലഭിച്ചില്ലെങ്കില്‍ നമുക്ക് കുറച്ചു വര്‍ഷങ്ങള്‍ക്ക് അപ്പുറത്തേക്ക് നീങ്ങാനാവില്ല. ബാങ്കില്‍ നിന്ന് വായ്പ എടുത്തും മറ്റുമാകും സംരംഭം തുടങ്ങുന്നത്. അതിന്റേതായ ലാഭം കിട്ടുന്നില്ലെങ്കില്‍ സംരംഭത്തിന്റെ ആയുസ് വളരെ ചുരുങ്ങിപ്പോകും.
പ്രോഫിറ്റ് എന്നാല്‍ നിലനില്‍പ്പ്
പല ആളുകള്‍ക്കും ബിസിനസ് തുടങ്ങാനാവും. ബിസിനസ് അടച്ചു പൂട്ടാനും എല്ലാവര്‍ക്കും സാധിക്കും. പക്ഷേ ചിലര്‍ക്കു മാത്രമേ അത് കൊണ്ടുനടക്കാനാവൂ. ആ ചിലരിലൊരാളാവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ന്യായമായ ലാഭം ആവശ്യമാണ്. അതുകൊണ്ട് പ്രോഫിറ്റ് എന്നു പറയുന്നത് ഒരു നേട്ടമോ ഒരു പേഴ്സണല്‍ ഗെയ്നോ അല്ല, ആ ബിസിനസിന്റെ നിലനില്‍പ്പാണ്. ലാഭത്തെ നാം ഒരു അനിവാര്യതയായി കാണുന്നത് അതിനാലാണ്.
ലാഭമുണ്ടാക്കാനാണ് ശ്രമിച്ചത്
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകള്‍ വന്നുകൊണ്ടിരിക്കും. അത് ബേണ്‍ ചെയ്താണ് അവര്‍ മുന്നോട്ടു പോകുന്നത്. 8-10 വര്‍ഷം കഴിയുമ്പോള്‍ ഇത്തരത്തില്‍ ബേണ്‍ ചെയ്യുന്ന കമ്പനികള്‍ക്ക് ഫണ്ട് കിട്ടില്ലെന്ന സാഹചര്യം വരും. പല സ്റ്റാര്‍ട്ടപ്പുകളും ഇന്ന് നേരിടുന്ന വിഷമത്തിന് പിന്നില്‍ ഇതാണ്. വലിയ കമ്പനികള്‍ക്കു പോലും നിക്ഷേപം വരാത്ത സാഹചര്യമാണ് ഇപ്പോഴുണ്ടായത്. എന്നാല്‍ ഫ്രഷ് ടു ഹോമിന് സമീപ കാലത്ത് ആമസോണില്‍ നിന്നടക്കം വീണ്ടും ഇന്‍വെസ്റ്റ്മെന്റ് ലഭിച്ചു. സംരംഭം ലാഭകരമായി നടത്തിക്കൊണ്ടു പോകാന്‍ കഴിയുമെന്ന് നിക്ഷേപകര്‍ക്ക് ബോധ്യപ്പെട്ടു.
ഇത്തരത്തില്‍ ഉറപ്പ് നല്‍കാന്‍ കഴിവുള്ള കമ്പനികളിലേക്ക് മാത്രം നിക്ഷേപം വരുന്ന രീതിയില്‍ കാലം മാറി. വാല്യുവേഷന്‍ യൂണിക്കോണാകുന്നത് വലിയ നേട്ടമാണെന്നാണ് ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളും കരുതുന്നത്. കൃത്രിമ വാല്യുവേഷന്‍ കാണിച്ച് യൂണിക്കോണാകാന്‍ ശ്രമിച്ചിട്ടില്ലെന്നതാണ് ഞങ്ങളുടെ നേട്ടം. യൂണിക്കോണിന് പകരം ‘പ്രോഫികോണ്‍’ എന്നതിനാണ് ഞങ്ങള്‍ ഊന്നല്‍ കൊടുത്തത്. ലാഭകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിലേക്ക് എല്ലാവരും മാറണമെന്നാണ് എന്റെ അഭിപ്രായം.
നല്ല ലാഭം
ഒരു ബിസിനസിന് നിലനിന്നു പോകാന്‍, ജീവനക്കാരെ നിലനിര്‍ത്തി മുന്നോട്ടു പോകാന്‍ പറ്റുന്ന അവസ്ഥയിലേക്കെത്താന്‍ എത്ര ലാഭമാണോ ആവശ്യം, അതിനെയാണ് നല്ല ലാഭമെന്ന് പറയുക. കസ്റ്റമേഴ്സിനെ പിഴിഞ്ഞ് നമുക്ക് സ്വന്തമായി കുറച്ച് പണമുണ്ടാക്കുന്നതിനെ അല്ല നല്ല ലാഭം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്ത് എത്രയോ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചു വിടുന്നു. ലാഭമുള്ള കമ്പനികളും ലാഭമില്ലാത്ത കമ്പനികളും അക്കൂടെയുണ്ട്. ഫ്രഷ് ടു ഹോമിന് ഇതുവരെ അത്തരമൊരു പിരിച്ചു വിടലിലേക്ക് പോകേണ്ടി വന്നിട്ടില്ല. ചെലവഴിക്കലിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങള്‍ കൃത്യമായി ഒരു സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ആ ട്രാക്കിലൂടെയാണ് ഞങ്ങള്‍ പോകുന്നത്. അതില്‍ നിന്ന് വ്യതിചലിച്ചാല്‍ അടിതെറ്റും എന്ന് ഞങ്ങള്‍ക്കുമറിയാം.
ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ഉല്‍പ്പനം ലഭിക്കണം, നമുക്ക് ന്യായമായ ലാഭവും. ഇതിന് ഉല്‍പ്പന്നം തൊട്ട് ലോക്കല്‍ മാര്‍ക്കറ്റിന്റെ രീതികള്‍ വരെ ഞങ്ങള്‍ എപ്പോഴും പഠിച്ചുകൊണ്ടിരിക്കണം. സമയാസമയങ്ങളില്‍ ആവശ്യമായ തീരുമാനങ്ങളെടുക്കണം. ഇത്തരത്തില്‍ മുന്നോട്ടു പോകാന്‍ അടിസ്ഥാനപരമായ ഒരു സിസ്റ്റം നമ്മുടെ കൈയിലുണ്ടാവണം.ജീവിതത്തിലായാലും അങ്ങനെ തന്നെയാണല്ലോ. എന്നെ സംബന്ധിച്ച് ജീവിതത്തില്‍ ഞാന്‍ ചെയ്യില്ല എന്ന് ഉറപ്പിച്ചിരിക്കുന്ന ചില ബിസിനസുകളുണ്ട്.
ആ ബിസിനസുകള്‍ തെറ്റായിട്ടോ അത് ചെയ്യുന്നവര്‍ മോശക്കാരായിട്ടോ അല്ല. എന്റെ സ്വഭാവത്തിനും വ്യക്തിത്വത്തിനും പറ്റാത്തതുകൊണ്ടാണത്. ഇത്തരമൊരു നയം നമുക്ക് എപ്പോഴും ഉണ്ടാകണം. അതില്‍ നിന്നാണ് ഒരു സിസ്റ്റം ഉണ്ടാകുന്നത്. നമുക്ക് സിസ്റ്റം ഇല്ലാതെ വരുമ്പോഴാണ് ജിവിതത്തിലും ബിസിനസിലും നിലനില്‍പ്പിനാവശ്യമായ നല്ല ലാഭം ഉണ്ടാക്കാനാവാതെ വരുന്നത്.
പങ്കുവെക്കപ്പെടുന്ന ലാഭം
ഫ്രഷ് ടു ഹോം ലാഭമുണ്ടാക്കുന്നത് എനിക്കോ കോഫൗണ്ടറായ ഷാനിനോ വീട്ടില്‍ കൊണ്ടുപോകാന്‍ മാത്രമല്ല. ലാഭത്തിന്റെ ഒരു വിഹിതം ഞങ്ങള്‍ക്ക് കിട്ടുന്നുണ്ട്. ഞങ്ങളോടൊപ്പം ജോലി ചെയ്യുന്ന 17,000 ആളുകളുണ്ട്. അവര്‍ക്ക് മാസാമാസം ശമ്പളം കൊടുക്കണം. ഞങ്ങളെ ആശ്രയിക്കുന്ന ധാരാളം ചെറിയ കമ്പനികളുണ്ട്, കോഴി കര്‍ഷകരുണ്ട്, മല്‍സ്യബന്ധന തൊഴിലാളികളുണ്ട്. അവരുടെയൊക്കെ ദൈനംദിന ജീവിതത്തില്‍ കാര്യങ്ങള്‍ ഉദ്ദേശിച്ചതുപോലെ പോകണമെങ്കില്‍ ഞങ്ങള്‍ക്ക് പ്രോഫിറ്റ് വേണം. ഇപ്രകാരം ഒരു പ്രസ്ഥാനം ലാഭമുണ്ടാക്കി നിലനിന്നു പോകേണ്ടത് നമ്മുടെ നാടിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ ആവശ്യമാണ്.
കാഴ്ചപ്പാട് മാറിവരുന്നു
ലാഭമുണ്ടാക്കുന്നത് തെറ്റാണെന്ന കാഴ്ചപ്പാട് നമ്മുടെ പഴയ ചില രാഷ്ട്രീയ നിലപാടുകളുടെ ബാക്കിപത്രമാണ്. ആ രാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെട്ട സമയത്ത് അതിന് പ്രസക്തിയുണ്ടായിരിക്കാം. കാലം മാറുന്നതിനനുസരിച്ച് ആ നിലപാടുകളില്‍ മാറ്റമുണ്ടാവാത്തതാണ് ലാഭമുണ്ടാക്കുന്നത് മോശം കാര്യമാണെന്ന ചിന്താഗതി നിലനില്‍ക്കാന്‍ കാരണം.
എല്ലാ പുരോഗതിയെയും എതിര്‍ക്കുന്നതാണ് വലിയ കാര്യമെന്ന് തെറ്റിദ്ധരിച്ച ഒരു കാലമുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ മുന്‍പ് ഇത്തരം കടുംപിടുത്തം പിടിച്ചിരുന്നവരുടെ പോലും ചിന്താഗതി ഒരു പരിധി വരെ അടുത്തിടെ മാറിയിട്ടുണ്ട്. ബിസിനസും സംരംഭങ്ങളും വളരേണ്ടതും ലാഭം കിട്ടേണ്ടതും ആവശ്യമാണെന്നും എന്ന് ചിന്തിക്കാനാരംഭിച്ചിരിക്കുന്നു. അത് നല്ലൊരു തുടക്കവും മാറ്റവുമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പക്ഷേ നമ്മള്‍ ഇപ്പോള്‍ പറയുന്ന രാഷ്ട്രീയ മാറ്റം ഒരു പത്തോ പതിനഞ്ചോ കൊല്ലം മുന്‍പ് കേരളത്തില്‍ സംഭവിച്ചിരുന്നെങ്കില്‍ നമ്മുടെ നില തന്നെ മാറിപ്പോയേനെ. ബിസിനസ് മേഖല ഉയരങ്ങളിലെത്തുമായിരുന്നു. ഇപ്പോഴെങ്കിലും ആ മാറ്റം ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചില ആളുകളും തയാറാവുന്നത് നല്ല സൂചനയാണ്.
ഇത് കാലത്തിന്റെ അനിവാര്യതയാണ്. ലോകത്തിന്റെ പുരോഗതിയെ ഉള്‍ക്കൊള്ളാതെ മുന്നോട്ടുപോയ ഒരു കമ്പനി പോലും നിലനിന്നിട്ടില്ല. ഇന്ത്യയിലെ അംബാസഡര്‍ കമ്പനി ഒരു ഉദാഹരണമാണ്. കാറുപയോഗിക്കുന്നവരുടെ എണ്ണം നൂറു കണക്കിന് മടങ്ങ് കൂടിയിട്ടും ഒരു കാറു പോലും വില്‍ക്കാനാവാത്ത സ്ഥിതിയിലാണ് അംബാസഡര്‍ കമ്പനി. കാലഘട്ടത്തിനനുസരിച്ച് അവര്‍ മാറാഞ്ഞതാണ് കാരണം.
ചെലവ് ചുരുക്കി ലാഭം
സ്ഥാപനം കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്ന രീതിയിലാണ് പ്രോഫിറ്റ് ഞങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. വമ്പന്‍ ലാഭമെടുക്കണമെന്ന ചിന്തയല്ല ഞങ്ങളെ നയിക്കുന്നത്. അത്തരത്തില്‍ ചിന്തിച്ചാല്‍ ഉപഭോക്താക്കള്‍ ഞങ്ങളില്‍ നിന്ന് അകന്നു പോകും. ഉപഭോക്താക്കളെ ചൂഷണം ചെയ്തല്ല, ചെലവ് പരമാവധി നിയന്ത്രിച്ചാണ് ഞങ്ങള്‍ പ്രോഫിറ്റ് ഉണ്ടാക്കുന്നത്. മീനിന്റെ ശേഖരണം മുതല്‍ ഡെലിവറി വരെ എല്ലാ മേഖലകളിലും പരമാവധി ചെലവ് ചുരുക്കാനുള്ള വഴികള്‍ തേടുന്നു.
പ്രൊക്യൂര്‍മെന്റ് തികച്ചും പ്രൊഫഷണലാക്കുകയാണ് ആദ്യം ചെയ്തത്. ഇന്ത്യയിലെ സീഫുഡ് മേഖലയിലെ വേസ്റ്റേജ് 25-30 ശതമാനമാണ്. ഈ പ്രശ്നം പരിഹരിക്കാനാണ് ഫ്രഷ് റ്റു ഹോം പിന്നീട് ശ്രമിച്ചത്. 1.5-3% മാത്രമാണ് ഇപ്പോള്‍ ഫ്രഷ് റ്റു ഹോമിന്റെ വേസ്റ്റേജ്. ഇതെല്ലാമാണ് ഉപഭോക്താക്കള്‍ക്ക് നേട്ടമായി ലഭിക്കുന്നത്. വിപണിയിലെ മല്‍സരത്തില്‍ പിടിച്ചു നില്‍ക്കുന്നത് ഇപ്രകാരമാണ്.