The Profit Premium

നിശ്ചയ ദാര്‍ഢ്യത്തിന്റെ മൂന്ന് പതിറ്റാണ്ട്

തൊഴിലാളിയായി കയറിയ അതേ സ്ഥാപനത്തിന്റെ സിഇഒ പദവിയിലേക്ക് മൂന്ന് പതിറ്റാണ്ടുകൊണ്ട് എത്തിച്ചേര്‍ന്നു എന്നിടത്താണ് അരവിന്ദ് കൃഷ്ണ എന്ന പ്രൊഫഷണലിന്റെ നേട്ടങ്ങള്‍ ലോകം ചര്‍ച്ചയാകുന്നത്

ഓരോ വ്യക്തിയും കരിയറില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ അവരുടെ മാത്രം നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ്. ഈ ശ്രേണിയില്‍ സമാനതകളില്ലാത്ത വ്യക്തിയാണ് ഐബിഎം സിഇഒ ആയ അരവിന്ദ് കൃഷ്ണ. തൊഴിലാളിയായി കയറിയ അതേ സ്ഥാപനത്തിന്റെ സിഇഒ പദവിയിലേക്ക് മൂന്ന് പതിറ്റാണ്ടുകൊണ്ട് എത്തിച്ചേര്‍ന്നു എന്നിടത്താണ് അരവിന്ദ് കൃഷ്ണ എന്ന പ്രൊഫഷണലിന്റെ നേട്ടങ്ങള്‍ ലോകം ചര്‍ച്ചയാകുന്നത്.

മികച്ച ഔദ്യോഗിക വിദ്യാഭ്യാസം ലഭിച്ചു കഴിഞ്ഞാല്‍ ഇന്നത്തെ തലമുറയുടെ അടുത്ത ലക്ഷ്യം ഒരു മികച്ച ജോലി കണ്ടെത്തുക എന്നതാണ്. എന്നാല്‍ പലപ്പോഴും ഏറിയാല്‍ അഞ്ചു വര്‍ഷം വരെ മാത്രമായിരിക്കും ആ ജോലിയുടെ ആയുസ്സ്. പരമാവധി അഞ്ചു വര്‍ഷത്തിനുള്ളില്‍ അതിലും മികച്ച കമ്പനിയില്‍ അതിനേക്കാള്‍ മികച്ച ശമ്പളത്തില്‍ ജോലി കണ്ടെത്താനുള്ള മികവ് അവന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടാകും. അതുകൊണ്ടും തീര്‍ന്നില്ല. ആദ്യത്തെ സ്ഥാപനത്തോട് സമാനമായിത്തന്നെ പുതിയ സ്ഥാപനത്തിലും വളരെ ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തന പരിചയം മാത്രം. ശേഷം മറ്റൊരു സ്ഥാപനത്തില്‍ കൂടുതല്‍ ശമ്പളത്തോടെ ജോലി കണ്ടെത്തുകയായി. എത്ര മികച്ച ഉദ്യോഗാര്‍ത്ഥിയാണെങ്കിലും ഇത്തരത്തിലുള്ള ഒരു മാറ്റത്തിലൂടെ അവന് എന്നെന്നും തൊഴിലാളിയായിത്തന്നെ നില്‍ക്കേണ്ടി വരും എന്നതാണ് വാസ്തവം.

ഈ അവസ്ഥയിലാണ് ടെക്ക് ഭീമനായ ഐബിഎമ്മിന്റെ സിഇഒ ആയ അരവിന്ദ് കൃഷ്ണയുടെ പ്രൊഫഷണല്‍ ജീവിതം തീര്‍ത്തും വ്യത്യസ്തമാകുന്നത്. മികച്ച ഒരു പ്രഫഷനല്‍ എന്നതിനെക്കാളുപരി ഗവേഷകന്‍ എന്ന നിലയില്‍ സ്വന്തം കരിയര്‍ രൂപപ്പെടുത്താന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ നിലവിലെ പദവിയില്‍ എത്തിച്ചത്. അതിനാല്‍ തന്നെ സമാനമായ രീതിയില്‍ ഒരു കരിയര്‍ നേട്ടം ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഒരു റെഫറന്‍സ് ഗൈഡ് എന്ന നിലയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന ഒന്നാണ് അരവിന്ദ് കൃഷ്ണയുടെ ജീവിതനേട്ടങ്ങള്‍.

മറ്റ് വ്യക്തികളില്‍ നിന്നും തീര്‍ത്തും വിഭിന്നമായി അരവിന്ദ് കൃഷ്ണ എന്ന പ്രൊഫഷനലിനെ വേറിട്ട് നിര്‍ത്തിയത് അദ്ദേഹത്തിന് ഗവേഷണത്തോടുള്ള താല്പര്യമായിരുന്നു. തുടക്കം മുതല്‍ക്ക് സ്ഥാപനത്തെയും വ്യക്തിപരമായതുമായ വളര്‍ച്ചയ്ക്ക് ഉതകുന്ന ഗവേഷണങ്ങള്‍ക്കാണ് അദ്ദേഹം മുന്‍തൂക്കം നല്‍കിയിരുന്നത്. ഇത് അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫില്‍ നിന്ന് തന്നെ വ്യക്തമായ കാര്യമാണ്. ഗവേഷണത്തില്‍ അതീവ തല്‍പരനായ അരവിന്ദിന് 15 പേറ്റന്റുകളുണ്ട്. മികച്ച രീതിയില്‍ വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിത വിജയത്തിന് അടിത്തറ പാകിയ ഘടകം.

ഡെറാഡൂണിലെ സ്‌കൂള്‍ പഠനത്തിനു ശേഷം ഐഐടി കാന്‍പുരില്‍നിന്ന് 1985ലാണ് അരവിന്ദ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയത്. എന്‍ജിനീയറിംഗ് പഠന കാലയളവില്‍ തന്നെ തിയറി പേപ്പറുകളെക്കാള്‍ പ്രാധാന്യം പ്രാക്റ്റിക്കല്‍സിനു നല്‍കിയിരുന്നു. മാത്രമല്ല, കാമ്പസിനുള്ളില്‍ എന്‍ജിനീയറിംഗ് പഠന ക്ളാസുകള്‍, സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയ്ക്ക് അദ്ദേഹം അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി നേതൃത്വവും വഹിച്ചിരുന്നു. മികച്ച രീതിയില്‍ എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയശേഷം അക്കാലത്തെ പല ഐഐടിക്കാരെയും പോലെ യുഎസിലേക്ക് പറന്നു.

ഉപരിപഠനം തന്നെയായിരുന്നു ലക്ഷ്യം. ഏറെ ആഗ്രഹിച്ച പിഎച്ച്ഡി ബിരുദത്തിനായി അദ്ദേഹം ഒരുങ്ങി. പ്രശസ്തമായ ഇലിനോയ് സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി നേടി. പിഎച്ച്ഡി കാലയളവിലും മികച്ച ഒരു ഗവേഷക വിദ്യാര്‍ത്ഥിയായി തന്നെ അദ്ദേഹം പേരെടുത്തു. പിഎച്ച്ഡി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതോടെയാണ് അരവിന്ദ് കൃഷ്ണ ഒരു ജോലിക്കായി ശ്രമിക്കുന്നത്. മികച്ച സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന അരവിന്ദ് കൃഷ്ണയ്ക്ക് ആദ്യം ക്ഷണം ലഭിച്ചത് ഐബിഎമ്മില്‍ നിന്നാണ്. 1990ല്‍ ഐബിഎമ്മില്‍ ജോയിന്‍ ചെയ്യുന്നതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറുന്നത്.

മികച്ച വിദ്യാഭ്യാസത്തിന്റെ പിന്തുണയുണ്ടെങ്കില്‍ കഴിവ് ഉപയോഗപ്പെടുത്തി പല കമ്പനികളില്‍ മാറി മാറി ജോലി ചെയ്ത് കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്ന ആളുകള്‍ക്ക് തീര്‍ത്തും വിപരീതമായാണ് അരവിന്ദ് കൃഷ്ണയിലെ പ്രൊഫഷണല്‍ പെരുമാറിയത്. 27-ാം വയസ്സില്‍ ജോലിക്കു കയറിയ കമ്പനിയില്‍ 57-ാം വയസ്സില്‍ സിഇഒ ആകത്തക്ക വിധത്തില്‍ ഒരു വ്യക്തി കരിയര്‍ വികസിപ്പിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ ഊഹിക്കാമല്ലോ, ആ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ നിര്‍ണായക സ്വാധീനമായി അദ്ദേഹം മാറിയിരുന്നു എന്ന്.

ഐബിഎമ്മിന്റെ ഗവേഷണവിഭാഗത്തിന്റെയും അതിനൂതന സങ്കേതമായ ക്ലൗഡ് ആന്‍ഡ് കോഗ്‌നിറ്റീവ് യൂണിറ്റിന്റെയും ചുമതലയായിരുന്നു അരവിന്ദ് കൃഷ്ണയെ കാത്തിരുന്നത്. ഗവേഷണത്തിനുള്ള അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യം തന്നെയാണ് ഈ ഒരു പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചതും. തന്നെ ഏല്‍പ്പിച്ച ജോലി അദ്ദേഹം വീഴ്ചകൂടാതെ നിര്‍വഹിച്ചു. ഈ കാലയളവില്‍ ഐബിഎമ്മിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ പല നേട്ടങ്ങള്‍ക്കും അരവിന്ദ് കൃഷ്ണ കാരണക്കാരനായി.

ഓപ്പണ്‍ സോഴ്‌സ് ടെക്‌നോളജി ദാതാക്കളായ റെഡ്ഹാറ്റിനെ 2019ല്‍ ഐബിഎം ഏറ്റെടുത്തത് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ്-3400 കോടി ഡോളര്‍. ക്ലൗഡ് സാങ്കേതികവിദ്യയില്‍ ഐബിഎമ്മിനെ കാതങ്ങള്‍ മുന്നോട്ടെത്തിച്ച ആ കരാറിനു പിന്നില്‍ അരവിന്ദ് ആയിരുന്നു. അദ്ദേഹത്തിന്റെ സിരകളിലും തലച്ചോറിലും ഐബിഎമ്മിന്റെ വിജയത്തിനപ്പുറം ഒന്നും ഒന്നുമുണ്ടായിരുന്നില്ല. അരവിന്ദ് കൃഷ്ണയുടെ നിര്‍ദേശപ്രകാരമാണ് ഹൈബ്രിഡ് മള്‍ട്ടിക്ലൗഡ് സാങ്കേതികവിദ്യയിലേക്കും ഐബിഎം ചുവടുവച്ചത്. അരവിന്ദിന്റെ ഗവേഷണമികവ് ഐബിഎമ്മിനു സമ്മാനിച്ചത് ഭാവിയിലേക്കുള്ള കുതിപ്പ്. ‘കമ്പനിക്ക് അടുത്ത യുഗത്തിലേക്ക് ഏറ്റവും അനുയോജ്യനായ സിഇഒ’ എന്ന് അരവിന്ദിനെക്കുറിച്ച് സ്ഥാനമൊഴിയുന്ന സിഇഒ ഗിന്നി റോമറ്റി പറയാന്‍ കാരണമാണിത്.

മാനേജീരിയല്‍ മികവിനേക്കാള്‍ സാങ്കേതികവിദ്യയിലുള്ള മേല്‍ക്കയ്യാണ് ടെക് കമ്പനികളുടെ തലപ്പത്തേക്കുള്ള വളര്‍ച്ചയുടെ അളവുകോല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ക്ലൗഡ് കംപ്യൂട്ടിങ്ങും ബ്ലോക്‌ചെയിനുമെല്ലാം കൊടികുത്തിവാഴാന്‍ പോകുന്ന ഭാവിയിലെ ഐടി രംഗം നയിക്കാന്‍ ഇങ്ങനെയുള്ളവര്‍ അനിവാര്യമാണ്. ഈ അനിവാര്യത തന്നെയാണ് അരവിന്ദ് കൃഷ്ണയുടെ വളര്‍ച്ചയ്ക്ക് നാഴികക്കല്ലായി മാറിയതും.

ഐബിഎം ക്ലൗഡ്, ഐബിഎം സെക്യൂരിറ്റി ആന്‍ഡ് കോഗ്നിറ്റീവ് ആപ്ലിക്കേഷന്‍സ് ബിസിനസ്, ഐബിഎം റിസര്‍ച്ച് എന്നീ ഉത്തരവാദിത്വങ്ങള്‍ ഐബിഎം വൈസ് പ്രെസിഡന്റ് എന്ന സ്ഥാനത്ത് നിന്നും കൈകാര്യം ചെയ്യുന്നതിനിടയ്ക്കാണ് സിഇഒ സ്ഥാനത്തേക്ക് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹം നിയമിതനാകുന്നത്. മുന്‍പ് ഐബിഎമ്മിന്റെ സിസ്റ്റംസ് ആന്‍ഡ് ടെക്നോളജി ഗ്രൂപ്പിന്റെ ഡവലപ്മെന്റ് ആന്റ് മാനുഫാക്ചറിംഗ് ഓര്‍ഗനൈസേഷന്റെ ജനറല്‍ മാനേജരായും അരവിന്ദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുമുമ്പ് ഐബിഎമ്മിന്റെ ഡാറ്റയുമായി ബന്ധപ്പെട്ട നിരവധി ബിസിനസുകള്‍ കൈകാര്യം ചെയ്തിരുന്നതും അരവിന്ദാണ്.

ഇതോടെ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല,ആല്‍ഫബെറ്റിന്റെ സുന്ദര്‍ പിച്ചൈ എന്നിവര്‍ക്കൊപ്പം മൂന്നാമനായി അരവിന്ദ് കൃഷ്ണയുടെയും പേര് കുറിക്കപ്പെട്ടു. ഇപ്പോള്‍ ലോകത്തെ 10 മുന്‍നിര ടെക് കമ്പനികളുടെ സിഇഒമാരില്‍ മൂന്നുപേരും ഇന്ത്യക്കാര്‍ ആണ്. അരവിന്ദ് കൃഷ്ണയുടെ സിഇഒ സ്ഥാനത്തേക്കുള്ള വരവ് ഏറെ പ്രതീക്ഷയോടെയാണ് സാങ്കേതിക രംഗം നോക്കി കാണുന്നത്.

വേഗത്തിന്റെ കാര്യത്തില്‍ സൂപ്പര്‍ കമ്പ്യൂട്ടറുകളെയും കടത്തിവെട്ടുന്ന ക്വാണ്ടം കമ്പ്യൂട്ടിംഗ് 5 വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്ന് അരവിന്ദ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ഇപ്പോഴുള്ളതിലും 1000 മടങ്ങ് ശേഷിയുള്ള ബാറ്ററികളും ഭാരം കുറഞ്ഞ വിമാനങ്ങളുമൊക്കെ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗൂഗിളും ഏറെ താല്‍പര്യമെടുക്കുന്ന ഈ രംഗത്ത് ഐബിഎം എത്രത്തോളം വിജയം നേടുമെന്ന് വരുംകാലം വ്യക്തമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version