Uncategorised

രോഗികളുടെ ചലനശേഷി വീണ്ടെടുക്കാം; ജിഗൈറ്റര്‍ റോബോട്ട് തിരുവനന്തപുരം ജനറലാശുപത്രിയില്‍

ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ റോബോട്ടിന്റെ സേവനം ലഭ്യമാകുന്നത്

സാമൂഹ്യമാറ്റത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ ആഗോള പ്രശംസ നേടിയ കേരളത്തിന്റെ സ്വന്തം സ്റ്റാര്‍ട്ടപ്പാണ് ജെന്‍ റോബോട്ടിക്സ്. ശ്രദ്ധേയമായ പുതിയ ഉല്‍പ്പന്നം ആരോഗ്യമേഖലയില്‍ അവതരിപ്പിച്ചിരിക്കുകയാണ് അവര്‍. പുതിയ ഉല്പന്നമായ ജിഗൈറ്റര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ജിഗൈറ്റര്‍ വിവിധ രോഗങ്ങള്‍ കാരണം ചലനശേഷി നഷ്ടപ്പെട്ടവരെ നടക്കാന്‍ സഹായിക്കുന്ന റോബോട്ടാണ്. ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ റോബോട്ടിന്റെ സേവനം ലഭ്യമാകുന്നത്.

ആരോഗ്യവകുപ്പും കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും (കെ-ഡിസ്‌ക്) ചേര്‍ന്നാണ് ഇത് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. ഇതോടെ സ്ട്രോക്ക്, സ്പൈനല്‍ കോര്‍ഡ് ഇന്‍ജുറി അപകടങ്ങള്‍, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയവ കാരണം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് ആധുനിക ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ലഭ്യമാക്കാന്‍ ജിഗൈറ്ററിന്റെ സഹായം ലഭ്യമാകും.

വിവിധ രോഗാവസ്ഥകള്‍ മൂലം കേരളത്തില്‍ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ 8.4 ലക്ഷത്തിലേറെ വരുമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. സ്ട്രോക്ക് ബാധിതരുടെ ദേശീയ ശരാശരി 93 ആയിരിക്കെ കേരളത്തില്‍ ലക്ഷത്തില്‍ 152 പേര്‍ ഈ രോഗാവസ്ഥയിലാണ്. ജിഗൈറ്റര്‍ സാങ്കേതികവിദ്യയിലൂടെ ഈ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും, അവരെ അതിവേഗം പുനരധിവസിപ്പിക്കാനും കഴിയും.

സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം കൂടി ലഭിച്ചിട്ടുള്ള ഈ റോബോട്ട് പുനരധിവാസത്തിന് സാങ്കേതികവിദ്യയുടെ പ്രയോഗം സാധ്യമാക്കുന്നതില്‍ വലിയ ചുവടുവെയ്പായിരിക്കുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ ആസ്റ്റര്‍ മെഡിസിറ്റി തങ്ങളുടെ വിവിധ ആശുപത്രികളില്‍ ജിഗൈറ്റര്‍ സാങ്കേതികവിദ്യ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ഇത് സ്ഥാപിക്കാനും അധികൃതര്‍ പദ്ധതിയിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version