മുംബൈ: ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഐപിഒ അലോട്ട്മെന്റ് പ്രഖ്യാപിച്ചു. ജൂലൈ 12 മുതല്‍ 14 വരെ നീണ്ട മൂന്ന് ദിവസത്തെ ബിഡ്ഡിംഗ് പ്രക്രിയയില്‍ 500 കോടി രൂപയുടെ ഐപിഒയ്ക്ക് നിക്ഷേപകരില്‍ നിന്ന് ശക്തമായ പ്രതികരണമാണ് ലഭിച്ചത്.
23-25 രൂപ നിരക്കില്‍ വിറ്റുപോയ ഉത്കര്‍ഷ് എസ്എഫ്ബിയുടെ ഐപിഒ മൊത്തത്തില്‍ 110.77 തവണ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിഡ്ഡേഴ്സിനുള്ള വിഹിതം 135.71 തവണ ബുക്ക് ചെയ്യപ്പെട്ടപ്പോള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കായി സംവരണം ചെയ്ത ക്വാട്ട 78.38 മടങ്ങും ജീവനക്കാരുടെ ഭാഗം 18.02 മടങ്ങും ബിഡ്ഡുകള്‍ നേടി.
2016-ല്‍ ആരംഭിച്ച ചെറുകിട ധനകാര്യ ബാങ്കായ ഉത്കര്‍ഷിന് 6000 കോടി രൂപയുടെ ആസ്തിയുണ്ട്. 2018-19, 2021-2022 സാമ്പത്തിക വര്‍ഷങ്ങളില്‍ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ AUM വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാപനമാണിത്.
ഭൂരിഭാഗം ബ്രോക്കറേജ് സ്ഥാപനങ്ങളും ഉത്കര്‍ഷ് ഐപിഒ സംബന്ധിച്ച് പോസിറ്റീവാണ്. ആകര്‍ഷകമായ വില, ശക്തമായ ബാലന്‍സ് ഷീറ്റ്, മികച്ച ബിസിനസ്സ് അടിസ്ഥാനങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍സബ്‌സ്‌ക്രെബ് ചെയ്യാന്‍ നിര്‍ദ്ദേശമുണ്ട്.