കോവിഡ് ഉണ്ടാക്കിയ നഷ്ടത്തിനും ഒറ്റിറ്റി തരംഗത്തിനും ശേഷം മലയാള സിനിമ തീയറ്ററുകളിലൂടെ സജീവമായ വര്‍ഷമായിരുന്നു ഇത്. ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്. ഒറ്റിറ്റി വരുമാനം ഉയര്‍ന്നെങ്കിലും 700 കോടി രൂപയുടെ നഷ്ടമാണ് ഒറ്റിറ്റി രംഗത്തിനുണ്ടായിരിക്കുന്നത്.
ആയിരം കോടിയോളം മുതല്‍മുടക്കിലാണ് 220 മലയാളസിനിമകള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇവയുടെ പ്രമോഷന്‍, മാര്‍ക്കറ്റിംഗ് എന്നിവയ്ക്കായി തന്നെ നല്ലൊരു തുക ചെലവായിരുന്നു. എന്നാല്‍ ഇവയില്‍ ബഹുഭൂരിപക്ഷവും തിയറ്റര്‍ ഹിറ്റ് ആയില്ല. പുറത്തിറങ്ങിയതില്‍ 30ല്‍ താഴെ ചിത്രങ്ങള്‍ മാത്രമാണ് നിര്‍മാതാക്കള്‍ക്ക് ലാഭം സമ്മാനിച്ചത്.
ഒ.ടി.ടി, സാറ്റലൈറ്റ്, ഓവര്‍സീസ് റൈറ്റ്സ് വില്പനയില്‍ നിന്നുള്ള വരുമാനത്തില്‍ 40 ശതമാനത്തോളം കുറവു വന്നിട്ടുണ്ട്. നിര്‍മാണ ചെലവിനേക്കാള്‍ ലാഭത്തില്‍ ഒ.ടി.ടി റൈറ്റ്സ് വിറ്റുപോയ അവസ്ഥ ഇന്നില്ല. സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ കണ്ണുംപൂട്ടി വിജയിച്ചിരുന്നു കാലവും മാറി. ജനങ്ങള്‍ കൂടുതല്‍ സെലെക്ട്ടീവ് ആയെന്നാണ് മാറ്റങ്ങള്‍ വ്യക്തമാക്കുന്നത്. മുന്‍നിര നായകന്മാരുടെ ചിത്രങ്ങള്‍ പോലും തിയറ്ററില്‍ അനക്കമില്ലാതെ പോയി.

