ഒരു കുല നേന്ത്രപഴത്തിന് നാലായിരം രൂപക്ക് മുകളില്‍ വിലവരുന്ന വിളയാണ് ചെങ്ങാലിക്കോടന്‍. 2015 ഭൗമസൂചിക പട്ടികയില്‍ ഇടം പിടിച്ച ചെങ്ങാലിക്കോടന് ഇപ്പോള്‍ സംസ്ഥാനത്തിനകത്തും പുറത്തും ഒരുപോലെ വിപണി സാധ്യതവര്‍ധിച്ചു വരികയാണ്. ഓണം, വിഷു കാലങ്ങളില്‍ തൃശ്ശൂര്‍ ജില്ലക്കാര്‍ക്ക് പ്രത്യേകിച്ച് തലപ്പിള്ളി താലൂക്കിലെ കര്‍ഷകര്‍ക്ക് മോഹവില കിട്ടുന്ന സൗന്ദര്യക്കുലകളാണ് ചെങ്ങാലിക്കോടന്‍. കാലങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ് ചെങ്ങാലിക്കോടന്റെ പ്രശസ്തി. പണ്ട് കാലത്ത് കാഴ്ചക്കുലകള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തലപ്പിള്ളി താലൂക്കിലേക്ക് എത്തിത്തുടങ്ങി. അതോടെ ഈ ഭാഗത്തെ വഴക്കര്‍ഷകരുടെ നല്ലകാലം തെളിഞ്ഞു. ചെങ്ങാലിക്കോടന്റെ പ്രശസ്തി മെല്ലെ കര കറദ്ദാക്കണ തുടങ്ങിയതോടെ തൊട്ടടുത്തുള്ള ഗ്രാമങ്ങളിലെ കര്‍ഷകരും ചെങ്ങാലിക്കോടന്‍ കൃഷിചെയ്യാന്‍ ആരംഭിച്ചു.
ഇന്ന് വേലൂര്‍, പോട്ടോര്‍, തെക്കപ്പറമ്പ്, പുത്തൂര്‍, ആളൂര്‍, മിണാലൂര്‍, മുണ്ടത്തിക്കോട്, വടക്കാഞ്ചേരി, എരുമപ്പെട്ടി, തെക്കുംകര, മുള്ളൂര്‍ക്കര എന്നിവിടങ്ങളിലാണ് ചെങ്ങാലിക്കോടന്‍ കാഴ്ചക്കുലകള്‍ കൃഷിചെയ്യുന്നത്. ഇന്നാട്ടില്‍ വന്നു കൃഷി രീതി മനസിലാക്കി ഗുരുവായൂര്‍, ചൂണ്ടല്‍, കുന്ദംകുളം, എയ്യാല്‍, കേച്ചേരി, മങ്ങാട്, നെല്ലുവായ്, പാണഞ്ചേരി, ആമ്പല്ലൂര്‍, നടത്തറ, പുതുക്കാട് എന്നീ പ്രദേശങ്ങളിലെ ചില കര്‍ഷകരും ഇത് കൃഷിചെയ്യുന്നുണ്ട്. എന്നാല്‍ ഭൗമശാസ്ത്രപരമായ ഏറെ പ്രത്യേകതകള്‍ ഉള്ളത് കൊണ്ട് തന്നെ തൃശൂര്‍ ജില്ലക്ക് പുറത്തു ചെങ്ങാലിക്കോടന്‍ വേരുപിടിച്ച ചരിത്രമില്ല.
ഒരുകാലത്ത് വ്യാവസായികാടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതലായി കൃഷി ചെയ്തിരുന്ന ഇനമായിരുന്നു ചെങ്ങാലിക്കോടന്‍. നെടുനേന്ത്രന്‍, കുഴിനേന്ത്രന്‍, മഞ്ചേരി നേന്ത്രന്‍, കോട്ടയം നേന്ത്രന്‍, ആറ്റുനേന്ത്രന്‍, വാളിയേത്തന്‍, ചങ്ങനാശ്ശേരി നേന്ത്രന്‍, മിന്റ്റോളി (ക്വിന്റല്‍ വാഴ), സാന്‍സിബാര്‍ എന്ന ആനക്കൊമ്പന്‍ തുടങ്ങിയ നേത്രവാഴ ഇനങ്ങളില്‍ വച്ച് ചെങ്ങാലിക്കോടനെ വ്യത്യസ്തമാക്കിയത് അതിമധുരവും പോഷകങ്ങളും ഒപ്പം കാഴ്ച്ചയില്‍ തോന്നുന്ന വ്യത്യസ്തതയുമായിരുന്നു.
കൂടുതലായും ഓണക്കാലത്താണ് ഈ വാഴ കുളക്കാറുള്ളത്. പിന്നീട് വ്യവസായ സാദ്യത മനസിലാക്കിയ കര്‍ഷകരാണ് വിഷുക്കാലത്ത് കുലക്കുന്ന രീതിയില്‍ വാഴക്കന്ന് പരുവപ്പെടുത്തിയത്. നേന്ത്രപ്പഴങ്ങളില്‍ ഏറ്റവുംകൂടുതല്‍ രുചിയുള്ളത് ഈയിനത്തിന്റെ കുലകളിലെ പഴത്തിനാണ് എന്ന് പറയപ്പെടുന്നു. ഉപ്പേരിയുണ്ടാക്കാനും പഴംനുറുക്കിനും ശര്‍ക്കരവരട്ടിക്കും ഏറ്റവും കൂടുതലായി തൃശൂര്‍ ജില്ലക്കാര്‍ ആശ്രയിക്കുന്നത് ഈ ഇനത്തെത്തന്നെയാണ്.
ചെങ്ങാലിക്കോടന്‍ വ്യത്യസ്തമാകുന്നത് എങ്ങനെ ?
സാധാരണ വാഴ നേടുന്നതില്‍ നിന്നും വ്യത്യസ്തമായാണ് ചെങ്ങാലിക്കോടന്റെ കൃഷി രീതി. നല്ല മണ്ണില്‍ നടുന്ന വാഴകളില്‍ നിന്നും തീര്‍ത്തും വിഭിന്നമായി എക്കല്‍ മണ്ണിലും ചെങ്കല്ലിലുമാണ് ചെങ്ങാലിക്കോടന്‍ കൃഷി ചെയ്യുന്നത്. ഇതുണ്ടാക്കാന്‍ പ്രത്യേകം പരിപാലനമുറകള്‍ ആവശ്യമാണ്. സാധാരണവാഴകളില്‍ ചുറ്റും മുളക്കുന്ന കന്നുകള്‍ എത്തും കൃഷിക്ക് ഉചിതമാണ് എങ്കില്‍ ഇവിടെ അതല്ല രീതി. മുന്‍കൂട്ടി മാതൃവാഴയില്‍നിന്ന് ഇളക്കിയെടുത്ത മൂന്നരമാസം മൂപ്പുള്ള കന്നുകളാണ് നടീല്‍ വസ്തു. വേര് മുറിയാതെ ഈ വാഴന്നിനെ വേര്‍പ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേക വൈദഗ്ദ്യം ലഭിച്ച കര്‍ഷകര്‍ക്ക് മാത്രമേ അതിനു സാധിക്കുകയുള്ളൂ. വെട്ടുകല്ലില്‍ നട്ട വഴക്കന്നുകള്‍ കൃത്യം പതിനൊന്നു മാസം കൊണ്ട് കുലക്കുന്നു. ഓണം മുന്‍നിര്‍ത്തി വാഴക്കൃഷി ചെയ്യുന്നവര്‍ സാധാരണയായി കന്നിമാസമാണ് നടീല്‍ മാസമായി തെരഞ്ഞെടുക്കുന്നത്.
ഇപ്പോള്‍, ചെങ്ങാലിക്കോടന്‍ വാഴക്കൃഷിയുടെ പ്രോത്സാഹനത്തിനു ചേലക്കര മണ്ഡലത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ചെങ്ങാലിക്കോടന്‍ വാഴകൃഷി കൂടുതല്‍ സ്ഥലത്തേക്കു വ്യാപിപ്പിക്കുന്നതിനും ചെങ്ങാലിക്കോടന്റെ വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ തീരുമാനങ്ങള്‍ ഇവര്‍ സമയാസമയങ്ങളില്‍ സ്വീകരിച്ചു വരുന്നു. നിലവില്‍ 38 ഹെക്ടര്‍ സ്ഥലത്താണു മുള്ളൂര്‍ക്കര പഞ്ചായത്തില്‍ മാത്രം ചെങ്ങാലിക്കോടന്‍ വാഴകൃഷി ചെയ്യുന്നത്. സ്‌പെഷ്യല്‍ അഗ്രിക്കള്‍ച്ചര്‍ സോണില്‍ ഉള്‍പ്പെടുത്തി ചെങ്ങാലിക്കോടന്‍ വാഴകൃഷിക്കു നിലവില്‍ കൃഷി വകുപ്പ് കര്‍ഷകര്‍ക്കു ഹെക്ടറിനു 20000 രൂപ അധിക ധനസഹായം നല്‍കി വരുന്നത് വാഴകൃഷിക്ക് പ്രോത്സാഹനമാകും.