കേന്ദ്ര എംഎസ്എംഇ മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്കും (സിഡ്ബി) സംയുക്തമായി രൂപീകരിച്ച ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം മുഖം മിനുക്കി കൂടുതല്‍ ആകര്‍ഷകമായിരിക്കുകയാണ്. ഗ്യാരണ്ടി വായ്പ തുക ഉയര്‍ത്തുകയും, ഇതിന് സംരംഭകര്‍ക്ക് വരുന്ന ചിലവ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു കോടി രൂപ വരെ ഈടില്ലാ വായ്പ നേടാന്‍ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം ചെറുകിട സംരംഭകര്‍ പ്രയോജനപ്പെടുത്തണം.
ചെറുകിട വ്യവസായ മേഖല ഏറ്റവും ശക്തമായ ഒരു തൊഴില്‍ മേഖലയാണ്. വായ്പ ലഭിക്കാത്തതിന്റെ പേരില്‍ ഈ സംരംഭ മേഖലയ്ക്ക് തളര്‍ച്ച ഉണ്ടാവാന്‍ പാടില്ല. വായ്പയ്ക്ക് കൊളാറ്ററല്‍ സെക്യൂരിറ്റി ഒരു തടസ്സമാകാന്‍ പാടില്ല. ഈ സാഹചര്യത്തിലാണ് ക്രെഡിറ്റ് ഗ്യാരന്റി പദ്ധതിയുടെ പ്രാധാന്യം കൂടിവരുന്നത്. ഇപ്പോള്‍ ഈ പദ്ധതിയില്‍ മൗലികമായ കുറെയേറെ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. 2023 ഏപ്രില്‍ ഒന്നു മുതല്‍ ഗ്യാരണ്ടി വായ്പ തുക ഉയര്‍ത്തുകയും, ഇതിന് സംരംഭകര്‍ക്ക് വരുന്ന ചിലവ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
5 കോടി രൂപ വരെ സര്‍ക്കാര്‍ ഗ്യാരണ്ടി
പരമാവധി രണ്ട് കോടി രൂപ വരെ ആയിരുന്നു ക്രെഡിറ്റ് ഗ്യാരണ്ടി വായ്പ തുക. ഇപ്പോള്‍ ഇത് അഞ്ചു കോടി രൂപയായി ഉയര്‍ത്തിയിരിക്കുന്നു. കെട്ടിടവും ഭൂമിയും മറ്റു ആസ്തികളും സെക്യൂരിറ്റിയായി നല്‍കാന്‍ കഴിയാത്ത സംരംഭകര്‍ക്ക് ആശ്വാസം പകരുന്ന പദ്ധതിയാണ് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി അഥവാ സിജിടിഎംഎസ്ഇ (CGTM-SE). എല്ലാത്തരം സംരംഭങ്ങള്‍ക്കും ഇപ്പോള്‍ ക്രെഡിറ്റ് ഗ്യാരണ്ടി വായ്പ ലഭിക്കും.
വ്യവസായം വാണിജ്യം, കച്ചവടം, സേവനം എന്നീ മേഖലകള്‍ക്കെല്ലാം തന്നെ ഇപ്പോള്‍ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി പ്രകാരം ഉള്ള ആനുകൂല്യം ലഭിക്കുന്നു. സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ നിര്‍വചനത്തില്‍ വാണിജ്യ മേഖലയെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്ഥിര ആസ്തികള്‍ സമ്പാദിക്കുന്നതിനുള്ള സമയ വായ്പയ്ക്കും അതുപോലെ തന്നെ പ്രവര്‍ത്തന മൂലധന വായ്പയ്ക്കും ഇത് പ്രകാരമുള്ള ആനുകൂല്യം ലഭിക്കും. സംയുക്ത വായ്പയായും ഇത് ലഭിക്കും.
ഗ്യാരണ്ടി ഫീസ് കുറച്ചു
സംഭകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നാണ് ഈ തീരുമാനം. ഗ്യാരണ്ടി ഫീസില്‍ ഗണ്യമായ തോതില്‍ കുറവ് വരുത്തിയിരിക്കുന്നു. 2023 ഏപ്രില്‍ ഒന്നിനുശേഷം ഈ സൗകര്യം ഉപയോഗിച്ച് വായ്പയെടുക്കുന്ന സംരംഭങ്ങള്‍ താഴെപ്പറയുന്ന ഗ്യാരണ്ടി ഫീസ് മാത്രം നല്‍കിയാല്‍ മതിയാകും.
10 ലക്ഷം രൂപ വരെ – 0.37%
10 – 50 ലക്ഷം രൂപ – 0.55%
50 – 100 ലക്ഷം രൂപ – 0.60%
100 – 200 ലക്ഷം രൂപ – 1.20%
ഇതിനു മുകളിലുള്ള വായ്പാ തുകയ്ക്ക് 1.35% ഗ്യാരണ്ടി ഫീസ് ആണ് നല്‍കേണ്ടത്. 2% വരെ ഉണ്ടായിരുന്ന ഗ്യാരണ്ടി ഫീസ് ആണ് ഈ രീതിയില്‍ കുറച്ചത്. ഓരോ വര്‍ഷവും തിരിച്ചടയ്ക്കാന്‍ ബാക്കി നില്‍ക്കുന്ന തുകയ്ക്ക് ഇതേ നിരക്കിലാണ് ഫീസ് നല്‍കേണ്ടത്. കൈവശമുള്ള അസ്തികള്‍ ഈടായി കൊടുക്കുകയും ബാക്കിവരുന്ന തുകയ്ക്ക് ഗ്യാരണ്ടി സ്വീകരിക്കുകയും ചെയ്യുന്ന രീതിയില്‍ വായ്പ സ്വീകരിക്കാം എന്ന സവിശേഷതയും ഉണ്ട്.
85% വരെ ഗ്യാരണ്ടി കവറേജ്
ഈ പദ്ധതി പ്രകാരം എടുക്കുന്ന വായ്പയുടെ 85 ശതമാനം വരെ ഗ്യാരണ്ടി ലഭിക്കുന്നതാണ്. 5 ലക്ഷം രൂപ വരെയുള്ള മൈക്രോ സംരംഭങ്ങള്‍ക്കുള്ള വായ്പക്കും, വനിതകള്‍, എസ്സി/എസ്ടി സംരംഭകര്‍ പിന്നോക്ക ജില്ലക്കാര്‍, അംഗപരിമിത വിഭാഗത്തില്‍ പെടുന്നവര്‍, ഇസഡ് സര്‍ട്ടിഫിക്കേഷന്‍ നേടിയവര്‍, കര്‍ഷക സംരംഭങ്ങള്‍ എന്നിവര്‍ക്ക് 85% വരെ ഗ്യാരണ്ടി കവറേജ് ലഭിക്കും. മറ്റുള്ളവര്‍ക്ക് 75% തുകയ്ക്കാണ് ഗ്യാരണ്ടി കവറേജ് ലഭിക്കുക. പിന്നാക്ക ജില്ലകളിലെയും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെയും സംരംഭങ്ങള്‍ക്ക് 80 ശതമാനം ഗ്യാരണ്ടി ലഭിക്കും. 50 ലക്ഷത്തിന് മുകളില്‍ എടുക്കുന്ന വായ്പയുടെ 75% ആണ് ഗ്യാരണ്ടിയായി ലഭിക്കുക.
സിഡ്ബിയുടെ കീഴില്‍ രൂപീകരിക്കപ്പെട്ട ഗ്യാരന്റി ട്രസ്റ്റ് ആണ് പദ്ധതി നടപ്പാക്കുന്നത്. ഇനിമേല്‍ സ്വകാര്യ/ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും എടുക്കുന്ന അഞ്ചു കോടി രൂപ വരെയുള്ള വായ്പക്ക് പ്രത്യേക ഈട് നല്‍കേണ്ടതില്ല. ഇതില്‍ അംഗങ്ങളായ നോണ്‍ ബാങ്കിംഗ് കമ്പനികള്‍ക്കും ഇത് ബാധകമാണ്. വിശദവിവരങ്ങള്‍ക്ക് www.cgtmse.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)