Startup

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം രൂപ വായ്പയും 2 ലക്ഷം രൂപ സബ്സിഡിയും

മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും പദ്ധതി പ്രകാരം വായ്പ ലഭിക്കും

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി നടപ്പാക്കിവരുന്ന ഒരു പദ്ധതിയെക്കുറിച്ചാണ് ഇത്തവണ. മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും പദ്ധതി പ്രകാരം വായ്പ ലഭിക്കും. ഈ വിഭാഗത്തിലെ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ് സംരംഭം ആരംഭിക്കുന്നതിനാണ് വായ്പയും സബ്സിഡിയും അനുവദിക്കുക.

മതന്യൂനപക്ഷങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെ

മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രൊഫഷണലുകള്‍ക്ക് 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഒബിസി വിഭാഗക്കാര്‍ക്ക് 15 ലക്ഷം രൂപയാണ് പരമാവധി സ്റ്റാര്‍ട്ടപ് വായ്പയായി അനുവദിക്കുന്നത്.

പ്രൊഫഷണലുകള്‍ക്ക് പരിഗണന

അപേക്ഷകര്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വിജയിച്ചവര്‍ ആയിരിക്കണം. എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബി-ആര്‍ക്ക്, വെറ്റിനറി സയന്‍സ്, ബിഎസ്സി അഗ്രികള്‍ച്ചര്‍, ബിഫാം, ബയോടെക്നോളജി, ബിസിഎ, എല്‍എല്‍ബി, എംബിഎ, ഫുഡ് ടെക്നോളജി, ബിസിഎ, ഫൈന്‍ ആട്സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എജുക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തുടങ്ങിയ കോഴ്സുകള്‍
വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

മെഡിക്കല്‍/ ആയുര്‍വേദ/ ഹോമിയോ/ സിദ്ധ/ ദന്തല്‍ ക്ലിനിക്കുകള്‍, വെറ്റിനറി ക്ലിനിക്ക്, സിവില്‍ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്‌റ്റ്വെയര്‍ ഡെവലപ്മെന്റ്, ഡയറി ഫാം, അക്വാ കള്‍ച്ചര്‍, ഫിറ്റ്നസ് സെന്റര്‍, ഫുഡ്പ്രോസസിങ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യു കള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എന്‍ജിനീയറിംഗ് വര്‍ക്ക്ഷോപ്പ്, തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭവും ആരംഭിക്കുന്നതിന് വായ്പ ലഭിക്കുന്നതാണ്.

യോഗ്യതകള്‍

പ്രായം 40 വയസ്സില്‍ താഴെ ആയിരിക്കണം. പ്രൊഫഷണല്‍ ഡിഗ്രി ഉണ്ടായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍
അധികരിക്കാന്‍ പാടില്ല.

പലിശ നിരക്കും തിരിച്ചടവും

വായ്പയുടെ 8 ശതമാനമാണ് വാര്‍ഷിക പലിശ. 84 മാസം വരെയാണ് തിരിച്ചടവ് കാലാവധി. വായ്പക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നിര്‍ബന്ധമാണ്. പദ്ധതി ചെലവിന്റെ 95% വരെ വായ്പയായി ലഭിക്കും. ബാക്കി സംരംഭകന്‍ സ്വന്തം നിലയില്‍ കണ്ടെത്തണം.

രണ്ടുലക്ഷം രൂപ വരെ സബ്സിഡി

പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നോര്‍ക്ക റൂട്ട്സ് വഴി വായ്പയെടുത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പദ്ധതി ചെലവിന്റെ 20%, പരമാവധി രണ്ട് ലക്ഷം രൂപ വരെ സബ്സിഡിയായി അനുവദിക്കും. കൃത്യമായി വായ്പ തിരിച്ചടവ് നടത്തുന്നവര്‍ക്കാണ് സബ്സിഡി ആനുകൂല്യങ്ങള്‍ നല്‍കുക.

അപേക്ഷകള്‍ നേരിട്ട്

കോര്‍പ്പറേഷന്റെ ജില്ലാ/മേഖല ഓഫീസുകള്‍ വഴി അപേക്ഷ ഫോമുകള്‍ ലഭ്യമാണ്. ഇവ ഓഫീസുകളില്‍ നേരിട്ട് സമര്‍പ്പിക്കുകയും വേണം. അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, സ്ഥിര ആസ്തികള്‍ക്കുള്ള കൊട്ടേഷനുകള്‍ വിശദമായ പദ്ധതി രൂപരേഖ എന്നിവയും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ/ മേഖല ഓഫീസുകളുമായി ബന്ധപ്പെടുക.

(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version