Life

‘യൂടേണ്‍’ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടം

ബഹുമുഖ പ്രതിഭയെന്ന തലത്തില്‍ എ വി അനൂപെന്ന വ്യക്തിയുടെ നിര്‍ണായക വളര്‍ച്ചയെ കൂടി അടയാളപ്പെടുത്തുന്നു ഈ ഉദ്യമം.

രസകരമായ ജീവിതാനുഭവങ്ങളുടെ, കൂടിക്കാഴ്ചകളുടെ, പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിച്ച ആത്മവിശ്വാസത്തിന്റെ, ജീവിതത്തിന്റെ ഉപ്പിന്റെയും പുളിയുടെയും മധുരത്തിന്റെയും കയ്പ്പിന്റെയുമെല്ലാം ആകെത്തുകയാണ് എ വി അനൂപിന്റെ ‘യൂ ടേണ്‍’. വ്യവസായി, നാടകനടന്‍, സിനിമാ അഭിനേതാവ്, സിനിമാ നിര്‍മാതാവ്, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി എണ്ണമറ്റ റോളുകള്‍ ജീവിതത്തില്‍ മികച്ചതാക്കിയ എ വി അനൂപ് എഴുത്തുകാരന്റെ വേഷമണിയുകയാണ് യൂ ടേണിലൂടെ. സ്വന്തം ജീവിതാനുഭവങ്ങളാണ് അദ്ദേഹം ഇതിന്റെ താളുകളില്‍ തുറന്നിട്ടിരിക്കുന്നത്. പ്രമുഖ പ്രസാധകരായ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം അവതരണ ശൈലി കൊണ്ടും അനുഭവങ്ങളുടെ തുറന്നെഴുത്തുകൊണ്ടും ശ്രദ്ധേയമാണ്. ബഹുമുഖ പ്രതിഭയെന്ന തലത്തില്‍ എ വി അനൂപെന്ന വ്യക്തിയുടെ നിര്‍ണായക വളര്‍ച്ചയെ കൂടി അടയാളപ്പെടുത്തുന്നു ഈ ഉദ്യമം. കൊറോണ സമയത്ത് ചിന്തിക്കാനുള്ള സമയം ഏറെ കിട്ടിയപ്പോഴാണ്പുസ്തക രചനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതെന്ന് എ വി അനൂപ് പറയുന്നു. ‘കൃത്യം രണ്ടു വര്‍ഷം മുന്‍പാണ് കടലാസിലേക്ക് ഓര്‍മകള്‍ പകര്‍ത്താനാരംഭിച്ചത്. നോട്ട്സോ ഡയറിയോ ഒന്നും എഴുതുന്ന ആളായിരുന്നില്ല ഞാന്‍. പോക്കറ്റില്‍ ഒരു കടലാസ്പോലും വെക്കുന്ന ആളല്ല. സ്വാഭാവികമായി വരുന്ന ഓര്‍മകള്‍ പകര്‍ത്തുകയായിരുന്നു. പ്രത്യേക അടുക്കൊന്നുമുണ്ടായിരുന്നില്ല. മുഴുവന്‍ എഴുതിക്കഴിഞ്ഞാണ് ഒരു അടുക്കുണ്ടാക്കിയത്.’ ഡോ. എ വി അനൂപിന്റെ തിരിഞ്ഞുനോട്ടത്തിലേക്ക്…

ഓര്‍മകള്‍ ആദ്യം ഓടിക്കളിക്കാനെത്തുന്നത് തൃശൂരിലെ വീട്ടിലേക്കാണ്. കുസൃതി നിറഞ്ഞ കുട്ടിക്കാലത്തിന്റെ ഗൃഹാതുരത്വം തുടിക്കുന്ന ഓര്‍മകള്‍ പുസ്തകത്തെ സമ്പന്നമാക്കുന്നുണ്ട്. ഫിഷറീസ് ഡയറക്ടര്‍ എ ജി വാസവന്റെയും ലില്ലിഭായിയുടെയും പ്രിയപുത്രന്‍. അനിലച്ചേച്ചിയുടെ
അനുജന്‍, അഞ്ജലിയുടെ ജ്യേഷ്ഠനും. പിതാവിന്റെ ട്രാന്‍സ്ഫറുകള്‍ക്കൊത്ത് കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാമായാണ് അനൂപിന്റെ ബാല്യ കൗമാരങ്ങള്‍ പിറന്നു മറഞ്ഞത്.

തിരുവനന്തപുരം അമ്പലനഗറിലേക്ക് കുടുംബം താമസത്തിനെത്തുമ്പോഴേക്കും കൗമാരത്തിലേക്ക് പദമൂന്നുന്ന മുതിര്‍ന്ന കുട്ടിയായിരുന്നു അനൂപ്. ആദര്‍ശ ധീരനായ പിതാവിന്റെ സ്നേഹ ശിക്ഷണങ്ങളിലാണ് കുട്ടികള്‍ മൂവരും വളര്‍ന്നത്. മക്കള്‍ വായിച്ചു വളരണമെന്ന് വാസവന് നിര്‍ബന്ധമുണ്ടായിരുന്നു. മധ്യവേനലവധിക്കാലത്ത് സ്‌കൂളിലേക്കു പോകുന്നതു പോലെ ബാഗും ഉച്ചഭക്ഷണവുമായി അനൂപും സഹോദരിമാരും പബ്ലിക് ലൈബ്രറിയിലെത്തും. അവിടെ വൈകുന്നേരം വരെ പുസ്തക വായന. മുത്തച്ഛന്‍ എ സി ഗോവിന്ദന്റെ പുസ്തകങ്ങള്‍ വെച്ച പ്രത്യേക റാക്ക് അവിടെ അനൂപ് കണ്ടു. സാഹിത്യത്തില്‍ അദ്വിതീയനായ മുത്തച്ഛന്റെ, ഏതൊരു മോട്ടിവേഷണല്‍ സ്പീക്കറെയും മറികടക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്ത പുസ്തകങ്ങളായിരുന്നു അത്. കൊറോണക്കാലത്ത് വായിച്ചപ്പോഴാണ് ഈ പുസ്തകങ്ങളുടെ ഗഹനതയും പ്രസക്തിയും ബോധ്യമായതെന്ന് അദ്ദേഹം പറയുന്നു.

നാടകാഭിനയം ഒരു താല്‍പ്പര്യ വിഷയമായി മാറിയത് ഇക്കാലത്താണ്. ആകാശവാണിയിലെ സിനിമാ, നാടക ശബ്ദരേഖകള്‍ അനുകരിച്ചായിരുന്നു തുടക്കം. സഭാകമ്പം മൂലം ആദ്യത്തെ ഉദ്യമങ്ങള്‍ പാളിയ അനുഭവങ്ങള്‍ വളരെ രസകരമായി പുസ്തകത്തില്‍ അനൂപ് വരച്ചിട്ടിട്ടുണ്ട്. വായനക്കാരെക്കൂടി അത്തരമൊരു ഗൃഹാതുര കാലത്തേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. കളിചിരികളും സന്തോഷവും നിറഞ്ഞ കുടുംബത്തിലേക്ക് ഒരാഘാതമായി മരണം കടന്നു വരുന്നു. 53 ാം വയസില്‍ എ ജി വാസവന്‍ വിടവാങ്ങുമ്പോള്‍ നിസഹായതയോടെ പരസ്പരം നോക്കിയിരുന്നു നാല് ‘അ’ കളെ ഓര്‍ക്കുന്നു അനൂപ്. ജീവിതവുമായുള്ള പോരാട്ടത്തിന് മനസിനെ ദൃഢമാക്കുന്ന ഒരു നവയുവാവിനെയാണ്പിന്നീട് പുസ്തകത്താളുകളില്‍ നാം കണ്ടുമുട്ടുക. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്നു അന്ന് അനൂപ്. കുടുംബത്തിന്റെ സംരക്ഷണ ചുമതല തോളിലെത്തിയതോടെ നിത്യവൃത്തി കണ്ടെത്താനായി ഒരു ടാക്സി സര്‍വീസ് ആരംഭിക്കുന്നു.

സഹോദരീ ഭര്‍ത്താവ് നല്‍കിയ മറ്റഡോര്‍ വാഹനമായിരുന്നു തുണയായത്. ടാക്സി ഓടിച്ചും മറ്റ് ടാക്സി സര്‍വീസുകള്‍ക്ക് ആളുകളെ ബുക്ക് ചെയ്തു കൊടുത്തും അക്കാലത്ത് തരക്കേടില്ലാത്ത വരുമാനം കണ്ടെത്തുമായിരുന്നു ആ ചെറുപ്പക്കാരന്‍. ഇക്കാലത്താണ് അമ്മാവനായ ഡോ. വി പി സിദ്ധന്റെ ചെന്നൈയിലെ സ്ഥാപനത്തില്‍ പ്രതിസന്ധിയുണ്ടാക്കി തൊഴില്‍ സമരം ഉണ്ടാവുന്നത്. അല്‍പ്പം ശാന്തി തേടി അമ്മാവന്‍ സഹോദരിക്കും മക്കള്‍ക്കുമൊപ്പം കുറച്ചു ദിവസം താമസിക്കാനെത്തി. അനൂപ് ചെയ്യുന്ന ചെറിയ ബിസിനസ് അദ്ദേഹം ശ്രദ്ധിച്ചു.

തിരികെ മദ്രാസിലെത്തിയ അദ്ദേഹം തന്റെ ബിസിനസിന്റെ ഭാഗമാകണമെന്നാവശ്യപ്പെട്ട് അനൂപിന് കത്തയച്ചു. ഉറപ്പായിരുന്ന സര്‍ക്കാര്‍ ഉദ്യോഗവും വേണ്ടെന്നുവെച്ച് മനസില്ലാ മനസോടെയാണെങ്കിലും എ വി അനൂപ് അങ്ങനെ മദ്രാസിന് വണ്ടി കയറി. അന്നുതൊട്ടിന്നോളം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ് പഴയ മദ്രാസ്, ഇന്നത്തെ ചൈന്നൈ. ഒരു വ്യവസായിയെന്ന നിലയില്‍, അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തിന് ആവോളം സ്നേഹം നല്‍കിയ പട്ടണം.

മെഡിമിക്സിനെ ബാലാരിഷ്ടതകളില്‍ സംരക്ഷിച്ച് വളര്‍ത്തുകയെന്ന ചുമതലയാണ് അനൂപില്‍ നിക്ഷിപ്തമായത്. അതിനായുള്ള ഓട്ടപ്രദക്ഷിണമായിരുന്നു പിന്നീട്. സോപ്പ് ഫാക്ടറി തമിഴ്നാട്ടിലെ ഗ്രാമങ്ങളിലേക്ക് പറിച്ചു നടപ്പെട്ടു. അവിടെനിന്നും വിദൂരങ്ങ
ളിലേക്ക് സോപ്പുമായി സൈക്കിളിലും ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചു. മെഡിമിക്സ് എന്ന ബ്രാന്‍ഡ് വളര്‍ത്താന്‍ ഡോ. സിദ്ധനും മകന്‍ പ്രദീപും അനൂപും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു.

മെഡിമിക്സിനെ ദക്ഷിണേന്ത്യക്കപ്പുറം ബോംബെയിലേക്കും വളര്‍ത്താന്‍ നിയോഗിക്കപ്പെട്ടത് എ വി അനൂപാണ്. സ്‌കൂളില്‍ എന്‍സിസിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഹൃദിസ്ഥമാക്കിയ മുറി ഹിന്ദിയുമായി ഭാരമുള്ള സോപ്പ് സഞ്ചിയുമേന്തി ദിവസവും ട്രെയിനില്‍ 75 കിലോമീറ്റര്‍ യാത്ര ചെയ്ത്, മദിരാശിവാല എന്ന ആക്ഷേപവും കേട്ട് മഹാനഗരത്തില്‍ മെഡിമിക്സിനെ അദ്ദേഹം വളര്‍ത്തിയെടുത്തു.

വീടിനോടു ചേര്‍ന്ന ഒറ്റമുറിയില്‍ നിന്ന് നിരവധി നിലകളുള്ള കോര്‍പ്പറേറ്റ് ഓഫീസിലേക്കുള്ള മെഡിമിക്സിന്റെ വളര്‍ച്ച ഇപ്രകാരം കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെയായിരുന്നു. എ വി അനൂപ് ഒറ്റയ്ക്ക് നടന്ന് തീര്‍ത്തതല്ല ആ പാതകളൊന്നും. കമ്പനിയുടെ തുടക്കത്തില്‍ തന്നെ ഏറ്റവും താഴെയുള്ള പോസ്റ്റുകളില്‍ നിയമിതരായി ഒടുവില്‍ കമ്പനിയുടെ ഉന്നത നേതൃതലത്തില്‍ വരെയെത്തിയ അനേകം കഠിനാധ്വാനികളെ അദ്ദേഹം യൂ ടേണില്‍ പരിചയപ്പെടുത്തുന്നുണ്ട്. മെഡിമിക്സിന്റെ കലണ്ടറുകളും സോപ്പ് കവറും മറ്റും അച്ചടിച്ച് പിന്നീട് ശിവകാശിയിലെ പ്രധാന പ്രിന്ററായി മാറിയ ഡി രാജേന്ദ്രന്‍, സോപ്പ് നിര്‍മാണത്തിനാവശ്യമായ വെളിച്ചെണ്ണ നല്‍കിത്തുടങ്ങി പിന്നീട് മെഡിമിക്സിനെക്കാള്‍ വളര്‍ന്ന അരിശിക്കരയിലെ രവി ഇന്‍ഡസ്ട്രീസ്… വിജയകഥകള്‍ ഓരോന്നായി അനാവരണം ചെയ്യപ്പെടുന്നു.

വിഷമില്ലാത്ത ഭക്ഷണത്തിന് ആരോഗ്യകരമായ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവാനാണ് എ വി അനൂപ്. ആയുര്‍വേദം, പ്രകൃതി ചികിത്സ, യോഗപരിശീലനം എന്നിവ സമ്മേളിപ്പിച്ച് ‘സഞ്ജീവനം’ ചെന്നൈയില്‍ ആരംഭിക്കുന്നത് ഈ ആശയം മുന്‍നിര്‍ത്തിയാണ്. പിന്നീട് ലോകോത്തര നിലവാരത്തില്‍ കൊച്ചിയില്‍ സഞ്ജീവനം പ്രവര്‍ത്തനം ആരംഭിച്ചു. ഡോ. സിദ്ധന് അര്‍ഹിക്കുന്ന സ്മാരകമായി ഈ സ്ഥാപനത്തെ വളര്‍ത്തിയെടുത്തു എ വി അനൂപ്. ഇവിടെ നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മാനവരാശിക്ക് തന്നെ ഏറെ ഗുണപ്രപദമാണ്.

അഭിനിയം അഭിനിവേശം

അഭിനയത്തോട് എന്നും അഭിനിവേശം കാട്ടിയിട്ടുണ്ട് എ വി അനൂപ്. കുട്ടിക്കാലത്തെ നാടകാഭിനയം ചെന്നൈയിലെത്തിയപ്പോള്‍ കൂടുതല്‍ പരിപോഷിപ്പിക്കാന്‍ സാധിച്ചു. അതിനൊരു നിമിത്തവുമുണ്ടായി. 1980 കളില്‍ മലയാളി ക്ലബ്ബില്‍ അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങി. സഭാകമ്പം മറികടക്കാന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനം സഹായിച്ചു. ക്ലബ്ബിലെ നാടപകരിശീലനം അദ്ദേഹത്തിലെ കലാകാരനെ വീണ്ടും ഉണര്‍ത്തി. വീട്ടില്‍ നിന്നു തന്നെ ഒരു സഹകലാകാരനെയും ലഭിച്ചു, സാക്ഷാല്‍ ഡോ. സിദ്ധന്‍ തന്നെ. മലയാളി ക്ലബ്ബ് നാടകവേദി ആരംഭിക്കുന്നത് തന്നെ ഡോ. സിദ്ധന്റെ താല്‍പ്പര്യത്തിലാണ്. ഒരു നടനായും അദ്ദേഹം മുന്നില്‍ തന്നെ നിന്നു. ശരിക്കും നാടക കുടുംബം എന്ന പേര് അന്വര്‍ത്ഥമാക്കി പില്‍ക്കാലത്ത് ഡോ. എ വി അനൂപിന്റെ മക്കളായ ലാഞ്ചനയും പ്രതീക്ഷയും മലയാളി വേദിയുടെ നാടകങ്ങളില്‍ സജീവമായി.

പിന്നീട് എ വി അനൂപ് ക്ലബ്ബിന്റെ സെക്രട്ടറിയായി. 1897 ല്‍ സ്ഥാപിച്ച ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള മലയാളിക്കൂട്ടായ്മയാണ് ചെന്നൈയിലെ മലയാളി ക്ലബ്ബ്. എ വി അനൂപ് സെക്രട്ടറിയായിരിക്കെ 1996-97 ല്‍ ആണ് ക്ലബ്ബിന്റെ ശതാബ്ദി ആഘോഷങ്ങള്‍ വന്നെത്തിയത്. എ വി അനൂപിന്റെ സംഘാടക മികവ് മാറ്റുരക്കപ്പെട്ടപ്പോള്‍ മറക്കാനാവാത്ത ഒരു കലാവര്‍ഷമാണ് ചെന്നൈ മലയാളികള്‍ക്ക് ലഭിച്ചത്. തന്നെ ഏറ്റവും സ്വാധീനിച്ച സാമൂഹിക പരിഷ്‌കര്‍ത്താവാണ് ശ്രീനാരായണ ഗുരുവെന്ന് എ വി അനൂപ് പറയുന്നു. കുട്ടിക്കാലം മുതല്‍ തന്നെ ഗുരുദേവന്‍ അനൂപിന്റെ മനസില്‍ ദീപമായി കുടികൊണ്ടു. അനൂപിന്റെ അമ്മയുടെ കുടുംബത്തിന്റെ പ്രസിദ്ധനായ ബ്രഹ്‌മശ്രീ ചോലയില്‍ മാമി വൈദ്യരെ കാണാന്‍ ഗുരുദേവന്‍ ചോലയില്‍ തറവാട് സന്ദര്‍ശിച്ചിരുന്നു. ഗുരുവിനെ സമാധി കാലത്തും പരിചരിച്ചത് മാമി വൈദ്യരായിരുന്നു. തന്റെ പൂര്‍വികര്‍ക്ക് ലഭിച്ച ഭാഗ്യമായി ഇത് അനൂപ് കാണുന്നു.

ശ്രീനാരായണ ഗുരുദേവന്റെ ജീവിതം അഭ്രപാളികളിലെത്തിക്കാന്‍ നിയോഗമുണ്ടായതും എ വി അനൂപിനാണ്. യുഗപുരുഷന്‍ എന്ന വന്‍ പ്രൊജക്റ്റുമായാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് വരുന്നത്. ഇതിനായി എവിഎ പ്രൊഡക്ഷന്‍സ് രൂപമെടുത്തു. ആദ്യം എവിഎയില്‍ നിന്ന്പുറത്തിറങ്ങിയത് പ്രണയകാലം എന്ന ചിത്രമാണ്, 2007 ല്‍. പിന്നീട് രണ്ട് വര്‍ഷമെടുത്തു യുഗപുരുഷന്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ നിര്‍മാണത്തിന്. 2010 ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്റര്‍ വിജയമായിരുന്നില്ലെങ്കിലും പിന്നീട് ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വലിയ സ്വീകാര്യത തന്നെ ലഭിച്ചു. ഗുരുദേവന്റെ ജീവിതം ആസ്പദമാക്കിയിറങ്ങിയ റഫറന്‍സ് ചിത്രം എന്ന നിലയിലാണ് ഇപ്പോള്‍ യുഗപുരുഷന്‍ വിലയിരുത്തപ്പെടുന്നത്. 2018 ല്‍ വെറും 51 മണിക്കൂര്‍ കൊണ്ട് ഗുരുവിന്റെ ജീവിതം പ്രമേയമാക്കി ‘വിശ്വഗുരു’ എന്ന ചിത്രവും എ വി അനൂപ് നിര്‍മിച്ചു. ഏറ്റവും വേഗം നിര്‍മിച്ച് റിലീസ് ചെയ്ത ചിത്രമെന്ന ഗിന്നസ് ലോക റെക്കോഡ് ഈ ചിത്രത്തിന്റെ പേരിലാണ്.

ജനപ്രീതിയും ക്രിട്ടിക്കുകളുടെ അംഗീകാരവും നേടിയ ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’, ‘കടാക്ഷം’, തിയേറ്ററുകളെ ഇളക്കി മറിച്ച ‘ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്’, ലിംകാ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയ ‘ആറ് സുന്ദരിമാരുടെ കഥ’, അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ‘ഗപ്പി’ തുടങ്ങി എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങി. എ വി അനൂപിന്റെ നാടക പണിപ്പുര സന്ദര്‍ശിച്ച സംവിധായകന്‍ രഞ്ജിത്ത് ഒരു ശില്‍പ്പശാല സംഘടിപ്പിക്കാനുള്ള നിര്‍ദേശം മുന്നോട്ടു വെക്കുകയും ഈ അഭിനയക്കളരി ക്രമേണ ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയായി പരിണമിക്കുകയുമാണ് ചെയ്തത്.

ഐഎസ്ആര്‍ഒയുടെ പഠന ഗവേഷണ നേട്ടങ്ങള്‍ ചിത്രീകരിച്ച ‘യാനം’ എന്ന ഡോക്യുമെന്ററി വലിയ അംഗീകാരമാണ് നിര്‍മാതാവിന് നേടിക്കൊടുത്തത്. രാജ്യത്തെ 200 ലേറെ പ്രമുഖ ശാസ്ത്രജ്ഞന്‍മാരുടെ സാന്നിധ്യത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്, എ വി അനൂപിനെയും സംവിധായകന്‍ വിനോദ് മങ്കരയെയും ആദരിച്ചു. ഒരു അഭിനേതാവെന്ന നിലയില്‍ സിനിമയിലും തിളങ്ങുകയാണ് ഇപ്പോള്‍എ വി അനൂപ്.

കടാക്ഷത്തിലൂടെ ആരംഭിച്ച സിനിമാ അഭിനയം ഏറ്റവുമൊടുവില്‍ ‘അച്ഛനൊരു വാഴ വെച്ചു’ എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുന്നു. ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് ‘അച്ഛനൊരു വാഴ വെച്ചു’ എന്ന ചിത്രത്തിലെ മുഴുനീള ടൈറ്റില്‍ വേഷത്തിലൂടെ അദ്ദേഹം തെളിയിച്ചു. സോഹന്‍ലാല്‍ സംവിധാനം ചെയ്ത ‘അപ്പുവിന്റെ സത്യാന്വേഷണം’ എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായി അദ്ദേഹം മികച്ചു നിന്നു. നാല് അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചു. അഭിനയ സാധ്യതയുള്ള ചിത്രങ്ങളില്‍ കൂടുതലായി വേഷമിടാനാണ് ഇനി പദ്ധതിയെന്ന് എ വി അനൂപ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version