Business & Corporates

ഇക്കാര്യത്തില്‍ മസ്‌ക്കിനെ കണ്ട് പഠിക്കരുത്…

ഏറ്റെടുക്കലുകള്‍ സ്മാര്‍ട്ട് ആയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നതിന് പുതിയ പാഠപുസ്തകമാണ് മസ്‌ക്ക്

ഇന്നവേഷന്‍ ഇതിഹാസമെന്ന് ആരാധകര്‍ പുകഴ്ത്തുന്ന ഇലോണ്‍ മസ്‌ക്ക് ശതകോടീശ്വരപട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. ഫ്രഞ്ച് സമ്പന്നന്‍ ബെര്‍ണാഡ് അര്‍നോയെ പിന്തള്ളിയാണ് മസ്‌ക്ക് ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടികയില്‍ വീണ്ടും ഒന്നാമതെത്തിയത്. ലൂയി വിറ്റണ്‍, ഫെന്‍ഡി, ഹെന്നസി തുടങ്ങി അനേകം ആഡംബര ബ്രാന്‍ഡുകളുടെ ഉടമയാണ് അര്‍നോ. ഇലോണ്‍ മസ്‌ക്കിന് ഇപ്പോള്‍ 192.3 ബില്യണ്‍ ഡോളര്‍ സമ്പത്തുണ്ട്. അര്‍നോയ്ക്ക് 186.6 ബില്യണ്‍ ഡോളറും. കാലിനടിയില്‍ നിന്ന് ഒലിച്ചുപോകുന്ന മണ്ണിനെ തടഞ്ഞുവയ്ക്കാന്‍ മസ്‌ക്കിന് സാധിക്കുന്നുണ്ടെങ്കിലും സാമൂഹ്യ മാധ്യമരംഗത്തെ ശ്രദ്ധേയ സംരംഭമായ അദ്ദേഹത്തിന്റെ ട്വിറ്റര്‍ കഷ്ടതയില്‍ തന്നെയാണ്.

മൂല്യശോഷണം

സ്മാര്‍ട്ട് ഇന്‍വെസ്റ്റ്‌മെന്റിന് പേരുകേട്ട സംരംഭകനാണ് മസ്‌ക്ക്. ടെസ്ല ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ അദ്ദേഹം നടത്തിയ തന്ത്രപൂര്‍വമായ നിക്ഷേപങ്ങളാണ് ഇന്ന് കാണുന്ന തലത്തിലേക്ക് ഇലോണ്‍ മസ്‌ക്കിനെ എത്തിച്ചത്. ടെസ്ലയെ കൂടാതെ സ്‌പേസ് എക്‌സ്, സ്റ്റാര്‍ലിങ്ക്, ദ ബോറിങ് കമ്പനി, പേപല്‍ ഏറ്റെടുത്ത എക്‌സ്‌ഡോട്‌കോം തുടങ്ങിയവയെല്ലാം മസ്‌ക്കിന്റെ സ്മാര്‍ട് ഇന്‍വെസ്റ്റ്‌മെന്റിന് ഉദാഹരണങ്ങളാണ്. എന്നാല്‍ ട്വിറ്ററില്‍ മസ്‌ക്ക് നടത്തിയ ഇന്‍വെസ്റ്റ്‌മെന്റ് ഒട്ടും സ്മാര്‍ട്ട് ആയിരുന്നില്ല.

മസ്‌ക്ക് ഏറ്റെടുത്ത സമയത്തേതില്‍ നിന്നും മൂന്നിലൊന്നായി ട്വിറ്ററിന്റെ മൂല്യം ഇപ്പോള്‍ ഇടിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം ഫിഡെല്‍റ്റി പുറത്തുവിട്ട പോര്‍ട്ട്‌ഫോളിയ വാല്യുവേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്വിറ്ററിന് 44 ബില്യണ്‍ ഡോളര്‍ മൂല്യമിട്ടായിരുന്നു ഇലോണ്‍ മസ്‌ക്കിന്റെ ഏറ്റെടുക്കല്‍. എന്നാല്‍ ഇപ്പോള്‍ 15 ബില്യണ്‍ ഡോളര്‍ മൂല്യം മാത്രമാണ് ഈ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമിനുള്ളതെന്ന് ഫിഡെല്‍റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്വിറ്റര്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മസ്‌ക്കിന് ഉപദേശം നല്‍കിയ സ്ഥാപനം കൂടിയായിരുന്നു ഫിഡെല്‍റ്റി. ബ്ലൂംബര്‍ഗ് ബില്ല്യണയര്‍ സൂചിക അനുസരിച്ച് ട്വിറ്ററില്‍ മസ്‌ക്കിനുള്ള നിക്ഷേപത്തിന്റെ ഇപ്പോഴത്തെ മൂല്യം 8.8 ബില്യണ്‍ ഡോളര്‍ മാത്രമാണ്. കമ്പനിയില്‍ 70 ശതമാനം ഓഹരിയെടുക്കാന്‍ അദ്ദേഹം നേരത്തെ ചെലവഴിച്ചതാകട്ടെ 25 ബില്യണ്‍ ഡോളറും. ട്വിറ്റര്‍ മൂല്യത്തിലെ ഇടിവ് മസ്‌ക്കിന്റെ സമ്പത്തില്‍ 850 മില്യണ്‍ ഡോളറിന്റെ കുറവ് വരുത്തുക
യും ചെയ്തു.

ടെസ്ല കാത്തു

ട്വിറ്ററിന്റെ മൂല്യശോഷണം മസ്‌ക്കിന്റെ വ്യക്തിഗത സമ്പത്തിനെ അത്രക്കങ്ങ് ബാധിച്ചില്ല. അതിനാല്‍ ആണല്ലോ ഇപ്പോള്‍ സമ്പന്നപട്ടികയില്‍ അദ്ദേഹം വീണ്ടും ഒന്നാമനായത്. ഇതിന് കാരണം മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ മികച്ച പ്രകടനമാണ്. ടെസ്ലയുടെ ഓഹരി വിലയില്‍ 63 ശതമാനം വര്‍ധനയാണുണ്ടായത്. മസ്‌ക്കിന്റെ വ്യക്തിഗത സമ്പത്തില്‍ 48 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് ടെസ്ല ഉണ്ടാക്കിയത്. ട്വിറ്റര്‍ ഏറ്റെടുക്കല്‍ തുക വളരെ കൂടുതലായിരുന്നുവെന്ന് മസ്‌ക്ക് തന്നെ സമ്മതിച്ചിരുന്നു. ഏറ്റെടുക്കലിന് ശേഷം കമ്പനിയുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി. 13 ബില്യണ്‍ ഡോളറിന്റെ കട
വും മസ്‌ക്കിന്റെ തീരുമാനങ്ങളിലെ പാളിച്ചകളുമെല്ലാം പരസ്യവരുമാനത്തില്‍ 50 ശതമാനം ഇടിവിന് കാരണമായി.

ബ്ലൂ സബ്‌സ്‌ക്രിപ്ഷനിലൂടെ വരുമാനമുണ്ടാക്കാനുള്ള ശ്രമവും പാളിപ്പോയി. മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള രണ്ട് കമ്പനികള്‍ ഇരുധ്രുവങ്ങളില്‍ സഞ്ചരിക്കുന്ന കാഴ്ച്ചയാണിപ്പോള്‍. ടെസ്ലയുടെ വിപണി മൂല്യത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണുണ്ടാകുന്നത്. 638 ബില്യണ്‍ ഡോളറിലേക്ക് അതെത്തി. 2023ല്‍ മാത്രം മൂല്യം ഏകദേശം ഇരട്ടിയായി ഉയര്‍ന്നു. ട്വിറ്ററിന്റെ മൂല്യത്തിലാകട്ടെ, പരിതാപകരമായ തകര്‍ച്ചയും. കാന്‍ യക്കാരിനോയെന്ന പുതിയ സിഇഒയുടെ നേതൃത്വത്തില്‍ ട്വിറ്ററിന്റെ ഭാവിയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന് കണ്ടറിയേണ്ടതുടണ്ട്.

ടെസ്ലയുടെ ഇന്ത്യ എന്‍ട്രി

ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ അസംബ്ലിങ് യൂണിറ്റ് തുടങ്ങാനുള്ള കാര്യത്തില്‍ ഇലോണ്‍ മസ്‌ക്ക് തീരുമാനെടുത്തുവെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. നിലവില്‍ ടെസ്ലയുടെ ആഗോള ഉല്‍പ്പാദനത്തിന്റെ പകുതിയിലധികവും ചൈനയിലാണ്. ഇറക്കുമതി തീരുവ കുറച്ച് തരാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ നിന്ന് ടെസ്ല പിന്മാറിയെന്നാണ് സൂചന. ടെസ്ലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യങ്ങളൊന്നും നല്‍കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.

അതേസമയം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിട്ടുമുണ്ട്. തദ്ദേശീയമായി നിര്‍മാണവും വിതരണശൃംഖലയും സജ്ജമാക്കിയാല്‍ കേന്ദ്രം ടെസ്ലയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനാണ് സാധ്യത. ഇന്ത്യയില്‍ നിര്‍മാണം തുടങ്ങാന്‍ ടെസ്ല ഗൗരവത്തോടെ ചിന്തിക്കുന്നുണ്ടെന്നാണ് അടുത്തിടെ കേന്ദ്ര ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. നിര്‍മാണത്തിന്റെയും ഇന്നവേഷന്റെയും ഹബ്ബായി ഇന്ത്യയെ കാണാനാണ് ടെസ്ല ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ഫാക്റ്ററി നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് ടെസ്ല. മാത്രമല്ല, ഇവി ബാറ്ററികളുടെ നിര്‍മാണം കൂടി രാജ്യത്ത് തുടങ്ങാനും ടെസ്ലയ്ക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ മസ്‌കുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയത് ശ്രദ്ധേയമായി. എത്രയും വേഗത്തില്‍ ടെസ്ല ഇന്ത്യയിലെത്തുമെന്ന് മസ്‌ക്കും സ്ഥിരീക
രിച്ചിട്ടുണ്ട. അതേസമയം മംഗോളിയയിലേക്കും ടെസ്ലയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മസ്‌ക്കിന് പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version