പഞ്ചസാരയുടെ കയറ്റുമതി നിയന്ത്രണം വീണ്ടും ദീര്‍ഘിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അസംസ്‌കൃത പഞ്ചസാര, വെള്ള പഞ്ചസാര, റിഫൈന്‍ഡ് ഷുഗര്‍, ഓര്‍ഗാനിക് പഞ്ചസാര എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുള്ള പഞ്ചസാരകളുടെയും കയറ്റുമതി ഒക്ടോബര്‍ മാസത്തിന് ശേഷവും തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയനിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ചെയ്യുന്ന പഞ്ചസാരയ്ക്ക് ഏറ്റവും പുതിയ നിയന്ത്രണം ബാധകമല്ല.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് (ഡിജിഎഫ്ടി) ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ ഒക്ടോബര്‍ 31 വരെയാണ് പഞ്ചസാരയുടെ കയറ്റുമതി നിരോധിച്ചിരുന്നത്.
ഒക്ടോബറില്‍ ആരംഭിക്കുന്ന പഞ്ചസാര സീസണില്‍ രാജ്യത്തെ മില്ലുകള്‍ക്ക് പഞ്ചസാര കയറ്റുമതിക്കുള്ള അനുമതി ലഭിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു. ഏഴ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മഹാരാഷ്ട്രയടക്കം പഞ്ചസാര ഉല്‍പ്പാദന സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞതോടെ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ പഞ്ചസാര വില പിടിച്ചു നിര്‍ത്താനാണ് കേന്ദ്രം കയറ്റുമതി തടഞ്ഞിരിക്കുന്നത്.