ഇറ്റലിയിലും വന്‍ നിക്ഷേപമിറക്കാന്‍ പ്രമുഖ മലയാളി സംരംഭകന്‍ എം എ യൂസഫലിയുടെ ആഗോള റീട്ടെയ്ല്‍ ബ്രാന്‍ഡായ ലുലു. വടക്കന്‍ ഇറ്റലിയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഒന്നായ മിലാനില്‍ ആണ് ‘വൈ ഇന്റര്‍നാഷണല്‍ ഇറ്റാലിയ’ എന്ന ഭക്ഷ്യ സംസ്‌കരണ കയറ്റുമതി കേന്ദ്രം തുറന്നത്.
ഇറ്റാലിയന്‍ സാമ്പത്തിക വികസനകാര്യ മന്ത്രി ഗൈഡോ ഗൈഡസിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഭക്ഷ്യ സുരക്ഷ പ്രോത്സാഹനത്തിനുള്ള നിര്‍ണായക ചുവടുവെപ്പ് കൂടിയാണ് ലുലു നടത്തിയിരിക്കുന്നത്. സുഗമമായി ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യതയും കയറ്റുമതിയും വില സ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു. ഇറ്റലിക്ക് പുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഭക്ഷ്യ ഉത്പന്നങ്ങള്‍, ‘വൈ ഇന്റര്‍നാഷണല്‍ ഇറ്റലിയ’യിലൂടെ ലുലുവിന്റെ ഭക്ഷ്യ വിതരണ ശൃംഖലയുടെ ഭാഗമാവുകയാണ്.
ഇടനിലക്കാരെ ഒഴിവാക്കി വില സ്ഥിരതയോടെ ഗുണനിലവാരമുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉറപ്പാക്കുക എന്ന ലുലുവിന്റെ ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇറ്റലിയിലെ പുതിയ ചുവട്വെ്‌പ്പെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ഇറ്റലിയുടെ തനതായ ഭക്ഷ്യ സംസ്‌കാരം, ഉത്പന്നങ്ങള്‍ എന്നിവ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പരിചയപ്പെടുത്തുക കൂടിയാണ് ഈ പദ്ധതിയുടെ ദൗത്യം. വ്യത്യസ്തങ്ങളായ പഴങ്ങള്‍, പച്ചക്കറികള്‍, ഇറ്റാലിയന്‍ ഉത്പന്നങ്ങള്‍ എന്നിവ ലുലുവിന്റ 255 ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കും.
രണ്ട് വര്‍ഷത്തിനകം 200 മില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് ലുലു ഇറ്റലിയില്‍ നിന്ന് ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തിലെ കര്‍ഷകര്‍, സഹകരണ സംഘങ്ങള്‍ എന്നിവയില്‍ നിന്ന് നേരിട്ട് സംഭരിക്കുന്നതിനാല്‍ ഇറ്റലിയുടെ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പുരോഗതിക്ക് വഴി തുറക്കുകയും അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു.
ഇറ്റാലിയന്‍ ആപ്പിള്‍, മുന്തിരി, കിവി അടക്കം മെഡിറ്റേറിയന്‍ മേഖലയിലെ പഴങ്ങള്‍, പച്ചക്കറികള്‍, ഇറ്റലിയുടെ തനതായ ചീസ്, ചോക്ലേറ്റ്, ഫ്രൂട്ട് ജാം, പേസ്ട്രി, പാസ്ത, ശുദ്ധമായ ഒലിവ് എണ്ണ, ഉയര്‍ന്ന നിലവാരമുള്ള സമുദ്രോത്പന്നങ്ങള്‍ അടക്കം പ്രത്യേകം ശേഖരിച്ചു ലുലുവിന്റെ വിതരണ ശൃംഖലയുടെ ഭാഗമാക്കും.
ഇറ്റലിയും അറബ് സമൂഹവും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നതിന് ഈ പദ്ധതി കാരണമാകുമെന്നും എല്ലാവിധ പിന്തുണയും സഹകരണവും ഉറപ്പ് നല്‍കുന്നുവെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ ഇറ്റാലിയന്‍ മന്ത്രി ഗൈഡോ ഗൈഡസി പറഞ്ഞു.
ഇറ്റാലിയന്‍ നിക്ഷേപ പ്രോത്സാഹന വിഭാഗം തലവന്‍ റോബര്‍ട്ടോ റിസാര്‍ഡോ, ഇറ്റാലിയന്‍ ട്രേഡ് ഏജന്‍സി ഡയറക്ടര്‍ വലേരിയോ സോള്‍ഡാനി, ഇറ്റലിയിലെ അറബ് ചെമ്പര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ സിസരി ട്രെവോസാനി, യു എ ഇ എംബസി ചാര്‍ജ്ജ് ഡി അഫയേഴ്‌സ് നാസര്‍ അല്‍ ഖാജ, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, ലുലു ഗ്രൂപ്പ് ഇറ്റലി മേധാവി അലസ്സാന്‍ഡ്രോ സിമോണ്‍ എന്നിവരും സംബന്ധിച്ചു.
യുകെ, യുഎസ്എ, സ്പെയിന്‍, തുര്‍ക്കി, വിയറ്റ്നാം, തായ്‌ലന്‍ഡ്, ചൈന, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.