ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ഇന്ത്യയെ തീര്‍ച്ചയായും ബാധിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. എന്നാല്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ പ്രകാരം രാജ്യം മികച്ച സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
”നമ്മുടെ സാമ്പത്തിക മേഖല നല്ല നിലയില്‍ തുടരുന്നു. ആത്യന്തികമായി, ഈ അനിശ്ചിത കാലങ്ങളില്‍, മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങള്‍ എത്രത്തോളം ശക്തമാണ്, സാമ്പത്തിക മേഖല എത്ര ശക്തമാണ് എന്നതാണ് പ്രധാനം. രണ്ട് മാനദണ്ഡങ്ങളിലും ഇന്ത്യ മികച്ച നിലയിലാണെന്ന് ഞാന്‍ കരുതുന്നു,”ദാസ് പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധനയിലേക്ക് നയിച്ച സമയത്താണ് ആര്‍ബിഐ ഗവര്‍ണറുടെ പ്രസ്താവന. ഭക്ഷ്യ-എണ്ണ വിലകളിലെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടിക്കൊണ്ട് രാജ്യത്തിന്റെ പണനയം, പണപ്പെരുപ്പം ലഘൂകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ആഭ്യന്തര ഇന്ധന വിലയിലെ വര്‍ദ്ധനവ് ആഗോള ക്രൂഡ് ഓയില്‍ വിലയേക്കാള്‍ പണപ്പെരുപ്പത്തെ കൂടുതല്‍ സ്വാധീനിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.