ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ നല്‍കാനുള്ള നയത്തിന് ശ്രീലങ്കന്‍ കാബിനറ്റ് അംഗീകാരം നല്‍കി. കടക്കെണിയിലായ രാജ്യത്തിന്റെ ടൂറിസം മേഖല പുനര്‍നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗജന്യ വിസ നയം.
2024 മാര്‍ച്ച് 31 വരെ പ്രാബല്യത്തില്‍ വരുന്ന ഒരു പൈലറ്റ് പ്രോജക്ടായി ഇത് നടപ്പിലാക്കുമെന്ന് വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അടിയന്തര പ്രാബല്യത്തോടെ സൗജന്യ പ്രവേശനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.
സെപ്റ്റംബറില്‍ 30,000 ല്‍ അധികം ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് ശ്രീലങ്കയിലെത്തിയത്. ആകെ വിദേശ വിനോദ സഞ്ചാരികളുടെ 26 ശതമാനമാണിത്. 8000 വിനോദ സഞ്ചാരികള്‍ ചൈനയില്‍ നിന്നും ശ്രീലങ്കയിലേക്കെത്തി.
11 ഇന്ത്യക്കാരുള്‍പ്പെടെ 270 പേര്‍ കൊല്ലപ്പെടുകയും 500 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2019 ലെ ഈസ്റ്റര്‍ ദിന ഭീകരാക്രണമണത്തിന് ശേഷം ദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വലിയതോതില്‍ കുറഞ്ഞിരുന്നു.
ശ്രീലങ്ക നേരിടുന്ന അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയും ഇതിന്റെ ഭാഗമായി പ്രസിഡന്റ് രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളും വിനോദ സഞ്ചാരികളെ കൂടുതല്‍ അകറ്റി.