5 ബിസിനസുകള്‍ തുടങ്ങിയ പോലെ പൂട്ടി! ഒടുവില്‍ 10000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു അമന്‍ ഗുപ്ത. ഓഡിയോ ഇലക്ട്രോണിക്സ് മേഖലയില്‍ ആഭ്യന്തര വിപ്ലവം തീര്‍ക്കുന്ന ബോട്ട് എന്ന സ്റ്റാര്‍ട്ടപ്പുമായി രാജ്യം ശ്രദ്ധിക്കുന്ന സംരംഭകനായി മാറിയിരിക്കുന്നു ഈ 41 കാരന്‍
രാജ്യത്തെ ശ്രദ്ധേയരായ സംരംഭകരെയും കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഫ്രാന്‍സിലേക്ക് സന്ദര്‍ശനത്തിന് പോയത്. ഇലക്ട്രോണിക് ഗാഡ്ജറ്റ്സുകളുടെ ശ്രദ്ധേയ സാറ്റാര്‍ട്ടപ്പായ ബോട്ടിന്റെ സഹസ്ഥാപകനായ അമന്‍ ഗുപ്തയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 5 കമ്പനികള്‍ തുറന്ന പോലെ നഷ്ടത്തില്‍ പൂട്ടിയ സംരംഭകനില്‍ നിന്ന് 7 വര്‍ഷം കൊണ്ട് പ്രധാനമന്ത്രിക്കൊപ്പം ഒരു സുപ്രധാന വിദേശ സന്ദര്‍ശനത്തിന് അനുഗമിക്കുന്ന നിലയിലേക്ക് വളര്‍ന്ന അമന്‍ ഗുപ്തയുടെ കഥ സ്റ്റാര്‍ട്ട്പ്പ് സംരംഭകര്‍ക്ക് വലിയ പ്രചോദനമാണ്.
1982-ല്‍ ഡെല്‍ഹിയില്‍ ജനിച്ച അമന്‍ ഗുപ്ത ഡെല്‍ഹി സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ നിന്ന് എക്കൗണ്ടിംഗില്‍ വൈദഗ്ധ്യം സിദ്ധിച്ചു.
പഠനം പൂര്‍ത്തിയാക്കിയ ശേഷം, ഗുപ്ത രണ്ട് വര്‍ഷം സിറ്റി ബാങ്കില്‍ ജോലിക്ക് പോയി. 2005 ലാണ് അദ്ദേഹത്തിലെ സംരംഭകന്‍ ഉറക്കം വിട്ടുണരുന്നത്. അഡ്വാന്‍സ്ഡ് ടെലിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആദ്യമായി ആരംഭിച്ചത്. ഈ കമ്പനിയുടെ കീഴില്‍, ലോകമെമ്പാടുമുള്ള പ്രശസ്തമായ നിരവധി ബ്രാന്‍ഡുകളെ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിനായി. ടെലക്‌സ്, സെനൈസര്‍, ബീറ്റ്‌സ് ഓഡിയോ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണികളില്‍ നിറഞ്ഞു.
ആറ് വര്‍ഷത്തിനുശേഷം, 2011-ല്‍, അമന്‍ ഗുപ്ത കെപിഎംജിയുടെ സ്ട്രാറ്റജി സര്‍വീസസ് ഗ്രൂപ്പില്‍ സീനിയര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യാന്‍ തുടങ്ങി. അതേ വര്‍ഷം തന്നെ കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് എംബിഎ കരസ്ഥമാക്കി. പിന്നാലെ ഹര്‍മാന്‍ ഇന്റര്‍നാഷണലില്‍ സെയില്‍സ് ഡയറക്ടറായി ജോലി ആരംഭിച്ചു. മൈക്രോമാക്‌സ്, നോക്കിയ, ആപ്പിള്‍ എന്നിവയടക്കം നിരവധി കമ്പനികളുടെ ബിസിനസ്സ് വികസനത്തിന് നേതൃത്വം നല്‍കി.
ഒരു ചെറുപ്പക്കാരനെന്ന നിലയില്‍, ഒരു ബിസിനസ്സ് നടത്തുന്നതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് കൂടുതല്‍ ആകുലപ്പെടാതെ, പുതിയ ബിസിനസ് സാഹസികതകളിലേക്കുള്ള യാത്രകള്‍ നടത്തുന്നതില്‍ അമന്‍ ഗുപ്ത എപ്പോഴും ആവേശഭരിതനായിരുന്നു. സംരംഭകത്വത്തിന്റെ തുടക്കകാലത്ത് അധികം ആലോചിക്കാതെ ബിസിനസ് ആരംഭിക്കുകയാണ് താന്‍ ചെയ്തതെന്ന് അമന്‍ പറയുന്നു.
ആത്മവിശ്വാസവും അമിത ആത്മവിശ്വാസവും തമ്മിലുള്ള വ്യത്യാസം അക്കാലത്ത് അറിയില്ലായിരുന്നു. വലിയൊരു ടീമിനെയും വലിയ ഓഫീസുമെടുത്തു. ഈ ഓഫീസിനെയും ടീമിനെയും മാനേജ് ചെയ്യാനാണ് കൂടുതല്‍ സമയവും ചിന്തകളും പോയിരുന്നത്. ബിസിനസ് നടത്തുന്നതിലായിരുന്നില്ല. പതിയെ പതിയെ ആദ്യം ഒരു നല്ല പ്രൊഡക്റ്റ് ഉണ്ടാക്കണമെന്ന പാഠം പഠിച്ചു. മിതത്വം ഒരു ശീലമാക്കി മാറ്റി.
ബോട്ടില്‍ക്കയറിയ അമനും സമീറും
5 വര്‍ഷം കൂടി കഴിഞ്ഞ് 2016 ലാണ്് സമീര്‍ മേത്തയുമായി അമന്‍ കൈകോര്‍ക്കുന്നത്. ഓഡിയോ കമ്പനിയായ ബോട്ട് അങ്ങനെ സ്ഥാപിക്കപ്പെട്ടു. ബോട്ട് പ്രവര്‍ത്തനക്ഷമമായി രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപ വിറ്റുവരവ് നേടി. ആദ്യമായി ലഭ്യമാക്കിയ ഉല്‍പ്പന്നങ്ങളില്‍ ആപ്പിള്‍ ഫോണുകള്‍ക്കുള്ള ചാര്‍ജിംഗ് കേബിളും ചാര്‍ജറും ഉള്‍പ്പെട്ടിരുന്നു. ആപ്പിള്‍ ചാര്‍ജര്‍ ഇ-കൊമേഴ്സ് സൈറ്റായ ആമസോണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നമായി മാറി.
2019 ആയപ്പോഴേക്കും ഇയര്‍വെയര്‍ അഥവാ ചെവിയില്‍ വെച്ച് ശ്രവിക്കാവുന്ന ഉപകരണങ്ങളുടെ മേഖലയില്‍ ബോട്ട്് ഒരു ലീഡിംഗ് ബ്രാന്‍ഡായി മാറി. ഇതുവരെ 20 ദശലക്ഷത്തിലേറെ സംതൃപ്തരായ കസ്റ്റമര്‍മാരുണ്ട് ബോട്ടിന്. ഒരു ദിവസം 6000 യൂണിറ്റുകള്‍ അഥവാ ഓരോ മിനിറ്റിലും 4 യൂണിറ്റുകള്‍ വില്‍ക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 15 ദശലക്ഷം പ്രൊഡക്റ്റുകള്‍ ബോട്ട് ഇന്ത്യയില്‍ സൃഷ്ടിച്ചു.
പ്ലഗ് ഇന്റു നിര്‍വാണ
‘പ്ലഗ് ഇന്റു നിര്‍വാണ’ എന്നാണ് ബോട്ടിന്റെ ടാഗ്ലൈന്‍. നിര്‍വാണ എന്നാല്‍ സമ്പൂര്‍ണ്ണ സമാധാനവും സ്വാതന്ത്ര്യവും കൈവരിക്കല്‍. ബോട്ടിന്റെ ഹെഡ്സൈറ്റുകള്‍ ചെവിയില്‍ വെച്ചാല്‍ സംഗീതമെന്ന നിര്‍വാണത്തിലേക്കെത്താമെന്ന് വ്യംഗ്യം.പണം ചെലവാക്കിക്കളയുന്നതിനേക്കാള്‍ സമ്പാദിക്കുന്നതില്‍ അമന്‍ ഉറച്ചു വിശ്വസിക്കുന്നു. അതിനാല്‍ സമാരംഭം കുറിച്ചത് മുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബോട്ട്. ചെലവ് കുറഞ്ഞതും മോടിയുള്ളതുമായ സ്റ്റൈലിഷ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക എന്നത് അമന്റെയും സമീറിന്റെയും പ്രാഥമിക ലക്ഷ്യമാണ്.
ഒരു ബൂട്ട്സ്ട്രാപ് കമ്പനിയായി അമന്റെയും സമീറിന്റെയും 30 ലക്ഷം രൂപ നിക്ഷേപത്തിലാണ് ബോട്ട് ആരംഭിക്കുന്നത്. 2018 ല്‍ ഫയര്‍സൈഡ് വെഞ്ച്വേഴ്സ് ആദ്യ നിക്ഷേപകരായി. പിന്നീടുള്ള വര്‍ഷങ്ങളില്‍ നാവി ടെക്നോളജീസ്, ഇന്നൊവെന്‍ കാപ്പിറ്റല്‍, വാര്‍ബര്‍ഗ് പിന്‍കസ് എന്നിവര്‍ നിക്ഷേപകരായി. 2021 ല്‍ ക്വാല്‍ക്കോം വെഞ്ചേഴ്സ് ബോട്ടിന്റെ നിര്‍ണായക നിക്ഷേപകരായി.
മേക്ക് ഇന്‍ ഇന്ത്യ
ഒരു കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡ് എന്നതിലുപരി ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡ് എന്ന മുഖച്ഛായയാണ് അമന്‍ ഗുപ്ത ബോട്ടിന് നല്‍കിയിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ അഥവാ പ്രാദേശിക ഉല്‍പ്പാദനത്തെ പരമാവധി പ്രോല്‍സാഹിപ്പിക്കാന്‍ ബോട്ട് ഡിക്സണ്‍ ടെക്നോളജീസുമായി കൈകോര്‍ത്തിരിക്കുകയാണ്. പ്ലാസ്റ്റിക് മോള്‍ഡുകള്‍, സ്പീക്കര്‍ ഡ്രൈവേഴ്സ്, ബാറ്ററികള്‍ എന്നിവയെല്ലാം ഉന്നത നിലവാരത്തില്‍ ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുകയാണ് ബോട്ട് ഇപ്പോള്‍ ചെയ്യുന്നത്.
ആഗോള കമ്പനികളായ ക്വാല്‍കോം, ഡോള്‍ബി, ഡിറാക് എന്നിവയുമായി ബോട്ട് കൈകോര്‍ത്തിരിക്കുന്നു. ഏറ്റവും നൂതനമായ ആഗോള സാങ്കേതിക വിദ്യകള്‍ ഇപ്രകാരം ഉറപ്പാക്കുന്നു. അടുത്തിടെ ആംപ്ലിഫൈ.എഐ, മെറ്റ എന്നിവയുമായി ചേര്‍ന്ന് സ്മാര്‍ട്ട് വാച്ചുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍ച്ചേര്‍ത്തിരിക്കുന്നു കമ്പനി. 2021 ല്‍ ഇന്ത്യന്‍ കമ്പനിയായ ടാഗിനെയും 2022 ല്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കാഹാ പിടിഇ എന്ന കമ്പനിയെയും ബോട്ട് ഏറ്റെടുത്തു.
ബോട്ട് ഉല്‍പ്പന്നങ്ങളുടെ ശ്രേണി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേബിളുകള്‍, ചാര്‍ജറുകള്‍ മുതല്‍ ഓഡിയോ ഉല്‍പ്പന്നങ്ങള്‍ വരെ, നൂതന സാങ്കേതികവിദ്യകളും ആകര്‍ഷകമായ ഡിസൈനുകളും ഒത്തുചേര്‍ന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ കമ്പനി കൊണ്ടുവരുന്നു.
അഞ്ചാമത്തെ വലിയ വെയറബിള്‍ ബ്രാന്‍ഡ്
2020-ല്‍ ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ വെയറബിള്‍ ബ്രാന്‍ഡായി ബോട്ട്് റാങ്ക് ചെയ്യപ്പെട്ടു. ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെയും കമ്പനി ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി. അമന്‍ ഗുപ്തയുടെയും സമീര്‍ മേത്തയുടെയും കഠിനാധ്വാനത്തിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കമ്പനി എന്ന നിലയില്‍ ബോട്ട് പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. സിംഗപ്പൂര്‍ വിയറ്റ്നാം തുടങ്ങിയ മാര്‍ക്കറ്റുകളിലേക്കും ബോട്ടിന് കണ്ണുണ്ട്്.
ഓഡിയോ കമ്പനികളുമായി കൂട്ടുകെട്ട് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് വമ്പന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍. സാംസംഗ് ജെബിഎല്ലുമായും ഹര്‍മാനുമായും കൈകോര്‍ത്തിരിക്കുന്നു. ആപ്പിള്‍ ബീറ്റ്സുമായാണ് കൂട്ടുകെട്ട്. ഇത്തരമൊരു വലിയ കൂട്ടുകെട്ട് ബോട്ടിനെയും വരും കാലത്ത് കാത്തിരിക്കുന്നുണ്ട്. വിദേശ ബ്രാന്‍ഡുകള്‍ തേടിപ്പോകേണ്ടതില്ല, മെയ്ഡ് ഇന്‍ ഇന്ത്യയെ വിശ്വസിക്കൂ എന്നാണ് ഇന്ത്യന്‍ യുവത്വത്തോട് ബോട്ട് പറയുന്നത്.
The author is News Editor at The Profit.