ഇന്ത്യന്‍ ഫുട്വെയര്‍ വ്യവസായ രംഗത്ത് ശക്തമായ ഒരു കൂട്ടുകെട്ടിന് അരങ്ങൊരുങ്ങുന്നു. പാദരക്ഷ നിര്‍മ്മാതാക്കളായ ബാറ്റ ഇന്ത്യ ആഭ്യന്തര വിപണിയില്‍ തന്ത്രപരമായ പങ്കാളിത്തത്തിനായി അത്ലറ്റിക്സ് ഷൂ നിര്‍മ്മാതാക്കളായ അഡിഡാസുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. പാദരക്ഷാ രംഗത്തെ വമ്പന്‍മാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് പുരോഗമിച്ചെന്നാണ് വിവരം. സ്‌പോര്‍ട്‌സ് വസ്ത്രങ്ങളില്‍ ബാറ്റ ഇന്ത്യ പരീക്ഷണം ആരംഭിച്ച സമയത്താണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
മുതിര്‍ന്ന തലമുറയുടെ പ്രിയപ്പെട്ട ബ്രാന്‍ഡ് എന്ന ഇമേജാണ് ഇന്ത്യയിലെ ഐക്കണിക് ബ്രാന്‍ഡുകളിലൊന്നെന്ന് പറയാനാവുന്ന ബാറ്റയ്ക്കുള്ളത്. ലെതര്‍ ചെരുപ്പുകളില്‍ അഗ്രഗണ്യരാണ് കമ്പനി. എന്നാല്‍ ഈ ഇമേജ് വളര്‍ച്ചക്ക് തടസമാണെന്ന് കമ്പനിക്കറിയാം. അതുകൊണ്ടുതന്നെ യുവാക്കളെ പിടിക്കാനാണ് കമ്പനിയുടെ പദ്ധതി. യുവ ബ്രാന്‍ഡായ അഡിഡാസുമായി കൈകോര്‍ക്കുന്നതിന്റെ ലക്ഷ്യം വ്യക്തം.
2050 സ്റ്റോറുകളാണ് ബാറ്റയ്ക്ക് ഇന്ത്യയിലുടനീളം ഉള്ളത്. യുവാക്കളെ ലക്ഷ്യമിട്ട് സ്നീക്കര്‍ ഷൂ അടുത്തിടെ ബാറ്റ പുതിയതായി വിപണിയിലിറക്കിയിരുന്നു. സ്പോര്‍ട്സ് അപ്പാരല്‍സ്, സ്പോര്‍ട്സ് ഷൂ തുടങ്ങിയ മേഖലകളിലേക്കു കൂടി ശക്തമായ കടന്നു വരവാണ് കമ്പനി ഉദ്ദേശിക്കുന്നത്.
2023 സാമ്പത്തിക വര്‍ഷത്തില്‍, ബാറ്റ ഇന്ത്യയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ 100 കോടി രൂപയില്‍ നിന്ന് 319 കോടി രൂപയായി ഉയര്‍ന്നു. ഈ വര്‍ഷത്തെ വരുമാനം 3,451.5 കോടി രൂപയാണെന്ന് ബാറ്റ ഇന്ത്യ ചെയര്‍മാന്‍ അശ്വിനി വിന്‍ഡ്‌ലാസ് ഓഗസ്റ്റ് 10-ന് ചേര്‍ന്ന കമ്പനിയുടെ 90-ാമത് എജിഎമ്മില്‍ ഷെയര്‍ഹോള്‍ഡര്‍മാരോട് പറഞ്ഞു. ഈ വര്‍ഷം കാഷ്വലുകളിലും പ്രീമിയം വിഭാഗത്തിലും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബാറ്റ വ്യക്തമാക്കുന്നുണ്ട്.

