2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞു. അഞ്ച് പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 7.8 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.
ഓഗസ്റ്റ് 30 ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ 8.2% വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോഴും ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക് ഏറെ കുറവാണ്.
6.7% വളര്‍ച്ച വിദഗ്ധര്‍ കണക്കാക്കിയ കാര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രവചനമായിരുന്ന 7.2 ശതമാനത്തേക്കാള്‍ കുറവാണ്.
ആദ്യ പാദത്തിലെ സാഹചര്യങ്ങളാണ് വളര്‍ച്ചയെ പിന്നോട്ടടിപ്പിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പും രാജ്യത്തുടനീളം നിലനിന്ന കടുത്ത ചൂടും സര്‍ക്കാരിന്റെ ചെലവിടലിനെ ബാധിച്ചിരുന്നു. ഇത് വളര്‍ച്ചക്ക് തിരിച്ചടിയായിട്ടുണ്ട്.
വ്യാവസായിക ഉല്‍പ്പാദനം മിതമായ വര്‍ദ്ധനവ് രേഖപ്പെടുത്തി 5.2 ശതമാനത്തിലെത്തി. 2024 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 4.7% മാത്രമായിരുന്നു വ്യാവസായിക രംഗത്തെ വളര്‍ച്ച. എന്നിരുന്നാലും, മൂലധന ചെലവ് വിനിയോഗം ഗണ്യമായി കുറഞ്ഞു, ആദ്യ ഹാദത്തില്‍ സര്‍ക്കാര്‍ ബജറ്റ് എസ്റ്റിമേറ്റിന്റെ 16.3% മാത്രമേ ചെലവഴിച്ചുള്ളൂ. മുന്‍ വര്‍ഷം ബജറ്റ് വിഹിതത്തിന്റെ 27.8% ല്‍ സമാന പാദത്തില്‍ ചെലവഴിക്കപ്പെട്ടിരുന്നു.
മാന്ദ്യ സൂചന ഉണ്ടെങ്കിലും, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തുടര്‍ച്ചയായ നാലാം വര്‍ഷവും 7% വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. മൂഡീസ് റേറ്റിംഗ്സ് അടുത്തിടെ 2024 ലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.8% ല്‍ നിന്ന് 7.2% ആയി പരിഷ്‌കരിച്ചു. ആര്‍ബിഐയും 2025 ലെ വളര്‍ച്ചാ പ്രവചനം 7.2% ല്‍ നിലനിര്‍ത്തുന്നു.

