റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് പണം ആവശ്യമായതിനാല്‍ നിലവിലെ നികുതി സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നികുതികളോട് പൊതുജനങ്ങള്‍ക്കുള്ള എതിര്‍പ്പ് തനിക്ക് അറിയാമെന്ന് നിര്‍മല പറഞ്ഞു. സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ നികുതി കുറയ്ക്കുന്നതില്‍ നിന്ന് തന്നെ തടയുകയാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
‘എന്റെ ആഗ്രഹം നികുതി പൂജ്യത്തിലേക്ക് താഴ്ത്തി കൊണ്ടുവരികയെന്നതാണ്. പക്ഷേ, ഗുരുതരമായ വെല്ലുവിളികളാണ് ഇന്ത്യ നേരിടുന്നത്, അവയെ മറികടക്കേണ്ടതുണ്ട്,’ ഭോപ്പാലില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് ധനമന്ത്രി പറഞ്ഞു.
ലഭ്യമായ സ്വന്തം സ്രോതസുകളുപയോഗിച്ച് ഇന്ത്യ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിലേക്ക് ഇന്ത്യ മാറുകയാണെന്ന് ധനമന്ത്രി പറഞ്ഞു. പുറത്തുനിന്നുള്ള ഫണ്ടിനായി കാത്തിരിക്കുന്നത് ഗുണകരമല്ലെന്നും നമ്മുടെ സ്രോതസുകള്‍ ഏറ്റവും മികച്ച രീതിയില്‍ വിനിയോഗിക്കാന്‍ ഇന്നൊവേഷന്‍ ആവശ്യമാണെന്നും നിര്‍മല ചൂണ്ടിക്കാട്ടി.

