2024 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഏകദേശം 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഏകദേശം 140% വര്‍ദ്ധനയാണ് ലാഭവിഹിതത്തില്‍ ഉണ്ടായിരിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ 87,416 കോടി രൂപയാണ് ലാഭമായി കേന്ദ്രത്തിന് കൈമാറിയിരുന്നത്.
മുംബൈയില്‍ നടന്ന ആര്‍ബിഐ കേന്ദ്ര ബോര്‍ഡിന്റെ 608-ാമത് മീറ്റിംഗിലാണ് 2,10,874 കോടി രൂപ മിച്ചമായി കൈമാറാന്‍ ബോര്‍ഡ് തീരുമാനിച്ചത്.
2018-19 മുതല്‍ 2021-22 വരെയുള്ള അക്കൗണ്ടിംഗ് വര്‍ഷങ്ങളില്‍, നിലവിലുള്ള മാക്രോ ഇക്കണോമിക് സാഹചര്യങ്ങളും കോവിഡ്-19 മഹാമാരിയും കാരണം, റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന്റെ 5.50 ശതമാനമായിരുന്നു സിആര്‍ബി (കണ്ടിജന്‍സി റിസ്‌ക് ബഫര്‍). 2023 ലെ സാമ്പത്തിക വളര്‍ച്ചയുടെ പുനരുജ്ജീവനത്തോടെ, കണ്ടിജന്‍സി റിസ്‌ക് ബഫര്‍ 6% ആയി ഉയര്‍ത്തി. 2024 ല്‍ സമ്പദ്വ്യവസ്ഥയുടെ കരുത്തും പ്രതിരോധശേഷിയും പ്രതിഫലിപ്പിക്കുന്ന 6.5% ആയി സിആര്‍ബി വര്‍ധിപ്പിച്ചു.
മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഏകദേശം 140% വര്‍ദ്ധനയാണ് ലാഭവിഹിതത്തില്‍ ഉണ്ടായിരിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ 87,416 കോടി രൂപയാണ് ലാഭമായി കേന്ദ്രത്തിന് കൈമാറിയിരുന്നത്
‘സമ്പദ്വ്യവസ്ഥ ശക്തവും സുസ്ഥിരവുമായ നിലയില്‍ തുടരുന്നതിനാല്‍, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സിആര്‍ബി 6.50 ശതമാനമായി ഉയര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. 2023-24 ലെ അക്കൗണ്ടിംഗ് വര്‍ഷത്തേക്ക് 2,10,874 കോടി രൂപ മിച്ചമായി കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ ബോര്‍ഡ് അനുമതി നല്‍കി,’ ആര്‍ബിഐ പറഞ്ഞു.
സര്‍ക്കാരിന് ഇത്തവണ ആര്‍ബിഐ ഒരു ലക്ഷം കോടി രൂപയിലധികം ലാഭവിഹിതം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അന്തിമമായി അംഗീകരിച്ച തുക സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളേക്കാള്‍ വളരെ കൂടുതലാണ്. ഈ ധന കൈമാറ്റം സര്‍ക്കാരിന്റെ ധനസ്ഥിതിയെ ശക്തിപ്പെടുത്തുക മാത്രമല്ല, ബജറ്റ് കമ്മി ലക്ഷ്യം കൈവരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആഭ്യന്തര, വിദേശ സെക്യൂരിറ്റികളുടെ ഉയര്‍ന്ന പലിശനിരക്ക്, എഫ്എക്‌സിന്റെ ഗണ്യമായ ഉയര്‍ന്ന മൊത്ത വില്‍പ്പന എന്നിവ ഇത്രയും വലിയ ലാഭവിഹിതത്തിലേക്ക് നയിച്ചിട്ടുണ്ടാവാമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് ഉപാസന ഭരദ്വാജ് പറഞ്ഞു.

