പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ വിപണിയില്‍ കാളകളുടെ തേരോട്ടമാണ് കാണുന്നത്. നാളുകള്‍ നീണ്ട ആക്രമണത്തിന് ശേഷം കരടികളുടെ പിടി അല്‍പ്പം അയഞ്ഞിരിക്കുന്നു. 2025 എന്തായിരിക്കും നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ടാവുക? സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ അതോ അടിതെറ്റി വീഴുമോ?
കണക്കിലെ കളികളില്‍ വിശ്വാസമുള്ള നിക്ഷേപകര്‍ക്ക് 2025 ശുഭപ്രതീക്ഷകളുടെ വര്‍ഷമാണ്. ഒറ്റസംഖ്യാ വര്‍ഷങ്ങള്‍ ഇരട്ടസംഖ്യാ വര്‍ഷങ്ങളെ അപേക്ഷിച്ച് നിക്ഷേപകര്‍ക്കും വിപണിക്കും നേട്ടം നല്‍കിയതാണ് ചരിത്രം. കഴിഞ്ഞ 46 വര്‍ഷത്തെ വിപണിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ 23 ഒറ്റസംഖ്യാ വര്‍ഷങ്ങളില്‍ സെന്‍സെക്സിലെ ശരാശരി നേട്ടം 26.56 ശതമാനമായിരുന്നു. എന്നാല്‍ 23 ഇരട്ടസംഖ്യാ വര്‍ഷങ്ങളിലാവട്ടെ സെന്‍സെക്സ് ശരാശരി 11.20% നേട്ടം മാത്രമാണ് നല്‍കിയത്.

ഒരു ഒറ്റസംഖ്യാ വര്‍ഷത്തില്‍ ലഭിച്ച പരമാവധി നേട്ടം 93.98 ശതമാനമാണ്. അതേസമയം ഒരു ഇരട്ടസംഖ്യാ വര്‍ഷത്തില്‍ ലഭിച്ച പരമാവധി നേട്ടം 50.68 ശതമാനമാണ്. ഒറ്റസംഖ്യാ വര്‍ഷത്തില്‍ സെന്‍സെക്സിലുണ്ടായ ഏറ്റവും വലിയ ഇടിവ് 24.64 ശതമാനമാണ്. ഇരട്ടസംഖ്യാ വര്‍ഷത്തിലുണ്ടായ ഏറ്റവും വലിയ ഇടിവ് 52.45 ശതമാനവും.
ഒറ്റയക്ക വര്‍ഷത്തില്‍ വിപണി പൊതുവെ ഗുണകരമാകുമെന്ന തിയറിക്കാരെ ഇത് സന്തോഷിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 9 വര്‍ഷമായി വിപണി തുടര്‍ച്ചയായി മുന്നേറ്റത്തിന്റെ പാതയിലാണ്. ഈ ട്രെന്‍ഡ് 2025 ഉം ശരിവെക്കുമോയെന്നാണ് ഇനി കാണേണ്ടത്. സമീപവര്‍ഷങ്ങളിലെ വിപണിയുടെ വാര്‍ഷിക പ്രവര്‍ത്തനം പരിശോധിച്ചാല്‍ 2024 ല്‍ 8.17 ശതമാനം മുന്നേറ്റമാണ് സെന്‍സെക്സിലുണ്ടായത്. 2023 ല്‍ 18.74 ശതമാനം മുന്നേറ്റം സെന്‍സെക്സില്‍ ദൃശ്യമായി. 2022 ലാവട്ടെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നേട്ടം 4.44 ശതമാനത്തിലേക്ക് ചുരുങ്ങി. 2021 ല്‍ 21.99 ശതമാനവും 2020 ല്‍ 15.75 ശതമാനവും മുന്നേറ്റവുമായി ഭേദപ്പെട്ട നിലയിലായിരുന്നു സെന്‍സെക്സ്.

2025 ഓടെ സെന്‍സെക്സ് 90000 എന്ന ചരിത്രപരമായ നിലയിലെത്തുമെന്ന് ചോയ്സ് ബ്രോക്കിംഗിന്റെ വൈസ് പ്രസിഡന്റായ ജതിന്‍ കൈതവളപ്പില്‍ പറയുന്നു. 2025 അവസാനത്തോടെ നിഫ്റ്റി 28000 ല്‍ എത്തുമെന്നും അദ്ദേഹം അനുമാനിക്കുന്നു. ആഭ്യന്തര ഉപഭോഗവും നിക്ഷേപവും ആധാരമാക്കിയാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളരുന്നത്. യുഎസില്‍ പലിശനിരക്ക് ഇളവുചെയ്യുന്നതടക്കം ആഗോള സാഹചര്യങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് പിന്തുണയാകുമെന്നും ജതിന്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട് യുദ്ധങ്ങളടക്കം ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 2025 ല്‍ ശരാശരി നേട്ടം മാത്രം വിപണിയില്‍ നിന്ന് പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് പിജിഐഎം ഇന്ത്യ എഎംസിയില്‍ പോര്‍ട്ട്ഫോളിയോ മാനേജരായ സുര്‍ജിത് സിംഗ് അറോറ പറയുന്നത്. 2025 ലെ ആദ്യ ആറ് മാസങ്ങളില്‍ നേട്ടം പൊതുവെ കുറവായിരിക്കുമെന്നും അദ്ദേഹം അനുമാനിക്കുന്നു.

2025 ല്‍ ഓഹരികള്‍, സ്വര്‍ണം, ബോണ്ടുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആസ്തികളില്‍ നിക്ഷേപിക്കുന്നത് തുടരാനാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ. വി കെ വിജയകുമാര്‍ നിര്‍ദേശിക്കുന്നത്. എസ്ഐപികള്‍ ഒരു വിട്ടുവീഴ്ചയും കൂടാതെ തുടരാനും അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു. സൊമാറ്റോ, സ്വിഗ്ഗി, പേടിഎം തുടങ്ങി ഡിജിറ്റല്‍ സ്റ്റോക്കുകളില്‍ 2025 ലും മുന്നേറ്റം ദൃശ്യമാവുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. 2024 ന്റെ ആദ്യ ഭാഗത്ത് നിശബ്ദമായിരുന്ന ബാങ്കിംഗ് ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തി സര്‍വകാല നേട്ടത്തിനരികെയാണെന്നും ഡോ. വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന വാല്യുവേഷനുകളും നേട്ടങ്ങളിലെ ഇടിവും ഒരു റേഞ്ച് ബൗണ്ട് മാര്‍ക്കറ്റിന്റെ സാധ്യതകള്‍ 2025 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് അരിഹന്ത് കാപ്പിറ്റല്‍ മാര്‍ക്കറ്റ്സിലെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ശ്രുതി ജയിന്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീടുള്ള സമയത്ത് ഒരു മികച്ച തിരിച്ചുവരവ് പ്രതീക്ഷിക്കപ്പെടുന്നു.
2025 ല്‍ 20% വരെ വളര്‍ച്ചാ സാധ്യത; 5 ലാര്‍ജ് കാപ്പുകളില്‍ അവസരം
2024 ല്‍ അഞ്ചില്‍ നാല് ലാര്‍ജ്കാപ് ഓഹരികളും നിക്ഷേപകര്‍ക്ക് നേട്ടമാണ് നല്‍കിയത്. ലാര്‍ജ്കാപ് ഓഹരികളിലൊന്നായ സൊമാറ്റോ 133 ശതമാനം മുന്നേറ്റമാണ് 2024 ല്‍ നടത്തിയത്. ട്രെന്റ്, വേദാന്ത എന്നിവയുടെ മൂല്യം ഇരട്ടിയായി. സിമെന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബെല്‍, എച്ച്എഎല്‍, ഭാരതി എയര്‍ടെല്‍, ഐആര്‍എഫ്സി, ഹിന്ദുസ്ഥാന്‍ സിങ്ക്, ശ്രീരാം ഫിനാന്‍സ്, ഡിവീസ് ലാബ്സ് എന്നിവ 50-100 ശതമാനം വരെ മുന്നേറി.

2025 ലും ചില ലാര്‍ജ് കാപ്പുകളില്‍ മികച്ച മുന്നേറ്റമാണ് ടെക്നിക്കല്‍ ചാര്‍ട്ടുകള്‍ വിലയിരുത്തുമ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നത്. 20 ശതമാനത്തിലേറെ മുന്നേറുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്ന അഞ്ച് ഓഹരികള്‍ പരിശോധിക്കാം…
സൊമാറ്റോ
26-27% മുന്നേറ്റമാണ് ഡിജിറ്റല്‍ സ്റ്റോക്കായ സൊമാറ്റോയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ 300 ന് അടുത്താണ് ഓഹരിവില. ഇത് 325-370 റേഞ്ചിലേക്ക് ഉയര്‍ന്നേക്കും. 240 രൂപയിലാണ് സൊമാറ്റോയുടെ സപ്പോര്‍ട്ട്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 50 രൂപയായിരുന്നു സൊമാറ്റോയുടെ മൂല്യം. ഇതാണ് ആറിരട്ടി വളര്‍ന്ന് 300 ന് അടുത്തെത്തിയിരിക്കുന്നത്.
എച്ച്എഎല്‍
പ്രതിരോധ വ്യോമയാന രംഗത്തെ കുത്തക ഓഹരിയായ എച്ച്എഎല്‍ 2024 ലെ ആദ്യ ആറ് മാസങ്ങളില്‍ റെക്കോഡ് കുതിപ്പാണ് നടത്തിയത്.
പിന്നീട് വിലയില്‍ തിരുത്തല്‍ ദൃശ്യമായി. 2024 അവസാനിക്കുമ്പോള്‍ 68% വാര്‍ഷിക വളര്‍ച്ചയുമായി 4700 ന് അടുത്താണ് ഓഹരി മൂല്യം. 25% വളര്‍ച്ചാ സാധ്യതയാണ് എച്ച്എഎലിന് 2025 ല്‍ കാണുന്നത്. 4475, 4230, 3977 ലെവലുകളില്‍ ഓഹരിക്ക് സപ്പോര്‍ട്ടുണ്ട്. 4970 ലും 5400 ലുമാണ് റെസിസ്റ്റന്‍സ്. 5875 ആണ് എച്ച്എഎലിന്റെ ടാര്‍ഗറ്റ്.
അപ്പോളോ ഹോസ്പിറ്റല്‍സ്
20% മുന്നേറ്റം അപ്പോളോ ഹോസ്പിറ്റല്‍സില്‍ ഉണ്ടാവുമെന്ന് അനുമാനിക്കപ്പെടുന്നു. നിലവില്‍ 7210 ലാണ് ഓഹരിമൂല്യം നില്‍ക്കുന്നത്. 6990 ല്‍ മികച്ച സപ്പോര്‍ട്ടും 7400, 7700 മൂല്യങ്ങളില്‍ റെസിസ്റ്റന്‍സും ഓഹരിക്കുണ്ട്. 8650 ആണ് ടാര്‍ഗറ്റ്.
ബജാജ് ഫിനാന്‍സ്
കഴിഞ്ഞ നാല് വര്‍ഷമായി 5300-7800 ലെവലില്‍ വിശാലമായി കണ്‍സോളിഡേറ്റ് ചെയ്തുവരികയാണ് ബജാജ് ഫിനാന്‍സ്. 2025 ല്‍ 21% വളര്‍ച്ച ഓഹരി വിലയില്‍ ഉണ്ടാകുമെന്ന് അനുമാനിക്കപ്പെടുന്നു. 6450, 5500 ലെവലില്‍ സപ്പോര്‍ട്ടും 7700, 8100 ലെവലില്‍ റെസിസ്റ്റന്‍സും ഓഹരിക്കുണ്ട്. 8750 ആണ് 2025 ലെ ടാര്‍ഗറ്റ് വില.
അവന്യൂ സൂപ്പര്‍മാര്‍ട്ട് (ഡിമാര്‍ട്ട്)
ഓവര്‍സോള്‍ഡ് ലെവലിലാണെങ്കിലും 2025 ല്‍ ഡിമാര്‍ട്ട് 21% വളരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിലവില്‍ 3635 ലാണ് ഓഹരിവില. 3580, 3550, 3475 എന്നിങ്ങനെയാണ് സപ്പോര്‍ട്ട്. 3700, 3980, 4050 ലെവലുകളില്‍ റെസിസ്റ്റന്‍സ് അനുഭവപ്പെടാം. 4400 വരെ ഓഹരി വില മുന്നേറിയേക്കാം.

