ജോലിയില്‍ വെല്ലുവിളികളൊന്നുമില്ല! ലണ്ടനിലെ ക്രെഡിറ്റ് അഗ്രിക്കോള്‍ ബാങ്കിലെ ആറക്ക ശമ്പളമുള്ള ജോലി രാജിവെക്കാന്‍ നിശ്ച ഷായ്ക്ക് മുന്നിലുണ്ടായിരുന്ന കാരണം ഇതായിരുന്നു. 256000 ഡോളര്‍ ശമ്പളമുള്ള (ഏകദേശം 2 കോടി രൂപ) അസോസിയേറ്റ് ഡയറക്റ്റര്‍ പോസ്റ്റാണ് നിശ്ച രാജിവെച്ചത്. കരിയറിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനം സാമൂഹ്യ മാധ്യമമായ യൂട്യൂബിലൂടെയായിരുന്നു.
ഒരു പേഴ്സണല്‍ ഫിനാന്‍സ് യൂട്യൂബറായി നിശ്ച തന്റെ പുതിയ കര്‍മപഥം തെരഞ്ഞെടുത്തു. മുഴുവന്‍ സമയ കണ്ടന്റ് ക്രിയേറ്ററായി ഇന്ന് ഒരു ദശലക്ഷം ഡോളര്‍ (എട്ട് കോടി രൂപ) നിശ്ച സമ്പാദിക്കുന്നു.
9 വര്‍ഷത്തോളം കോര്‍പ്പറേറ്റ് ജോലി ചെയ്തപ്പോഴാണ് ഇത് തന്നെ തൃപ്തയാക്കുന്നില്ലെന്നും തനിക്ക് വെല്ലുവിളിയാവുന്നില്ലെന്നും ബൗദ്ധികമായി ഒട്ടും ഉണര്‍വേകുന്നില്ലെന്നും തോന്നിത്തുടങ്ങിയതെന്ന് നിശ്ച പറയുന്നു. മറ്റ് ആളുകളെ സഹായിക്കുകയും അതിന് പണം ലഭിക്കുകയും ചെയ്യുന്ന ജോലിയാണ് തനിക്ക് വേണ്ടിയിരുന്നത്. ബാങ്കിംഗ് ജോലിയില്‍ കോര്‍പ്പറേഷനുകളെയും സര്‍ക്കാരുകളെയും മാത്രം സേവിക്കുകയാണ് താന്‍ ചെയ്തിരുന്നതെന്നും നിശ്ച പറയുന്നു.
2021 ല്‍ നിശ്ച, പേഴ്സണല്‍ ഫിനാന്‍സ് സംബന്ധിയായി വീഡിയോകള്‍ ചെയ്യാനാരംഭിച്ചു. ജോലിയില്‍ നിന്ന് ലഭിച്ച വരുമാനമാണ് കണ്ടന്റ് ക്രിയേഷന്റെ തുടക്കകാലത്ത് നിശ്ചക്ക് തുണയായത്. തുടക്കം മോശമാകാഞ്ഞതോടെ 2022 ജനുവരിയില്‍ ജോലി വിട്ടു. രണ്ടു മാസത്തിനപ്പുറം കാത്തിരുന്ന ആറക്ക ബോണസ് അവളെ പ്രലോഭിപ്പിച്ചില്ല.
ഇന്ന് ദശലക്ഷത്തിനു മുകളില്‍ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലിലൂടെ തന്റെ മുന്‍ ശമ്പളത്തിന്റെ നാലിരട്ടി അവള്‍ സമ്പാദിക്കുന്നുണ്ട്. ഒപ്പം വിലമതിക്കാനാകാത്ത മാനസിക സംതൃപ്തിയും.
2022 ജൂണ്‍ മുതല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ എന്ന രിതിയിലുള്ള തന്റെ ദൈനംദിന ജീവിതത്തെ സംബന്ധിച്ചുള്ള രണ്ട് വീഡിയോകള്‍ വീതം എല്ലാ ആഴ്ചയിലും നിശ്ച പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. വളര്‍ച്ച പതിയെയായിരുന്നു. 11 മാസങ്ങള്‍ കൊണ്ട് 1000 സബ്സ്‌ക്രൈബേഴ്സ് മാത്രം. അതിനു ശേഷം വെറും 2 മാസം കൊണ്ട് ഒരു ലക്ഷത്തിലേക്ക്.
യൂട്യൂബ് വീഡിയോകള്‍ മോണറ്റൈസ് ചെയ്തും കോര്‍പ്പറേറ്റ് ടോക്കുകളില്‍ പങ്കെടുത്തും ബ്രാന്‍ഡുകളുമായി സഹകരിച്ചുമാണ് പ്രതിവര്‍ഷം 8 കോടി രൂപ വരുമാനം നിശ്ച കണ്ടെത്തുന്നത്. ചെറുപ്പക്കാരും സ്ത്രീകളുമാണ് ചാനലിന്റെ ആരാധകര്‍.
ഒരു ബാക്കപ്പ് വരുമാനത്തെ നിശ്ച പിന്തുണയ്ക്കുന്നു. ഒപ്പം പ്രധാനമായി പകല്‍നേരത്തെ ഒരു ജോലിയും. ഈ ജോലിയിലൂടെ സുസ്ഥിര വരുമാനം കണ്ടെത്താനാകും. ഇതിലൂടെ സൈഡ് വരുമാനവും കൊണ്ടുപോകാനാവും. ഇത്തരത്തിലുള്ള പാര്‍ശ്വ വരുമാനമോ ബിസിനസോ സാമ്പത്തിക സുസ്ഥിരതയെ സഹായിക്കുമെന്നും നിശ്ച ചൂണ്ടിക്കാട്ടുന്നു.

