കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അഞ്ച് ശതമാനം ലോവര്‍ സര്‍ക്യൂട്ടിലെത്തി. ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.
2024-25 സാമ്പത്തിക വര്‍ഷത്തെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ലാഭം 189 കോടി രൂപയാണ്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 182 കോടി രൂപയെ അപേക്ഷിച്ച് നാല് ശതമാനം മാത്രമാണ് വര്‍ധന.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ മൊത്ത വരുമാനം ഇക്കാലയളവില്‍ 1,244.33 കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷം സമാനപാദത്തിലിത് 1,100 കോടി രൂപയും ജൂണ്‍ പാദത്തില്‍ 855.48 കോടി രൂപയുമായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനവും പാദാടിസ്ഥാനത്തില്‍ 45 ശതമാനവുമാണ് വളര്‍ച്ച. കഴിഞ്ഞ പാദത്തിലെ സംയോജിത വരുമാനത്തില്‍ 860.05 കോടി രൂപ കപ്പല്‍ നിര്‍മാണത്തില്‍ നിന്നുള്ളത്. സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ കടബാധ്യത 487 കോടി രൂപയാണ്.
ഈ അവസ്ഥ മറികടക്കുന്നതിനായി കടപ്പത്രങ്ങളിറക്കി 420 കോടി രൂപ സമാഹരിക്കും .2024-25 സാമ്പത്തിക വര്‍ഷത്തേക്ക് അഞ്ച് രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് നാല് രൂപ വീതം ഇടക്കാല ലാഭവിഹിതത്തിനും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. നവംബര്‍ 20 ആണ് റെക്കോഡ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ ആറിനോ അതിനു മുമ്പോ ആയി ഇടക്കാല ഡിവിഡന്റ് ഓഹരിയുടമകള്‍ക്ക് നല്‍കും

