കൊട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഉദയ് കൊട്ടക് സ്ഥാനമൊഴിഞ്ഞു. ബാങ്കിലെ പിന്തുടര്ച്ച പദ്ധതി സുഗമമാക്കുന്നതിന് താന്‍ സ്ഥാനമൊഴിയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൊട്ടക് ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം തുടരും.
ഒരു ഇടക്കാല ക്രമീകരണമെന്ന നിലയില്‍, ആര്‍ബിഐയുടെയും ബാങ്ക് അംഗങ്ങളുടെയും അംഗീകാരത്തിന് വിധേയമായി, ഡിസംബര്‍ 31 വരെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ദീപക് ഗുപ്ത എംഡിയുടെയും സിഇഒയുടെയും ചുമതലകള്‍ നിര്‍വഹിക്കും. തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ ബാങ്ക് സ്വീകരിച്ചിട്ടുണ്ടെന്നും ആര്‍ബിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകന്റെ വിവാഹമുള്‍പ്പെടെയുള്ള കുടുംബ ഉത്തരവാദിത്തങ്ങള്‍ മുന്നില്‍ നില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഉയദ് കൊട്ടാക്കിന്റെ രാജി. ഈ സാഹചര്യം പരിഗണിച്ച് ബാറ്റണ്‍ കൈമാറുന്നതാണ് ഉചിതമെന്ന് താന്‍ കരുതുന്നതായി ഡയറക്ടര്‍ ബോര്‍ഡിന് അയച്ച കത്തില്‍ ഉദയ് കൊട്ടക് പറഞ്ഞു. 38 വര്‍ഷം മുമ്പാണ് ഉദയ് കൊട്ടക്, കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപിച്ചത്.

