ഭവനവായ്പകളില്‍ ഉള്‍പ്പെടെ, ഈടായി വെച്ച വസ്തുക്കളുടെ രേഖകള്‍, വായ്പാ തിരിച്ചടവ് പൂര്‍ത്തിയായി 30 ദിവസത്തിനകം, ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ തിരിച്ച് നല്‍കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശം. വീഴ്ച വരുത്തിയാല്‍ ബാങ്കുകള്‍ ഉപഭോക്താവിന് പ്രതിദിനം 5,000 രൂപ നഷ്ടപരിഹാരം നല്‍കണം. വായ്പ തിരിച്ചടച്ച് 30 ദിവസത്തിനുള്ളില്‍ തന്നെ വീടിന്റെ ആധാരമുള്‍പ്പടെയുള്ള രേഖകള്‍ ബാങ്ക് തിരിച്ച് നല്‍കിയിരിക്കണം.
ഭവനവായ്പ, വാഹന വായ്പ, സ്വര്‍ണ്ണവായ്പ തുടങ്ങി ഈട് നല്‍കുന്ന ഏത് തരം വ്യക്തിഗത വായ്പകള്‍ക്കും ഇത് ബാധകമാണ്. 2023 സെപ്റ്റംബര്‍ 13ന് പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്.
വായ്പകള്‍ക്കായി ഈട് വെക്കുന്ന വസ്തുക്കളുടെ രേഖകള്‍ തിരിച്ചു നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നത് സംബധിച്ച പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ നടപടി.
വായ്പാ അക്കൗണ്ട് പൂര്‍ണ്ണമായി ക്ലോസ് ചെയ്താല്‍, സ്ഥാവര ജംഗമ സ്വത്തുക്കളെ സംബന്ധിച്ച എല്ലാ ഒറിജിനല്‍ പേപ്പറുകള്‍ ബാങ്ക് തിരിച്ചുനല്‍കണം. കൂടാതെ ഏതെങ്കിലും രജിസ്ട്രിയില്‍ ചാര്‍ജ്ജുകള്‍ ചുമത്തിയിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യുകയും വേണം. ഇത് 30 ദിവസത്തിനകം ചെയ്യണം.
കടം വാങ്ങുന്നയാള്‍ക്ക് ഡോക്യുമെന്റുകള്‍ സ്വീകരിക്കുന്നതിന് ബ്രാഞ്ച് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ട്.
ഉപഭോക്താക്കള്‍ മരണപ്പെട്ടാല്‍ സ്ഥാവര ജംഗമ രേഖകള്‍ നിയമപരമായ അവകാശികള്‍ക്ക് തിരികെ നല്‍കുന്നതിന്, ബാങ്കുകള്‍ക്ക് ശരിയായ സംവിധാനം ഉണ്ടായിരിക്കണം. ബാങ്കുകളുടെ സൈറ്റില്‍ ഇത് പ്രസിദ്ധീകരിക്കുകയും വേണം.
30 ദിവസത്തിനുള്ളില്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ , ഉപഭോക്താവിന് വിശദീകരണം നല്‍കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണ്. ബാങ്കുകളാണ് അതിന് ഉത്തരവാദി എങ്കില്‍, ഉപഭോക്താവിന് ദിവസം 5,000 രൂപ നഷ്ടപരിഹാരവും നല്‍കണം.
ബാങ്കുകളുടെ കൈയ്യില്‍ നിന്ന് ഉപഭോക്താവിന്റെ രേഖകള്‍ നഷ്ടപ്പെട്ടാല്‍ രേഖകളുടെ ഡ്യൂപ്‌ളിക്കേറ്റ് പകര്‍പ്പുകള്‍ കിട്ടാന്‍ വേണ്ട സഹായവും ബാങ്കുകള്‍ നല്‍കണം, അതിനുള്ള ചെലവുമെടുക്കണം. ഇത് പൂര്‍ത്തിയാക്കുകന്നതിന് ബാങ്കുകള്‍ക്ക് 30 ദിവസമാണ് ലഭിക്കുക.

