ഇടുക്കിയിലെ കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്. രാജ്യത്തെ അഞ്ച് ടൂറിസം വില്ലേജുകള്‍ക്കാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലെ കിരിതേശ്വരി ഗ്രാമത്തിനും മിസോറാമിലെ റെയക് ഗ്രാമത്തിനും ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചു. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ന്യൂഡെല്‍ഹിയില്‍ ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂര്‍. ടൂറിസം വളര്‍ച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ്. ഉത്തരവാദിത്ത ടൂറിസം മിഷന്, കാന്തല്ലൂര്‍ പഞ്ചായത്തുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ഗ്രീന്‍ സര്‍ക്യൂട്ട് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹാര്‍ദ ടൂറിസം ഇവിടെ നടപ്പാക്കി. കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

