2024 ലെ അക്കാദമി പുരസ്‌കാരങ്ങളിലേക്ക്, ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന സിനിമ തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ആന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2018 ല്‍ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കിയ സിനിമ, വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ.പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, അപര്‍ണ്ണ ബാലമുരളി, അജു വര്‍ഗ്ഗീസ്, വിനീത് ശ്രീനിവാസന്‍, ലാല്‍ തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. നൂറ് കോടി ക്‌ളബിലും ഇടം നേടാനായി ചിത്രത്തിന്.
കാലാവസ്ഥാ വ്യതിയാനവും ജനങ്ങളുടെ ദുരിതവും വികസനത്തെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടും പ്രമേയമാക്കിയതാണ് സിനിമ തെരഞ്ഞെടുക്കപ്പെടാന്‍ കാരണമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളി പറഞ്ഞു. 20 ലേറെ സിനിമകളുമായാണ് 2018 മത്സരിച്ചത്.
16 അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്. മികച്ച വിദേശ സിനിമകളുടെ നോമിനേഷന്‍ പട്ടികയിലാണ് ചിത്രം മല്‍സരിക്കുക. മോഹന്‍ലാല്‍ നായകനായ ‘ഗുരു’ എന്ന സിനിമയാണ് ഓസകര്‍ എന്‍ട്രി ലഭിച്ച ആദ്യ മലയാള ചിത്രം.

