റേ-ബാനുമായി സഹകരിച്ച് സൃഷ്ടിച്ച പുതിയ സ്മാര്‍ട്ട് ഗ്ലാസുകള്‍ പുറത്തിറക്കി മെറ്റ. സംഗീതം കേള്‍ക്കാനും ചെയ്യാനും ഫോട്ടോകളെടുക്കാനും വീഡിയോകള്‍ റെക്കോര്‍ഡുചെയ്യാനും മാത്രമല്ല, ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ലൈവ് സ്ട്രീം ചെയ്യാനും സഹായിക്കുന്ന ഓള്‍റൗണ്ടറാണ് ഈ സ്മാര്‍ട്ട് ഗ്ലാസുകള്‍. വീഡിയോ റെക്കോര്‍ഡിംഗ് സമയത്ത്, ലെന്‍സിന് ചുറ്റുമുള്ള വെളുത്ത ലൈറ്റ് റെക്കോര്‍ഡിംഗിന്റെ സൂചന നല്‍കും.
സംഭവങ്ങള്‍ നേരിട്ടു കാണുന്ന വ്യക്തികളുടെ കാഴ്ചപ്പാടില്‍ കണ്ണടകളില്‍ നിന്ന് നേരിട്ട് ഇന്‍സ്റ്റഗ്രാമിലേക്കും ഫേസ്ബുക്കിലേക്കും വീഡിയോ ലൈവായി സ്ട്രീം ചെയ്യാനാവുമെന്ന കഴിവ് ഈ സ്മാര്‍ട്ട് ഗ്ലാസുകളെ അദ്വിതീയമാക്കുന്നു. വീഡിയോകള്‍ക്ക് ലഭിക്കുന്ന കമന്റുകളും ഗ്ലാസുപയോഗിച്ച് വായിക്കാന്‍ സാധിക്കും. ഓഡിയോ മെസേജുകളാണെങ്കില്‍ അവ കേള്‍ക്കുകയും ചെയ്യാമെന്ന് മെറ്റ വ്യക്തമാക്കുന്നു.
മെറ്റയുടെ സ്മാര്‍ട്ട് ഗ്ലാസുകളിലും മെറ്റാ എഐ സജ്ജീകരിച്ചിരിക്കും, ‘ഹേ മെറ്റാ’ എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് വെര്‍ച്വല്‍ അസിസ്റ്റന്റിനോട് സംസാരിക്കാം. മെറ്റാ എഐ സവിശേഷതകള്‍, ലോഞ്ച് സമയത്ത് ബീറ്റ പതിപ്പില്‍ യുഎസില്‍ മാത്രമേ ലഭ്യമാകൂ.
മുന്‍കൂര്‍ ഓര്‍ഡറിനായി ഈ ഗ്ലാസുകള്‍ തയ്യാറായിക്കഴിഞ്ഞു, ഒക്ടോബര്‍ 17-ന് വില്‍പ്പനയ്‌ക്കെത്തും. സ്മാര്‍ട്ട് ഗ്ലാസുകളുടെ വില 299 ഡോളര്‍ മുതല്‍ ആരംഭിക്കുന്നു.

